Articles Health

പിസിഒഎസ് അലട്ടുന്നുണ്ടോ? ആശ്വാസം കിട്ടാൻ ഈ 3 ഹെർബൽ ചായകൾ ശീലിക്കാം

സ്ത്രീകളിൽ ഇന്ന് സാധാരണമായി കണ്ടുവരുന്ന ഒന്നാണ് പി.സി.ഒ.എസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം). ഹോർമോൺ വ്യതിയാനങ്ങൾ മുതൽ അസഹനീയമായ വേദന വരെ ഈ അവസ്ഥയിൽ സ്ത്രീകൾ നേരിടാറുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങൾ മൂലവും ഹോർമോൺ അസന്തുലിതാവസ്ഥ കാരണവുമൊക്കെ സ്ത്രീകളെ ബാധിക്കുന്ന ആരോ​ഗ്യപ്രശ്നമാണിത്.

അണ്ഡാശയങ്ങൾ ചെറുകുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം (പി.സി.ഒ.എസ്) എന്ന പേര് ഉണ്ടായത്. അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ അഥവാ ആൻഡ്രോജനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. ചില ഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തനരീതിയിൽ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പി.സി.ഒ.എസ്. എന്ന അവസ്ഥ ഉണ്ടാകുന്നത്. അമിതവണ്ണക്കാരിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും പി.സി.ഒ.എസ്. കാണാറുണ്ട്.

യുകെയിൽ നിന്ന് ഗ്ലോബൽ പബ്ലിക് ഹെൽത്ത് ന്യൂട്രിഷനിൽ മാസ്റ്റേഴ്സ് ബിരുദവും നാഷണൽ ഡയബറ്റിസ് എഡ്യൂക്കേറ്റർ സർട്ടിഫിക്കേഷനും ഉള്ള പോഷകാഹാര വിദഗ്ധയായ ദീപ്‌ശിഖ ജെയിൻ നിർദേശിക്കുന്ന മൂന്ന് ഹെർബൽ ചായകൾ പിസിഒഎസിനാൽ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് ഗുണം ചെയ്യും. പിസിഒഎസ്, പിഎംഎസ് ലക്ഷണങ്ങൾ ലഘൂകരിക്കാനും, ഹോർമോൺ ബാലൻസ് മെച്ചപ്പെടുത്താനും, പേശി വലിവ് ശമിപ്പിക്കാനും, വീക്കം കുറയ്ക്കാനും ഈ ചായകൾ സഹായിക്കും.

  1. സ്പിയർമിന്റ് ടീ

ഹോർമോൺ ക്രമീകരിക്കുന്നതിൽ സ്പിയർമിന്റ് ടീ അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരും. ശരീരത്തിലെ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു. തൽഫലമായി പി.സി.ഒ.എസ് ലക്ഷണങ്ങളായ മുഖക്കുരു, അമിതമായ മുടികൊഴിച്ചിൽ എന്നിവ കുറയുകയും ഹോർമോൺ സന്തുലിതാവസ്ഥ കൈവരിക്കുകയും ചെയ്യുന്നു.

  1. കരിഞ്ചീരകം ചായ

പി.സി.ഒ.എസ് ഉള്ളവരിൽ ശരീരത്തിൽ ആന്തരികമായി വീക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. കരിഞ്ചീരകം ഇതിന് മികച്ച മരുന്നാണ്. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമായ കരിഞ്ചീരകം ചായ ശരീരത്തിലെ അസ്വസ്ഥതകൾ കുറയ്ക്കാനും പി.സി.ഒ.എസ് മികച്ച രീതിയിൽ നിയന്ത്രിക്കാനും സഹായിക്കുന്നു.

  1. അയമോദകം ചായ

ആർത്തവസമയത്തെ കഠിനമായ വേദനയും പേശിവലിവും കുറയ്ക്കാൻ അയമോദകം സഹായിക്കും. പേശികളെ അയവുവരുത്താനും വേദനയ്ക്ക് ശമനം നൽകാനും അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണകരമാണ്.

Related Posts