പോഷകങ്ങളുടെ കലവറയാണ് ചീര എന്ന് നമുക്കെല്ലാം അറിയാം. ഇരുമ്പ്, ആന്റിഓക്സിഡന്റുകൾ, ഫൈബർ, വൈറ്റമിനുകൾ എന്നിവയാൽ സമ്പന്നമായ ഈ ഇലക്കറി ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാൽ ചീര എങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. ചീര പച്ചയ്ക്ക് കഴിക്കുന്നതാണോ അതോ പാകം ചെയ്ത് കഴിക്കുന്നതാണോ കൂടുതൽ ഗുണകരം? ആയുർവേദ ആരോഗ്യ വിദഗ്ധയായ ഡിമ്പിൾ ജംഗ്‌ദ ഇതിനുള്ള ഉത്തരം നൽകുന്നു.
എന്തുകൊണ്ട് ചീര ശ്രദ്ധിച്ചു കഴിക്കണം?
ചീരയിൽ ധാരാളം ഗുണങ്ങൾ ഉണ്ടെങ്കിലും അതിൽ അടങ്ങിയിരിക്കുന്ന ‘ഓക്സലേറ്റുകൾ’ എന്ന ഘടകം ചിലപ്പോൾ വില്ലനായേക്കാം. ഇത് ശരീരത്തിലെ അയൺ, കാൽസ്യം തുടങ്ങിയ ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. കൂടാതെ, ചീര പച്ചയ്ക്ക് ജ്യൂസ് അടിച്ചോ സാലഡ് ആയോ കഴിക്കുന്നത് ചിലരിൽ ദഹനപ്രശ്നങ്ങൾക്കും വൃക്കയിലെ കല്ലിനും കാരണമായേക്കാം.
ഏറ്റവും മികച്ച രീതി: ബ്ലാഞ്ചിംഗ്
ചീര കഴിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം അത് ‘ബ്ലാഞ്ച്’ ചെയ്ത് സൂപ്പ് രൂപത്തിൽ കഴിക്കുന്നതാണെന്ന് വിദഗ്ധർ പറയുന്നു. ചീര ഇലകൾ കഴുകി വൃത്തിയാക്കിയ ശേഷം തിളച്ച വെള്ളത്തിൽ കുറച്ചു സമയം (ഏകദേശം ഒരു മിനിറ്റ്) ഇട്ടു വെക്കുക. അതിനുശേഷം ഉടൻ തന്നെ അത് തണുത്ത വെള്ളത്തിലേക്ക് മാറ്റുക. ഈ രീതിയെയാണ് ബ്ലാഞ്ചിംഗ് എന്ന് പറയുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ചീരയിലെ ഓക്സലേറ്റിന്റെ അളവ് ഗണ്യമായി കുറയുകയും പോഷകങ്ങൾ നഷ്ടപ്പെടാതെ നിലനിൽക്കുകയും ചെയ്യുന്നു.
ചീര സൂപ്പിന്റെ ഗുണങ്ങൾ
ബ്ലാഞ്ച് ചെയ്ത ചീര ഉപയോഗിച്ച് ലഘുവായ സൂപ്പ് തയ്യാറാക്കി കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു. ആയുർവേദ പ്രകാരം, ദഹനശക്തി കുറഞ്ഞവർക്ക് ചീര പച്ചയ്ക്ക് കഴിക്കുന്നതിനേക്കാൾ ഗുണകരം ഇത്തരത്തിൽ പാകം ചെയ്ത് കഴിക്കുന്നതാണ്. ഇതിലൂടെ ഇരുമ്പ് ആഗിരണം വർധിപ്പിക്കുന്നതുവഴി രക്തക്കുറവ് പരിഹരിക്കാൻ സഹായിക്കുന്നു. നാരുകൾ അടങ്ങിയതിനാൽ മലബന്ധം തടയുന്നു. വൈറ്റമിൻ എ, സി എന്നിവ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. വൈറ്റമിൻ കെ, മഗ്നീഷ്യം എന്നിവ എല്ലുകളുടെ ബലത്തിന് സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചീര നന്നായി കഴുകി വൃത്തിയാക്കുക. ബ്ലാഞ്ച് ചെയ്ത ശേഷം ആ വെള്ളം ഊറ്റിക്കളയുന്നത് ഓക്സലേറ്റുകൾ ഒഴിവാക്കാൻ സഹായിക്കും. അമിതമായി വേവിക്കുന്നത് പോഷകങ്ങൾ നഷ്ടപ്പെടുത്തുമെന്നതിനാൽ ശ്രദ്ധിക്കുക. അടുത്ത തവണ സ്പിനച് ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ അത് സൂപ്പ് രൂപത്തിലോ അല്ലെങ്കിൽ നേരിയ തോതിൽ പാകം ചെയ്തോ കഴിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ശരീരത്തിന് പരമാവധി പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും.
















