ഇന്ത്യ ഭയക്കുന്ന ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ആരാണെന്നു ചോദിച്ചാല്‍ രണ്ടാമതൊന്നു ആലോചിക്കാതെ ‘ട്രാവിസ് ഹെഡ്’ എന്നാകും ക്രിക്കറ്റ് ആരാധകരുടെ മറുപടി. എന്നാല്‍ ഈ ഹെഡ് ഭയക്കുന്ന ഇന്ത്യന്‍ ബൗളര്‍ ആരായിരിക്കും? സംശയം വേണ്ട, മുഹമ്മദ് സിറാജ് തന്നെ !
സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ ട്രാവിസ് ഹെഡിനെ കൂടാരം കയറ്റി ഒരിക്കല്‍ കൂടി സിറാജ് തന്റെ ആധിപത്യം ഊട്ടിയുറപ്പിച്ചു. തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് ബാറ്റിങ്ങില്‍ താളം കണ്ടെത്തി വരികയായിരുന്നു ഹെഡ്. ഈ സമയത്താണ് സിറാജ് വില്ലനായി അവതരിച്ചത്. 25 പന്തില്‍ ആറ് ഫോര്‍ സഹിതം 29 റണ്‍സ് നേടിയ ഹെഡിനെ മുഹമ്മദ് സിറാജ് ലെങ്ത് ബോളിലൂടെ പുറത്താക്കി. പ്രസിദ്ധ് കൃഷ്ണയ്ക്കു ക്യാച്ച് നല്‍കിയാണ് ഹെഡിന്റെ മടക്കം. ഹെഡ് അപകടകാരിയായി മാറിയേക്കാം എന്ന് തോന്നിച്ച സമയത്താണ് സിറാജിന്റെ വരവ്.
രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി 19 ഇന്നിങ്‌സുകളില്‍ എട്ട് തവണയാണ് സിറാജ് ഹെഡിനെ പുറത്താക്കിയിരിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ ഹെഡിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍ എന്ന റെക്കോര്‍ഡും സിറാജിനാണ്. അതേസമയം ട്രാവിസ് ഹെഡ് സിറാജിനെതിരെ ഏകദിനത്തില്‍ 81 പന്തുകളില്‍ 111 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 181 പന്തുകളില്‍ നിന്ന് 168 റണ്‍സും ട്വന്റി 20 യില്‍ 12 പന്തുകളില്‍ നിന്ന് 19 റണ്‍സുമാണ് ഹെഡ് സിറാജിനെതിരെ സ്‌കോര്‍ ചെയ്തിരിക്കുന്നത്.
സിഡ്‌നി ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുകയാണ്. 15.1 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സാണ് ആതിഥേയര്‍ നേടിയിരിക്കുന്നത്.
















