വായിലെ കാൻസർ ഇന്ന് ലോകമെമ്പാടും പടർന്നുപിടിക്കുന്ന ഒരു മാരക രോഗമാണ്. ഇന്ത്യയിൽ പ്രത്യേകിച്ച് ഇതിന്റെ നിരക്ക് വർദ്ധിച്ചുവരുന്നു. മിക്കപ്പോഴും രോഗം മൂർച്ഛിച്ച ഘട്ടത്തിലാണ് പലരും ചികിത്സ തേടുന്നത്. രോഗത്തിന്റെ തുടക്കത്തിൽ ശരീരം നൽകുന്ന ചില നിശബ്ദ സൂചനകൾ നാം സാധാരണ അലർജിയെന്നോ പല്ലുവേദനയെന്നോ കരുതി അവഗണിക്കുന്നതാണ് ഇതിന് പ്രധാന കാരണം.
എർലിസൈനിലെ റോബോട്ടിക് സർജനും ഹെഡ് ആൻഡ് നെക്ക് ഓങ്കോളജിസ്റ്റുമായ ഡോ. യു.എസ്. വിശാൽ റാവു ഇതിനെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. രോഗം നേരത്തെ തിരിച്ചറിഞ്ഞാൽ ചികിത്സയും രോഗമുക്തിയും വളരെ എളുപ്പമാണെന്ന് അദ്ദേഹം പറയുന്നു. ശ്രദ്ധിക്കേണ്ട 5 പ്രധാന ലക്ഷണങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
- ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്
തൊണ്ടയിലോ വായിലോ എന്തോ തടഞ്ഞുനിൽക്കുന്നത് പോലുള്ള തോന്നൽ അല്ലെങ്കിൽ ആഹാരം വിഴുങ്ങുമ്പോൾ ഉണ്ടാകുന്ന പ്രയാസം ഗൗരവമായി കാണണം. ഇത് ആസിഡ് റിഫ്ലക്സ് ആണെന്ന് കരുതി പലരും അവഗണിക്കാറുണ്ട്.
- ഭേദമാകാത്ത മുറിവുകൾ
രണ്ടാഴ്ചയിലധികം സമയം കഴിഞ്ഞിട്ടും ഉണങ്ങാത്ത മുറിവുകൾ അല്ലെങ്കിൽ അൾസറുകൾ വായിലുണ്ടെങ്കിൽ അത് കാൻസറിന്റെ ആദ്യ ലക്ഷണമാകാം.
- വെള്ളയോ ചുവപ്പോ ആയ പാടുകൾ
കവിളിന്റെ ഉൾഭാഗത്തോ നാവിലോ മോണയിലോ കാണപ്പെടുന്ന ചുവന്നതോ വെളുത്തതോ ആയ തടിപ്പുകൾ അപകടസൂചനയാണ്.
- കാരണമില്ലാത്ത രക്തസ്രാവം
പരിക്കുകളോ മറ്റ് ദന്തപ്രശ്നങ്ങളോ ഇല്ലാതെ തന്നെ മോണയിൽ നിന്നോ വായുടെ മറ്റ് ഭാഗങ്ങളിൽ നിന്നോ രക്തം വരുന്നത് ശ്രദ്ധിക്കണം.
- കഴുത്തിലെ മുഴകൾ
കഴുത്തിൽ വേദനയില്ലാത്ത മുഴകളോ വീക്കമോ അനുഭവപ്പെടുകയാണെങ്കിൽ അത് ഉടനടി ഡോക്ടറെ കാണിച്ച് പരിശോധിക്കേണ്ടതാണ്.
എന്തുകൊണ്ടാണ് ഈ ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നത്?
വേദനയില്ലാത്ത ലക്ഷണങ്ങൾ എന്നതാണ് വായിലെ കാൻസറിനെ അപകടകാരിയാക്കുന്നത്. മിക്കവരും ഇത് പല്ലുവേദനയോ, തൊണ്ടയിലെ അണുബാധയോ അല്ലെങ്കിൽ സാധാരണ അലർജിയോ ആണെന്ന് തെറ്റിദ്ധരിക്കുന്നു. 60 മുതൽ 80 ശതമാനം വരെ ആളുകളും രോഗം അതിന്റെ ഗുരുതരമായ ഘട്ടത്തിൽ എത്തുമ്പോൾ മാത്രമാണ് വിദഗ്ധ ചികിത്സ തേടുന്നത് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
പ്രതിരോധം എങ്ങനെ?
പുകയില, മദ്യം എന്നിവയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക. പതിവായ ദന്തപരിശോധനകൾ നടത്തുക. വായ്ക്കുള്ളിൽ എന്തെങ്കിലും മാറ്റങ്ങൾ കാണുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുക. തുടക്കത്തിലേ കണ്ടെത്തിയാൽ ശസ്ത്രക്രിയയിലൂടെയും മറ്റും പൂർണ്ണമായും മാറ്റാവുന്നതാണ് ഈ രോഗം. എന്നാൽ വൈകും തോറും റേഡിയേഷൻ, കീമോതെറാപ്പി തുടങ്ങിയ സങ്കീർണ്ണമായ ചികിത്സകൾ ആവശ്യമായി വരും.
















