ഹൃദയാഘാതം എന്ന് കേൾക്കുമ്പോൾ പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദനയും കുഴഞ്ഞുവീഴലുമാണ് മിക്കവരുടെയും മനസ്സിൽ വരിക. എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദയാഘാത ലക്ഷണങ്ങൾ പലപ്പോഴും വളരെ സൂക്ഷ്മവും തിരിച്ചറിയാൻ പ്രയാസമുള്ളതുമായിരിക്കും. വെറും ക്ഷീണമെന്നോ അസിഡിറ്റിയെന്നോ കരുതി സ്ത്രീകൾ അവഗണിക്കുന്ന പല ലക്ഷണങ്ങളും യഥാർത്ഥത്തിൽ ഹൃദയാഘാതത്തിന്റെ മുൻഗാമിയാകാമെന്ന് കാർഡിയോളജിസ്റ്റ് ഡോ.പുർഷോത്തം ലാൽ മുന്നറിയിപ്പ് നൽകുന്നു.
സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട, പലപ്പോഴും അവഗണിക്കപ്പെടുന്ന 7 ലക്ഷണങ്ങൾ ഇവയാണ്.
- താടിയെല്ല്, കഴുത്ത്, തോൾ എന്നിവിടങ്ങളിലെ വേദന
നെഞ്ചുവേദന ഇല്ലാതെ തന്നെ താടിയെല്ലിലോ, കഴുത്തിലോ, തോളിലോ അനുഭവപ്പെടുന്ന അസ്വസ്ഥത ഹൃദയാഘാത ലക്ഷണമാകാം. പേശിവേദനയോ സ്ട്രസ്സോ ആണെന്ന് കരുതി പലരും ഇത് കാര്യമാക്കാറില്ല.
- അമിതമായ ക്ഷീണം
ജോലിഭാരം കൊണ്ടല്ലാതെ പെട്ടെന്നുണ്ടാകുന്ന അമിതമായ തളർച്ച ശ്രദ്ധിക്കണം. ആവശ്യത്തിന് വിശ്രമിച്ചാലും മാറാത്ത ഈ ക്ഷീണം ഹൃദയാഘാതത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ കണ്ടുവരാറുണ്ട്.
- ശ്വാസംമുട്ടൽ
നടക്കുമ്പോഴോ സംസാരിക്കുമ്പോഴോ, എന്തിന് വിശ്രമിക്കുമ്പോൾ പോലും ശ്വാസം കിട്ടാത്ത അവസ്ഥയുണ്ടാകുന്നത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിന്റെ ലക്ഷണമാകാം. ഇത് ആസ്ത്മയോ ഉത്കണ്ഠയോ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
- മനംപുരട്ടലും ദഹനക്കേടും
അസിഡിറ്റി, വയറുവേദന എന്ന് കരുതി തള്ളിക്കളയുന്ന ലക്ഷണങ്ങൾ പലപ്പോഴും സ്ത്രീകളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സൂചനയാകാറുണ്ട്.
- വിയർപ്പും തലകറക്കവും
അമിതമായി അധ്വാനിക്കാതെ തന്നെ പെട്ടെന്ന് ശരീരം തണുത്തു വിയർക്കുക, തലകറക്കം അനുഭവപ്പെടുക എന്നിവ ഹൃദയത്തിന്റെ സമ്മർദ്ദത്തെ സൂചിപ്പിക്കുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് താഴുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.
- ഉറക്കമില്ലായ്മയും പരിഭ്രമവും
കാരണമില്ലാതെ രാത്രിയിൽ ഉറക്കം തടസ്സപ്പെടുകയോ, ശ്വാസംമുട്ടി ഉണരുകയോ ചെയ്യുന്നത് ഹൃദയാരോഗ്യം മോശമാകുന്നതിന്റെ ലക്ഷണമാകാം. പ്രത്യേകിച്ച് പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമുള്ള സ്ത്രീകൾ ഇത് ഗൗരവമായി കാണണം.
- നെഞ്ചിൽ നേരിയ അസ്വസ്ഥത
കഠിനമായ നെഞ്ചുവേദന സ്ത്രീകൾക്ക് ഉണ്ടാവണമെന്നില്ല. പകരം നെഞ്ചിൽ ഒരു ഭാരമോ മുറുക്കമോ പോലെ മാത്രമേ അനുഭവപ്പെടുകയുള്ളൂ.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
ഈ ലക്ഷണങ്ങൾ പെട്ടെന്നുണ്ടാവുകയോ സമയം കൂടുന്തോറും വർദ്ധിക്കുകയോ ചെയ്താൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടണം. സമയബന്ധിതമായ ചികിത്സ ഹൃദയത്തിനുണ്ടാകുന്ന ആഘാതം കുറയ്ക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കും.
















