നമ്മുടെ ഭക്ഷണക്രമത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ അത് വലിയ ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് ആരോഗ്യ വിദഗ്ധർ പലപ്പോഴും പറയാറുണ്ട്. അത്തരത്തിൽ തലച്ചോറിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ബ്ലൂബെറിയും വാൾനട്ടും ഒന്നിച്ച് കഴിക്കുന്നത് ശീലമാക്കണമെന്ന് ശുപാർശ ചെയ്യുകയാണ് യുകെ ആസ്ഥാനമായുള്ള നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന ജനറൽ പ്രാക്ടീഷണറായ ഡോ.അമീർ ഖാൻ.
ഇവ രണ്ടും ആരോഗ്യത്തിന് മികച്ചതാണെങ്കിലും, രണ്ടും കൂട്ടി കഴിക്കുമ്പോൾ അവ പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുകയും ഇരട്ടി ഗുണം നൽകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ബ്ലൂബെറിയുടെയും വാൾനട്ടിന്റെയും ഗുണങ്ങൾ
ബ്ലൂബെറി: ആന്തോസയാനിൻ പോലുള്ള പോളിഫെനോളുകളാൽ സമ്പന്നമാണ് ബ്ലൂബെറി. ഇവ മികച്ച ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും ശരീരത്തിലെ വീക്കവും കോശങ്ങൾക്കുണ്ടാകുന്ന നാശവും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വാൾനട്ട്: ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കലവറയാണ് വാൾനട്ട്. ഇത് തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
എന്തുകൊണ്ട് ഇവ ഒന്നിച്ചു കഴിക്കണം?
ബ്ലൂബെറിയും വാൾനട്ടും ഒന്നിച്ചു കഴിക്കുമ്പോൾ അത്ഭുതകരമായ ഗുണങ്ങൾ കിട്ടും. വാൾനട്ടിലുള്ള ആരോഗ്യകരമായ കൊഴുപ്പ് ബ്ലൂബെറിയിലെ ആന്റിഓക്‌സിഡന്റുകളെ ശരീരം നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ബ്ലൂബെറിയിലെ പഞ്ചസാര സാവധാനം മാത്രം രക്തത്തിൽ കലരാൻ വാൾനട്ട് സഹായിക്കുന്നു. ഇതുവഴി പെട്ടെന്നുണ്ടാകുന്ന ഊർജ്ജക്കുറവ് ഒഴിവാക്കി ദീർഘനേരം ഏകാഗ്രത നിലനിർത്താൻ സാധിക്കും.
മസ്തിഷ്ക ആരോഗ്യത്തിന് ഗുണം ചെയ്യുന്നത് എങ്ങനെ?
“മസ്തിഷ്കത്തിന്റെ കാഴ്ചപ്പാടിൽ ഇതൊരു മികച്ച കോമ്പിനേഷനാണ്. ബ്ലൂബെറി മസ്തിഷ്ക കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്ന് സംരക്ഷിക്കുമ്പോൾ, കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ വാൾനട്ട് സഹായിക്കുന്നു. വ്യത്യസ്തമായ ധർമ്മങ്ങളാണെങ്കിലും, ഇവ രണ്ടും ദീർഘകാല മസ്തിഷ്ക ആരോഗ്യത്തിന് ഒരേപോലെ ഗുണകരമാണ്.”
ഇതിനർത്ഥം, ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദീർഘകാല ജ്ഞാനശക്തി വർദ്ധിപ്പിക്കാനും ഓർമ്മശക്തി മെച്ചപ്പെടുത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് നിലനിർത്താനും സഹായിച്ചേക്കാം എന്നാണ്. കോശങ്ങളുടെ സംരക്ഷണം മുതൽ പ്രവർത്തനക്ഷമത വരെ മെച്ചപ്പെടുന്നതിലൂടെ മസ്തിഷ്കത്തിന്റെ മൊത്തത്തിലുള്ള പ്രകടനം മികച്ചതാക്കാൻ ഈ പോഷകസമൃദ്ധമായ ഭക്ഷണജോടി സഹായിക്കുന്നുവെന്ന് ഡോക്ടർ പറഞ്ഞു.
















