Homepage Featured News World

മോദി ഇന്ന് ജപ്പാനിൽ: യുഎസ്സുമായുള്ള വ്യപാര കരാർ യാത്ര റദ്ദാക്കി ജപ്പാൻ പ്രതിനിധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനത്തിനായി ഇന്ന് ജപ്പാനിലെത്തും. പതിനഞ്ചാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ ക്ഷണപ്രകാരമാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തുന്നത്. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അവസരമായി ആണ് സന്ദർശനത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇത് പ്രാദേശികവും ആഗോളവുമായ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.

അതിനിടെ ജപ്പാൻ പ്രതിനിധി, നേരത്തെ യുഎസുമായി വ്യാപാരക്കരാറിലേർപ്പെടാൻ തീരുമാനിച്ചിരുന്ന യാത്ര റദ്ദാക്കി. ജപ്പാന്റെ വ്യാപാര പ്രതിനിധി റിയോസെയ് അകാസാവ മോദിയുടെ സന്ദർശനത്തിനു തൊട്ടുമുൻപാണ് യുഎസിലേക്കുള്ള യാത്ര റദ്ദാക്കിയത്. യുഎസുമായി ജപ്പാൻ നടത്തുന്ന 550 ബില്യൺ ഡോളറിന്റെ നിക്ഷേപ കരാറിന് ഔദ്യോഗിക സ്ഥിരീകരണം നൽകുന്നതിന് വേണ്ടിയാണ് പ്രതിനിധി യുഎസിലേക്ക് പോകാനിരുന്നത്.

അതേസമയം ജപ്പാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തിയത് യുഎസ് പിന്നീട് 15 ശതമാനമായി കുറച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജപ്പാൻ യുഎസിൽ 550 ബില്യണിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തത്. ഭരണതലത്തിൽ യുഎസുമായുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ ആവശ്യമുള്ളതിനാലാണ് പ്രതിനിധിയുടെ യാത്ര റദ്ദാക്കിയത് എന്ന് ജപ്പാൻ സർക്കാർ വക്താവ് പറഞ്ഞു. ഇതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് പിന്നാലെ ഓ​ഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ ചൈനയിലും സന്ദർശനം നടത്തും. ഏഴു വർഷത്തെ ഇടവേളക്കു ശേഷമാണ് മോദി ചൈന സന്ദർശിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും സെപ്റ്റംബർ ഒന്നിന് മോദി ചർച്ച നടത്തുന്നുണ്ട്.

Related Posts