ദോഹ: യാത്രയ്ക്കിടെ അധിക ഭാരമോ ആഡംബര വസ്തുക്കളോ കൊണ്ടുപോകാമോ എന്ന ആശങ്കയില്ലാതെ, ഖത്തറിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് മികച്ച ഷോപ്പിംഗ് അനുഭവവുമായി എത്തുകയാണ് ഖത്തർ ഡ്യൂട്ടി ഫ്രീ. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഖത്തർ ഡ്യൂട്ടി ഫ്രീ, ‘കളക്റ്റ് ഓൺ റിട്ടേൺ’ എന്ന പുതിയ സേവനം ആരംഭിച്ചു.
ഈ സേവനത്തിലൂടെ ഇനി മുതൽ യാത്രക്കാർക്ക് ഷോപ്പുചെയ്‌ത സാധനങ്ങൾ സുരക്ഷിതമായി വിമാനത്താവളത്തിൽ സൂക്ഷിക്കാൻ സാധിക്കും. യാത്രക്കാർ ഖത്തറിലേക്ക് തിരിച്ചെത്തുമ്പോൾ അറൈവൽസ് ടെർമിനലിലെ ബാഗേജ് എടുക്കുന്നതിന് സമീപം, നിശ്ചിത സ്ഥലത്ത് നിന്ന് എളുപ്പത്തിൽ തിരികെ എടുക്കാനും കഴിയും. ആഡംബര വസ്തുക്കൾ, ഇലക്ട്രോണിക്സ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, സുവനീറുകൾ എന്നിവയുൾപ്പെടെ വിവിധ തരം സാധനങ്ങൾക്ക് ഈ സേവനം ലഭ്യമാണ്.
ഈ സേവനം അറൈവൽസ് ടെർമിനലിലൂടെ വരുന്ന യാത്രക്കാർക്ക് മാത്രമാണ് ലഭിക്കുക. യാത്രക്കാർ കസ്റ്റംസ് കടന്ന ശേഷം സാധനങ്ങൾ തിരിച്ചെടുക്കാൻ കഴിയില്ല. തിരിച്ചെടുക്കാത്ത സാധങ്ങൾക്കായി കസ്റ്റമർ സർവീസുമായി നേരിട്ട് ബന്ധപ്പെടാം. എന്നാൽ പുകയില, സിഗരറ്റുകൾ, മദ്യം തുടങ്ങിയ ഇനങ്ങൾക്ക് ഈ സേവനം ലഭ്യമല്ല. അതേസമയം സിഗാറുകൾ പരമാവധി 50 സ്റ്റിക്കുകൾ മാത്രമേ അനുവദിക്കൂ. യാത്രക്കാർ അവരുടെ സാധനങ്ങൾ എടുക്കാൻ മറന്നാൽ, കസ്റ്റമർ സർവീസ് ടീമുമായി ആശയവിനിമയം നടത്തണം എന്ന് അധികൃതർ അറിയിച്ചു.
















