തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പദന കേസിൽ എഡിജിപി എം ആർ അജിത്ത് കുമാറിന് എതിരായ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ. ഹർജി അവധിക്കാലത്തിന് ശേഷം ഹൈക്കോടതി പരിഗണിക്കും. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമ്പോൾ മുൻകൂർ അനുമതി വാങ്ങണമെന്ന വ്യവസ്ഥ വിജിലൻസ് കോടതി ലംഘിച്ചതായി ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ബദറുദ്ദീൻ ഉത്തരവ് സ്റ്റേ ചെയ്തത്.
സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടികൾ എടുക്കുന്നതിനു മുൻപ് ഗവൺമെന്റ് തലത്തിൽ അനുമതി വാങ്ങി വേണം എന്നതാണ് ചട്ടം. ഇത് അനുസരിച്ചല്ല കോടതി നടപടിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഉയർന്ന ഉദ്യോഗസ്ഥനെതിരെ ആരാണ് അന്വേഷണം നടത്തിയത് എന്നും കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. എഡിജിപി എം ആര് അജിത് കുമാറിനെതിരെ അന്വേഷണം നടത്തിയത് വിജിലന്‍സ് ഡിവൈഎസ്പി എന്ന് ഹൈക്കോടതിയില്‍ സര്‍ക്കാർ മറുപടി നൽകി. ഈ അന്വേഷണത്തിന് എസ്പി മേൽനോട്ടം നൽകിയെന്നും സർക്കാർ കോടതിയിൽ വിശദീകരണം നൽകി.
സല്യൂട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥന് എങ്ങനെ എഡിജിപിയെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സിനോട് ഹൈക്കോടതി ചോദിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഹസനമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. എ ഡി ജി പിക്കെതിരായ കേസ് ജൂനിയര്‍ ഉദ്യോഗസ്ഥന് അന്വേഷിക്കുന്നത് സുതാര്യ നടപടിയല്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി . തുടര്‍ന്നാണ് എം ആര് അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ നടപടികള്‍ ഹൈക്കോടതി തടഞ്ഞത്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി.
ക്ലീന്‍ ചിറ്റ് റദ്ദാക്കിയ ഉത്തരവില്‍ വിജിലന്‍സ് കോടതി മുഖ്യമന്ത്രിക്കെതിരെ നടത്തിയ നിരീക്ഷണങ്ങള്‍ അനുചിതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എംആര്‍ അജിത് കുമാറിന്റെ ഹര്‍ജി ഹൈക്കോടതി സെപ്തംബര്‍ 12ന് വീണ്ടും പരിഗണിക്കും.
ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ് തനിക്കെതിരെയുള്ള കേസിന്റെ നടപടികൾ എന്നും യാതൊരു തെളിവും ഇതുവരെയും ഹാജരാക്കാൻ ആയിട്ടില്ലെന്നും എം ആർ അജിത് കുമാർ കോടതിയിൽ പറഞ്ഞിരുന്നു. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട പി വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളെ തുടർന്നായിരുന്നു നടപടികൾ.
ആരോപണങ്ങൾ അന്വേഷിച്ച വിജിലൻസ് എം ആർ അജിത് കുമാറിനെ ക്ലീൻചിറ്റ് നൽകിയിരുന്നു. ഇതാണ് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയത്. ഈ നടപടി ചോദ്യം ചെയ്തുകൊണ്ട് അജിത് കുമാർ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മേലുദ്യോഗസ്ഥനെതിരെ അതിനും താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥൻ നടത്തിയ അന്വേഷണം ശരിയായ നടപടി അല്ല എന്ന് കോടതി വിമർശിച്ചതോടൊപ്പം തന്നെയാണ് വിജിലൻസ് കോടതിയുടെ നടപടിയിലും ഹൈക്കോടതി വീഴ്ച കണ്ടെത്തിയത്. ഓണാവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഹൈക്കോടതി ഈ വിഷയത്തിൽ നൽകുന്ന നിർദ്ദേശം അജിത് കുമാറിന്റെ ഔദ്യോഗിക ജീവിതത്തിലും പ്രതിഫലിക്കും.
















