വാഷിങ്‌ടൺ ഡിസി: ഇന്ത്യ-പാക് സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ മധ്യസ്ഥത വാദത്തെ ഇന്ത്യ എതിർത്തതാണ് വ്യാപാര സംഘർഷത്തിലേക്ക് നയിച്ചതെന്ന് യു.എസ് ധനകാര്യ കമ്പനി. സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചത് താനാണെന്നും ഇന്ത്യയുമായും പാക് പ്രസിഡന്റുമായും ഫോണിൽ സംസാരിച്ച് സംഘർഷം നിയന്ത്രിച്ചെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി സംസാരിച്ചെന്നും സംഘർഷം നിയന്ത്രിച്ചത് കൊണ്ട് നോബൽ സമ്മാനത്തിന് നിർദേശിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഈ അവശ്യം ഇന്ത്യ നിരാകരിച്ചതാണ് ഇന്ത്യയുമായുള്ള വ്യാപാര സംഘർഷത്തിലേക്ക് വഴിവച്ചതെന്നും വ്യാപാര സ്ഥാപനമായ ജെഫറീസ് റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കൻ വ്യാപാര പങ്കാളികളിൽ ഏറ്റവും ഉയർന്ന നിരക്കായ 50% തിരുവയാണ് ഇന്ത്യയ്ക്ക് മേൽ അമേരിക്ക ചുമത്തിയത്. ഇതിന് പിന്നിൽ ട്രംപിന്റെ നോബൽ സമ്മാന മോഹം തകർന്നതിന്റെ കോപമാണെന്നും ജെഫറീസ് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷം പരിഹരിക്കാൻ അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് മുന്നിട്ടിറങ്ങുന്നത് രാഷ്ട്രീയപരമായും അധികാരപരമായും നേട്ടമാകുമെന്നാണ് ട്രംപ് കരുതിയത്. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിൽ കൈകടത്താൻ മറ്റ് രാജ്യങ്ങൾക്ക് അധികാരമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതോടെ ട്രംപിന്റെ ഈ നീക്കം വിഫലമായി.
ഇന്ത്യ-പാക് സംഘർഷങ്ങളുടെ മർമം കാശ്മീരാണ്, അതിനാൽ തന്നെ കാശ്മീർ പ്രശ്നത്തിൽ ഇന്ത്യ-പാക് നയന്ത്രതല ചർച്ചയ്ക്ക് മൂന്നാം കക്ഷിയായി നിൽക്കാനായിരുന്നു ട്രംപിന്റെ ശ്രമം. ട്രംപിന്റെ ഈ നീക്കത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എതിർത്തതും മൂന്നാം കക്ഷിക്ക് വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് അറിയിച്ചതും അമേരിക്കൻ ഇടപെടലിന് തിരിച്ചടിയായി.
ജെഫറീസിന്റെ വെളിപ്പെടുത്തലിൽ ഈക്കാര്യങ്ങളും പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇന്ത്യയും -പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ആണവയുദ്ധത്തിലേക്ക് വഴിതുറക്കുന്ന ഘട്ടത്തിലാണ് താൻ ഇടപെടാൻ ശ്രമിച്ചതെന്നാണ് ട്രംപ് അവകാശ വാദം ഉന്നയിച്ചത്. ആദ്യം പ്രധാനമന്ത്രി മോദി, ട്രംപിന്റെ പ്രതികരണത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിലും പിന്നീട് അദ്ദേഹം അമേരിക്ക ഇടപെട്ടിട്ടില്ലെന്ന് പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തു.
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ വിജയമായിരുന്നെന്നും തീവ്രവാദത്തിനുള്ള രാജ്യത്തിന്റെ മറുപടിയാണെന്നും മോദി വെളിപ്പെടുത്തി. ഇന്ത്യയിലെ കാർഷിക മേഖലയിലേക്ക് കടന്നുകയറ്റം നടത്താൻ അമേരിക്ക നടത്തിയ നീക്കത്തെ ഇന്ത്യ എതിർത്തതും ട്രംപിനെ പ്രകോപിപ്പിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ചൈനീസ് ആധിപത്യത്തെ തകർക്കാൻ ശക്തനായ സഖ്യകക്ഷിയായിരുന്നു അമേരിക്കയ്ക്ക് എല്ലാക്കാലത്തും ഇന്ത്യ. ട്രംപിന്റെ പിടിവാശിയിലൂടെ സാമ്പത്തിക രംഗത്തിൽ മാത്രമല്ല വ്യാവസായിക രംഗത്തും കയറ്റുമതിയിലും, തിരിച്ചടികൾ നേരിട്ടതായിട്ടാണ് വിമർശനം.
















