Articles Health

ചായയും കാപ്പിയും പെട്ടെന്ന് നിർത്തിയാൽ പണി കിട്ടും; തലവേദനയും ക്ഷീണവും ഒഴിവാക്കാൻ ഇതാ 10 വഴികൾ

മ്മളിൽ പലർക്കും ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കാതെ ഒരു ദിവസം തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. ഉന്മേഷവും ഏകാഗ്രതയും നൽകാൻ കഫീൻ സഹായിക്കുമെങ്കിലും, പെട്ടെന്നൊരു ദിവസം ഇത് നിർത്താൻ തീരുമാനിച്ചാൽ ശരീരം അതിനോട് പ്രതികരിക്കും. ഇതിനെയാണ് ‘കഫീൻ വിത്ത്ഡ്രോവൽ’ എന്ന് വിളിക്കുന്നത്.

കഫീൻ ഉപയോഗം പെട്ടെന്ന് കുറയ്ക്കുന്നത് തലവേദന, അമിതമായ ക്ഷീണം, മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്ന് ഡയറ്റീഷ്യനും പ്രമേഹരോഗ വിദഗ്ധയുമായ ഡോ.അർച്ചന ബത്ര പറയുന്നു. കഫീൻ ശീലം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കായി ചില പ്രധാന നിർദേശങ്ങൾ അവർ പങ്കുവച്ചിട്ടുണ്ട്.

നമ്മുടെ തലച്ചോറിലെ ഉന്മേഷത്തെ നിയന്ത്രിക്കുന്ന അഡെനോസിൻ എന്ന രാസവസ്തുവിനെ കഫീൻ തടയുന്നു. ദീർഘകാലം കഫീൻ ഉപയോഗിക്കുമ്പോൾ ശരീരം ഇതിനോട് പൊരുത്തപ്പെടുന്നു. പെട്ടെന്ന് ഇത് നിർത്തുമ്പോൾ തലച്ചോറിലെ പ്രവർത്തനങ്ങളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റമാണ് ശാരീരിക അസ്വസ്ഥതകളിലേക്ക് നയിക്കുന്നത്.

പ്രധാന ലക്ഷണങ്ങൾ

കഫീൻ നിർത്തുന്നവരിൽ പകുതിയോളം പേർക്കും കഠിനമായ തലവേദന അനുഭവപ്പെടാറുണ്ട്. കഫീൻ നൽകുന്ന ഊർജ്ജം ഇല്ലാതാകുന്നതോടെ ശരീരം പെട്ടെന്ന് തളരുന്നു. ദേഷ്യം, ഉത്കണ്ഠ, വിഷാദം എന്നിവ ഉണ്ടാകാം. ജോലിയിലോ പഠനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസം അനുഭവപ്പെടും.

പതുക്കെ കുറയ്ക്കുക: കഫീൻ പെട്ടെന്ന് നിർത്തുന്നതിന് പകരം അളവ് ഘട്ടംഘട്ടമായി കുറയ്ക്കുക. സാധാരണ കാപ്പിക്ക് പകരം ‘ഡീകാഫ്’ കാപ്പി ശീലിക്കാം.

ധാരാളം വെള്ളം കുടിക്കുക: നിർജ്ജലീകരണം തലവേദന വർദ്ധിപ്പിക്കും. അതിനാൽ ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക.

വ്യായാമം: നടത്തം, യോഗ, സ്ട്രെച്ചിംഗ് തുടങ്ങിയ ലഘുവായ വ്യായാമങ്ങൾ ശരീരത്തിന് ഉന്മേഷം നൽകുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും.

കൃത്യമായ ഉറക്കം: രാത്രിയിൽ 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങുന്നത് ക്ഷീണം കുറയ്ക്കാൻ സഹായിക്കും.

സമീകൃതാഹാരം: പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് സ്ഥിരമായ ഊർജ്ജം നൽകും.

മറ്റ് പാനീയങ്ങൾ പരീക്ഷിക്കുക: ചായക്കോ കാപ്പിക്കോ പകരം കഫീൻ ഇല്ലാത്ത ഹെർബൽ ടീ അല്ലെങ്കിൽ പഴച്ചാറുകൾ കുടിക്കാം.

വേദനസംഹാരികൾ: കഠിനമായ തലവേദന ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം വേദനസംഹാരികൾ ഉപയോഗിക്കാം.

മനസിനെ ശാന്തമാക്കുക: ധ്യാനം, ദീർഘമായി ശ്വസിക്കുന്ന വ്യായാമങ്ങൾ എന്നിവ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

ഐസ് പാക്ക് ഉപയോഗിക്കുക: തലവേദന കുറയ്ക്കാൻ തലയിലോ കഴുത്തിന് പിന്നിലോ ഐസ് പാക്ക് വയ്ക്കുന്നത് ഗുണകരമാണ്.

ഹെർബൽ ടീ: ചമോമൈൽ, പെപ്പർമിന്റ്, ഇഞ്ചി ചായ എന്നിവ ശരീരത്തിന് കുളിർമയും ആശ്വാസവും നൽകും.

പെട്ടെന്ന് നിർത്തുന്നതിനേക്കാൾ, സാവധാനം അളവ് കുറയ്ക്കുന്നതാണ് ശരീരത്തിന് കൂടുതൽ നല്ലതെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. കൃത്യമായ പ്ലാനിംഗിലൂടെ ബുദ്ധിമുട്ടുകളില്ലാതെ കഫീൻ ശീലം മാറ്റിയെടുക്കാൻ സാധിക്കും.

Related Posts