കൊച്ചി: ആർ.എസ്.എസിന്റെ സജീവ പ്രവർത്തനത്തിലേക്ക് എത്തിയിരിക്കുകയാണ് മുൻ ഡിജിപി ജേക്കബ് തോമസും. എറണാകുളം പള്ളിക്കരയിൽ വിജയദശമി ആഘോഷത്തിൽ പങ്കെടുക്കാനാണ് ഡിജിപി ആർ.എസ്.എസിൽ എത്തിയിരിക്കുന്നത്. മുൻ ഡിജിപിമാരായിരുന്ന ടി.പി. സെൻകുമാർ, ആർ ശ്രീലേഖ, തുടങ്ങിയവർക്ക് പിന്നാലെയാണ് ജേക്കബ് തോമസും ആർ.എസ്.എസിലെത്തുന്നത്.
വിജയദശമി ദിനത്തിൽ നടക്കുന്ന പഥസഞ്ചലനത്തിലാണ് ആർ.എസ്.എസിന്റെ യൂണിഫോമായ ഗണവേഷത്തിൽ മുൻ ഡിജിപി പ്രത്യക്ഷപ്പെട്ടത്. വെള്ള ഷർട്ടും ബ്രൗൺ പാന്റുമടങ്ങുന്നതാണ് ഗണവേഷം. നേരത്തേ എൻഡിഎ സ്ഥാനാർത്ഥിയായി ജേക്കബ് തോമസ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. സന്നദ്ധപ്രവർത്തകർക്ക് പറ്റിയ ഇടം ആർ.എസ്.എസ് ആണെന്നും നേരത്തേ ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു.
2021 ലെ തെരഞ്ഞെടുപ്പിലായിരുന്നു ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. പൊലീസിൽ നിന്ന് വിരമിച്ചശേഷം അദ്ദേഹം പല വിഷയങ്ങളിലും ആർ.എസ്.എസുമായി പരസ്യമായി സഹകരിച്ചിരുന്നു. മുൻ ഡിജിപി ആർ. ശ്രീലേഖ ഇപ്പോൾ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്.മുൻ ഡിജിപി സെൻകുമാറും ബിജെപിയോട് സഹകരിക്കുന്നുണ്ടെങ്കിലും പദവികളൊന്നും സ്വീകരിച്ചിട്ടില്ല.
അതേസമയം ആർ.എസ്.എസ് പ്രവർത്തനത്തിൽ നൂറുവർഷം പിന്നിടുകയാണ്. നാഗ്പൂരിലെ മോഹിതേവാഡിയിൽ പതിനേഴ് യുവാക്കൾ ഡോ. കേശവബലിറാം ഹെഡ്‌ഗേവാറിന്റെ നേതൃത്വത്തിൽ ആർഎസ്.എസ് രൂപീകരിച്ചത്. 1925 ലെ വിജയദശമി ദിവസമായിരുന്നു ആർ.എസ്.എസ് ആരംഭിച്ചത്.
















