Homepage Featured Kerala News

കനത്തമഴ; ജാ​ഗ്രതാ നിർദ്ദേശം ആറു ജില്ലകളിൽ; ഓണക്കച്ചവടം മഴയെടുക്കുമോ?

കൊച്ചി: വീണ്ടും ന്യൂനമർദ്ദം എത്തിയതോടുകൂടി ആശങ്കയിൽ ആയിരിക്കുന്നത് കേരളത്തിലെ ഓണക്കാല വിപണിയാണ്. മെയ് പകുതിയോടുകൂടി തുടങ്ങിയ മഴ, കാലവർഷമായും ഇടവേളകളിലൂടെ ന്യൂനമർദ്ദവുമൊക്കെയുമായി സജീവമായി മാസങ്ങൾ തുടർന്നു. മഴയുടെ തണുപ്പിൽ നിന്ന് ഓണക്കാലത്തിന്റെ ഉത്സവാന്തരീക്ഷത്തിലേക്ക് വിപണി മെല്ലെ ചുവടുവെക്കുമ്പോഴാണ് വീണ്ടും മഴയെത്തുന്നത്. അത്തം നല്ല വെയിലിൽ ആഘോഷിച്ചു എങ്കിലും പിറ്റേന്ന് മുതൽ മഴ സജീവമായി. ഇത് കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

വിപണിയുടെ ആവേശം മഴയിൽ മുങ്ങുമോ എന്ന ആശങ്ക എല്ലാവരിലുമുണ്ട്, പ്രത്യേകിച്ച് വഴിയോരക്കച്ചവടക്കാർക്ക്. എന്തായാലും ശക്തമായ മഴ ഈ ദിവസങ്ങളിൽ ഉണ്ടാകുമെന്ന് തന്നെയാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യത തുടരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ ജില്ലകളിലാണ് കൂടുതൽ ജാഗ്രത ആവശ്യമായ സാഹചര്യമെന്ന് അധികൃതർ വ്യക്തമാക്കി. ശക്തമായ മഴയോടൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടാനിടയുള്ളതിനാൽ, പൊതുജനങ്ങളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പുലർത്തണമെന്ന നിർദേശം നൽകിയട്ടുണ്ട്.


തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡപ്രകാരം, 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്ററിൽ നിന്ന് 115.5 മില്ലിമീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒട്ടേറെ പ്രദേശങ്ങളിൽ വെള്ളക്കെട്ടും ചെറുകിട മണ്ണിടിച്ചിലും സംഭവിച്ചതോടെ, മുന്നറിയിപ്പ് ഗൗരവമായി കാണണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം. വടക്കൻ കേരളം കൂടുതൽ മഴ ലഭിക്കാനിടയുള്ള പ്രദേശമാണെന്ന് പ്രവചനം സൂചിപ്പിക്കുന്നു. ഇതോടെ നദീതടങ്ങളിലും മലപ്രദേശങ്ങളിലും ജലനിരപ്പ് ഉയരാനുള്ള സാധ്യത ഒഴിവാക്കാനാകില്ലെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വീശുന്ന കാറ്റിനും സാധ്യതയുണ്ട്.കേരള – കർണാടക തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള – കർണാടക തീരങ്ങളിൽ ഇന്ന് കടലിൽ പോകുന്നത് അപകടകരമാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലിൽ ഉയർന്ന തിരമാലകളും മോശം കാലാവസ്ഥയും നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ തീരത്തേക്ക് മടങ്ങിവരണമെന്ന നിർദേശം നൽകി. ലക്ഷദ്വീപ് തീരത്ത് മോശം കാലാവസ്ഥ 29-ാം തീയതി വരെയും തുടരുമെന്നാണു മുന്നറിയിപ്പ്.

കടലിൽ പോകുന്നവർക്ക് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനിടയുണ്ട്. ചില സമയങ്ങളിൽ ഇത് 60 കിലോമീറ്റർ വരെയും ഉയർന്നേക്കാം.
ശക്തമായ കാറ്റിനൊപ്പം തിരമാലകളുടെ ഉയരവും വർധിക്കാനിടയുള്ളതിനാൽ, കടൽപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒഴിഞ്ഞുമാറാനോ സുരക്ഷിത ഇടങ്ങളിലേക്ക് മാറാനോ തയ്യാറാകണം.

Related Posts