പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹത്തിലേക്ക് മാത്രമല്ല നയിക്കുന്നത്. ശരീരത്തിലെത്തുന്ന അമിതമായ പഞ്ചസാര അണുബാധ, ഹോർമോൺ അസന്തുലിതാവസ്ഥ, മെറ്റബോളിക് സ്ട്രെസ് (ക്ഷീണം, മന്ദത തുടങ്ങിയവ ലക്ഷണങ്ങൾ) എന്നിവയ്ക്ക് കാരണമാണ്. കാൻസറിന് നേരിട്ട് കാരണമല്ലെങ്കിലും ഉയർന്ന അളവിലുള്ള പഞ്ചസാര ഉപയോഗം 60-95% കാൻസർ സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങളുണ്ട്. അമിതമായി ശരീരത്തിലെത്തുന്ന പഞ്ചസാര വൃക്ക, ഹൃദയം, ദന്തം, മസ്തിഷ്കം തുടങ്ങിയവയുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കും.
ശരീരത്തിലെത്തുന്ന പഞ്ചസാരയുടെ അളവ് കൂടിയാൽ അത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. രക്തത്തിലെ പഞ്ചസാര കൂടുകയും കുറയുകയും ചെയ്താൽ അത് ന്യൂറോട്രാൻസ്മിറ്ററുകളെ ബാധിക്കുകയും തലച്ചോറിൽ വീക്കമുണ്ടാക്കുകയും ചെയ്യും. വിഷാദരോഗത്തിലേക്ക് നയിക്കുന്നതാണ് പഞ്ചസാരയുടെ അമിത ഉപയോഗമെന്ന് American Journal of Clinical Nutrition -ന്റെ പഠനറിപ്പോർട്ടിൽ പറയുന്നു.
പഞ്ചസാര അമിതമായി ശരീരത്തിലെത്തിയാൽ അത് ചീത്ത കൊളസ്ട്രോൾ(LDL Cholesterol) വർദ്ധിക്കാൻ കാരണമാകുമെന്ന് പഠനങ്ങളുണ്ട്. നല്ല കൊളസ്ട്രോൾ കുറയാനും ഇത് കാരണമാകും. പ്രമേഹമില്ലെങ്കിലും ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നതാണ് ഈ സാഹചര്യം.
അമിതമായ പഞ്ചസാര വീക്കം, അകാല വാർധക്യം എന്നീ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പഞ്ചസാര കൂടുതലായി കഴിച്ചാൽ അതിലൂടെ ഓറൽ ബാക്ടീരിയകൾ പെരുകുകയും പല്ലുകളിൽ കാവിറ്റികൾക്കും മോണരോഗത്തിനും കാരണമാകുകയും ചെയ്യും. ഗ്ലൂക്കോസിന്റെ അളവ് രക്തത്തിൽ കൂടുകയും രക്തസമ്മർദ്ദമുണ്ടാകുകയും ചെയ്താൽ അത് വൃക്കകളുടെ പ്രവർത്തനത്തെയും ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
















