റിയാദ്: അറബിക് എ.ഐ ചാറ്റ് ആപ്ലിക്കേഷനിൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും നൂതനമായ അറബിക് ഭാഷാ മോഡലായ ‘അല്ലം 34ബി’ സപ്പോർട്ട് നൽകുന്ന ഇന്ററാക്ടീവ് അറബിക് ചാറ്റ് ആപ്ലിക്കേഷനായ ‘ഹ്യൂമൻ ചാറ്റ്’ പുറത്തിറക്കിയാണ് സൗദി ചരിത്രനേട്ടം സ്വന്തമാക്കിയത്. വെബ്, ഐ.ഒ.എസ്, ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ ഹ്യൂമൻ ചാറ്റ് ആപ്പ് നിലവിൽ ലഭ്യമാണ്.
പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനമായ ഹ്യൂമൻ ആണ് ആപ്പ് ആരംഭിച്ചത്. അറബി സംസാരിക്കുന്നവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഹ്യൂമൻ ചാറ്റ് ആപ്ലിക്കേഷൻ, ഭാഷയുടെ സാംസ്കാരിക ആഴം, ഭാഷാപരമായ തുല്യത എന്നിവ ഉറപ്പാക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.
40 കോടിയിലേറെ അറബിക് സംസാരിക്കുന്നവരേയും 200 കോടി മുസ്‌ലിംകളെയും ലക്ഷ്യമിട്ടാണ് ഹ്യൂമൻ ചാറ്റ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ (എസ്.ഡി.എ.എ.എ) ദേശീയ അധികാരപരിധിയിലുള്ള നാഷനൽ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിച്ച മുൻ മോഡലുകളെ അടിസ്ഥാനമാക്കിയാണ് ഹ്യൂമന്റെ ‘അല്ലം 34ബി’ മോഡൽ നിർമ്മിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വിവരങ്ങൾക്കായുള്ള ബ്രൗസിംഗ്, ഒന്നിലധികം ഭാഷകളെ പിന്തുണയ്ക്കുന്ന അറബിക് വോയ്‌സ് ഇൻപുട്ട്, തുടങ്ങിയവ ആപ്പിന്റെ സവിശേഷതകളാണ്. രാജ്യത്തിനുള്ളിലെ മനുഷ്യന്റെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും ഉൾകൊണ്ട് പുറത്തിറക്കിയത് കൊണ്ട് തന്നെ സൗദി വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമവുമായി ആപ്പ് പൂർണ്ണമായും യോജിക്കുന്നുണ്ടെന്നു അധികൃതർ വ്യക്തമാക്കി.
പ്രധാനമായും അറബിയിലാണ് ആപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെങ്കിലും അറബിയിലും ഇംഗ്ലീഷിലും മികച്ച രീതിയിൽ ഇത് പ്രവർത്തിക്കുന്നു. ആപ്ലിക്കേഷന്റെ സമാരംഭം രാജ്യത്തിന് അഭിമാനമാണെന്നും സാങ്കേതിക പുരോഗതികളെ സാംസ്കാരിക ആധികാരികതയുമായി സംയോജിപ്പിക്കുന്ന പ്രാദേശിക എ.ഐ സാങ്കേതികവിദ്യകൾ നിർമ്മിക്കാനുള്ള ഒരു ചരിത്ര നേട്ടമാണിതെന്നും ഹ്യൂമൈന്‍ സി.ഇ.ഒ താരിഖ് അമിൻ അഭിപ്രായപ്പെട്ടു. 600 ലധികം വിദഗ്ധരുടെയും 250 ലധികം മൂല്യനിർണ്ണയക്കാരുടെയും ഇൻപുട്ട് ഉപയോഗിച്ചാണ് ഇത് പരിഷ്കരിക്കുകയും വികസിപ്പിക്കുകയും ചെയ്തത്.
















