Articles Health

മൂത്രം പിടിച്ചു നിർത്താറുണ്ടോ? സൂക്ഷിക്കുക, വൃക്കകളെ കാത്തിരിക്കുന്നത് വലിയ അപകടങ്ങൾ

യാത്രകളിലോ, ജോലിത്തിരക്കിനിടയിലോ, പരീക്ഷാ ഹാളുകളിലോ പലപ്പോഴും നമ്മൾ ചെയ്യുന്ന ഒന്നാണ് മൂത്രം ഒഴിക്കാതെ പിടിച്ചുനിർത്തുക എന്നത്. ഇത് കേവലം ഒരു അസ്വസ്ഥത മാത്രമാണെന്ന് കരുതി തള്ളിക്കളയരുത്. ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസിലെ യൂറോളജിസ്റ്റ് ഡോ. പി.വംശി കൃഷ്ണ ഈ ശീലത്തിനെതിരെ ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. മൂത്രം പിടിച്ചുനിർത്തുന്നത് നമ്മുടെ മൂത്രസഞ്ചിയെയും വൃക്കകളെയും എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം.

  1. അണുബാധയ്ക്കുള്ള സാധ്യത

മൂത്രം കൃത്യസമയത്ത് പുറന്തള്ളപ്പെടേണ്ട ഒരു വിസർജ്യമാണ്. ഇത് ദീർഘനേരം മൂത്രസഞ്ചിയിൽ കെട്ടിക്കിടക്കുമ്പോൾ ബാക്ടീരിയകൾക്ക് പെരുകാൻ കൂടുതൽ സമയം ലഭിക്കുന്നു. ഇത് മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് ഇതിന് സാധ്യത കൂടുതൽ. മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, പനി, വയറിന്റെ താഴെ ഭാഗത്തുണ്ടാകുന്ന വേദന എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

  1. വൃക്കകൾക്ക് അമിത സമ്മർദ്ദം

മൂത്രം പിടിച്ചുനിർത്തുന്ന ശീലം ‘വെസിക്കോറെറ്ററൽ റിഫ്ലക്സ്’ എന്ന അവസ്ഥയിലേക്ക് നയിക്കാം. മൂത്രസഞ്ചിയിൽനിന്ന് മൂത്രം തിരിച്ച് വൃക്കകളിലേക്ക് ഒഴുകുന്ന അവസ്ഥയാണിത്. ഇത് വൃക്കകളിൽ വലിയ സമ്മർദ്ദം ചെലുത്തുകയും കാലക്രമേണ വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യും.

  1. നിർജ്ജലീകരണവും കല്ലുകളും

പലപ്പോഴും മൂത്രമൊഴിക്കുന്നത് ഒഴിവാക്കാൻ വേണ്ടി ആളുകൾ വെള്ളം കുടിക്കുന്നത് കുറയ്ക്കാറുണ്ട്. പ്രത്യേകിച്ച് പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികൾ ഈ രീതി പിന്തുടരാറുണ്ട്. ഇത് മൂത്രത്തിന്റെ സാന്ദ്രത വർദ്ധിപ്പിക്കുകയും മൂത്രസഞ്ചിയിൽ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.

  1. മാനസിക സമ്മർദ്ദവും ഏകാഗ്രതക്കുറവും

ശാരീരിക പ്രശ്നങ്ങൾക്ക് പുറമെ ഇത് മാനസികാരോഗ്യത്തെയും ബാധിക്കാം. മൂത്രസഞ്ചി നിറഞ്ഞിരിക്കുമ്പോൾ തലച്ചോറിലേക്ക് നിരന്തരം സിഗ്നലുകൾ എത്തിക്കൊണ്ടിരിക്കും. ഇത് ഏകാഗ്രത കുറയ്ക്കാനും ചെറിയ രീതിയിലുള്ള മാനസിക സമ്മർദ്ദമുണ്ടാക്കാനും കാരണമാകും. കൃത്യസമയത്ത് മൂത്രമൊഴിക്കുന്നത് ഉന്മേഷവും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ സഹായിക്കും.

മൂത്രസഞ്ചിയുടെയും വൃക്കകളുടെയും ആരോഗ്യം സംരക്ഷിക്കാൻ മൂത്രം പിടിച്ചുനിർത്തുന്ന ശീലം ഒഴിവാക്കുക. മതിയായ അളവിൽ വെള്ളം കുടിക്കുകയും സ്വാഭാവികമായ ശാരീരിക ആവശ്യങ്ങളോട് കൃത്യസമയത്ത് പ്രതികരിക്കുകയും ചെയ്യുക.

Related Posts