മുംബൈ: സാധാരണ എലഗൻസ് വേരിയന്റിനേക്കാൾ കൂടുതൽ സ്‌പോർട്ടിയായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) തങ്ങളുടെ കാമ്രി ഹൈബ്രിഡ് സ്പ്രിന്‍റ് എഡിഷൻ നിരത്തിലിറക്കി. പ്ലാറ്റിനം വൈറ്റ് പേൾ, ഡാർക്ക് ബ്ലൂ മെറ്റാലിക്, ഇമോഷണൽ റെഡ്, സിമന്റ് ഗ്രേ, പ്രീവിയസ് മെറ്റൽ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ബോണറ്റ്, റൂഫ്, ട്രങ്ക് എന്നിവയിൽ മാറ്റ് ബ്ലാക്ക് ഫിനിഷോടെ ഈ ഷേഡുകളെല്ലാം ലഭ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 48.50 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
ഈ പ്രത്യേക പതിപ്പ് പ്രധാനമായും ഡീലർഷിപ്പ് തലത്തിൽ ലഭ്യമായ ഒരു ആക്‌സസറി കിറ്റാണ്. പുറമെയാണ് കൂടുതൽ മെച്ചപ്പെടുത്തലുകൾ കാണാനാവുക. കൂടാതെ കുറച്ച് ഫീച്ചർ അപ്‌ഗ്രേഡുകളും ലഭ്യമാക്കിയിട്ടുണ്ട്.ടൊയോട്ട കാമ്രി സ്പ്രിന്റ് എഡിഷന്റെ പുറംഭാഗത്ത് സ്പോർട്ടി ഫ്രണ്ട്, റിയർ ബമ്പർ എക്സ്റ്റൻഷനുകൾ, ബ്ലാക്ക്-ഔട്ട് 18 ഇഞ്ച് അലോയ് വീലുകൾ, ബൂട്ട് ലൈറ്റിലെ സ്‌പോയിലർ എന്നിവ ഉൾപ്പെടുന്നു. ഡീലർ-ലെവൽ ആക്‌സസറികളായി ആംബിയന്റ് ലൈറ്റിംഗും പുഡിൽ ലാമ്പുകളുമുണ്ട്.
സുരക്ഷയ്ക്കായി ടൊയോട്ട സേഫ്റ്റി സെൻസ് 3.0 ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, ലെയ്ൻ ട്രെയ്‌സിംഗ് അസിസ്റ്റ്, പ്രീ-കൊളീഷൻ സിസ്റ്റം, ഓട്ടോമാറ്റിക് ഹൈ ബീം തുടങ്ങിയ സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഇതിന് 9 എയർബാഗുകളും 360-ഡിഗ്രി ക്യാമറയും നൽകിയിട്ടുണ്ട്. ടൊയോട്ട കാമ്രി സ്പ്രിന്റ് എഡിഷനിൽ ഇസിവിടി ഉള്ള അതേ 2.5L പെട്രോൾ ഹൈബ്രിഡ് പവർട്രെയിൻ ഉപയോഗിക്കുന്നു. ഇത് 227bhp കരുത്തും 220Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഹൈബ്രിഡ് സെഡാൻ ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു.
കാമ്രി ഹൈബ്രിഡ് 25.49 കിമി ഇന്ധനക്ഷമത നൽകുമെന്ന് ടൊയോട്ട അവകാശപ്പെടുന്നു. ഉൾഭാഗത്ത്, കാമ്രി സ്പ്രിന്റ് പതിപ്പിന് കൂടുതൽ ആഡംബര, സുരക്ഷാ സവിശേഷതകൾ ലഭിക്കുന്നു. ആംബിയന്റ് ലൈറ്റിംഗും ഡോർ വാണിംഗ് ലാമ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മെമ്മറി ഫംഗ്ഷനോടുകൂടിയ 10-വേ ഇലക്ട്രിക് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, ഹെഡ്-അപ്പ് ഡിസ്പ്ലേ, പനോരമിക് സൺറൂഫ് തുടങ്ങിയ മറ്റ് പ്രീമിയം സവിശേഷതകളും കാമ്രിയിൽ ഉണ്ട്.
2002 ൽ വിപണിയിലെത്തിയതുമുതൽ, ടൊയോട്ട കാമ്രി, പ്രീമിയം സെഡാൻ വിഭാഗത്തിൽ തേരോട്ടം തുടരുകയാണ്. 2.5 ലിറ്റർ ഡൈനാമിക് ഫോഴ്‌സ് എഞ്ചിൻ നൽകുന്ന സ്പ്രിന്റ് എഡിഷൻ ഒരു ഇ-സിവിടി ട്രാൻസ്മിഷനുമായി കണക്ടഡ് ആണ്. ഉയർന്ന ശേഷിയുള്ള ലിഥിയം-അയൺ ബാറ്ററിയുടെ പിന്തുണയോടെ, മെച്ചപ്പെട്ട ഇന്ധനക്ഷമത, കുറഞ്ഞ മലിനീകരണം, തടസ്സമില്ലാത്ത ഹൈബ്രിഡ് ഡ്രൈവിംഗ് അനുഭവം എന്നിവ നൽകുന്നു. ടൊയോട്ട ഹൈബ്രിഡ് ബാറ്ററിയിൽ 8 വർഷം അല്ലെങ്കിൽ 160,000 കിലോമീറ്റർ വാറന്റി (ഏതാണ് ആദ്യം വരുന്നത് അത്) വാഗ്ദാനം ചെയ്യുന്നു.