ഡൽഹി: ഗാസയുടെ പുനർ നിർമാണത്തിൽ ഇന്ത്യയ്ക്ക് പങ്കുവഹിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ ഇസ്രായേൽ അബാസിഡർ റൂവൻ അസർ. മേഖലയിലെ ജനങ്ങൾക്ക് സമാധാനവും സുസ്ഥിര ഭാവിയും നൽകുന്നതിൽ ഇന്ത്യയ്ക്ക് നൽകാൻ കഴിയുന്ന സംഭാവനയെക്കുറിച്ചും റൂവൻ അസർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഡൊണാൾഡ് ട്രംപ് മുന്നോട്ടു വെച്ച ഗാസ സമാധാന പദ്ധതിയിൽ ഇന്ത്യയുടെ നിലപാടിനെ ഇസ്രായേൽ സ്വാഗതം ചെയ്തു. സമാധാനം, തീവ്രവാദത്തിനെതിരെയുള്ള നിലപാട്, വികസനം എന്നിവ ഇന്ത്യയുടെ നിലപാടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റൂവൻ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്ത്യയുടെ മികവ് പ്രദേശത്തിന്റെ പുനർനിർമാണത്തിനുപയോഗിക്കാമെന്നും റൂവൻ പറയുന്നു.
ഹമാസ് ഇസ്രായേൽ പ്രശ്നം പരിഹരിക്കുന്നതിന് 20 ഇന പദ്ധതിയുമായി തിങ്കളാഴ്ച ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. വെടിനിർത്തലിനു ശേഷം 72 മണിക്കൂറിനുള്ളിൽ ഹമാസ് പിടിച്ചുവെച്ച ബന്ദികളെ ഇസ്രായേലിനു കൈമാറണം. പലസ്തീന്റെ ഭരണത്തിൽ ഹമാസിന്റെ ഒരു ഇടപെടലും പാടില്ല. തുടങ്ങിയവയായിരുന്നു യുഎസ് മുന്നോട്ടു വെച്ച സമാധാന പദ്ധതിയിൽ ഉൾപ്പെട്ട പ്രധാന വ്യവസ്ഥകൾ. യുഎസ് പ്രസിഡന്റ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള വൈറ്റ് ഹൗസിലെ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് പദ്ധതിയുടെ വിവരങ്ങൾ പുറത്തുവന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച്ച ട്രംപിന്റെ സമാധാന പദ്ധതിയെ സ്വാഗതം ചെയ്തു. ഈ നടപടി പ്രദേശത്തിന്റെ സുസ്ഥിരതയ്ക്ക് സഹായിക്കുമെന്നും മോദി പറഞ്ഞു. "ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയെക്കുറിച്ചുള്ള പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിന്റെ പ്രഖ്യാപനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പലസ്തീൻ, ഇസ്രായേൽ ജനതയ്ക്കും പശ്ചിമേഷ്യൻ പ്രദേശങ്ങൾക്കും ദീർഘകാലവും സുസ്ഥിരവുമായ സമാധാനം, സുരക്ഷ, വികസനം എന്നിവയിലേക്കുള്ള ഒരു പ്രായോഗിക പാതയാണിത്." - മോദി പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ ഈ സമാധാന പദ്ധതിക്ക് വലിയ പിന്തുണ ലഭിക്കുന്നതായാണ് ഇസ്രായേൽ അംബാസിഡർ പറയുന്നത്. ചരിത്രപരമായ പദ്ധതിയാണിതെന്നും റൂവൻ കൂട്ടിച്ചേർത്തു. ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു റൂവൻ അസർ.
















