Articles Health

ടിവി കാണുന്നത് കുറയ്ക്കുന്നത് വിഷാദരോഗ സാധ്യത 40 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠനം

നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ മാനസികാരോഗ്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. ദിവസവും ടിവി കാണുന്ന സമയം കുറയ്ക്കുന്നത് വിഷാദരോഗം വരാനുള്ള സാധ്യത ഏകദേശം 40 ശതമാനത്തോളം കുറയ്ക്കുമെന്ന് നെതർലൻഡ്‌സിൽ നിന്നുള്ള ഗവേഷകർ കണ്ടെത്തി. ‘യൂറോപ്യൻ സൈക്യാട്രി’ എന്ന മെഡിക്കൽ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നെതർലൻഡ്‌സിലെ ‘ലൈഫ്‌ലൈൻസ്’ എന്ന ആരോഗ്യ പഠനത്തിന്റെ ഭാഗമായി 65,000-ത്തിലധികം ആളുകളിൽ നാല് വർഷത്തോളം നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ടിവി കാണുന്ന സമയം മറ്റ് സജീവമായ വിനോദങ്ങൾക്കായി മാറ്റിവെക്കുന്നത് മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നാണ് ഇവർ പ്രധാനമായും പരിശോധിച്ചത്.

ടിവി കാണുന്ന സമയം രണ്ട് മണിക്കൂർ കുറച്ച് പകരം വ്യായാമമോ കൃത്യമായ ഉറക്കമോ ശീലമാക്കിയാൽ മധ്യവയസ്കരിൽ വിഷാദരോഗ സാധ്യത 43 ശതമാനം വരെ കുറയുന്നതായി പഠനത്തിൽ കണ്ടെത്തി. ദിവസവും ഒരു മണിക്കൂർ ടിവി കാണുന്നത് ഒഴിവാക്കി പകരം മറ്റ് സജീവമായ കാര്യങ്ങൾ ചെയ്യുന്നത് വിഷാദരോഗ സാധ്യത 11 ശതമാനം കുറയ്ക്കും. ഇത് 90 മിനിറ്റ് മുതൽ 120 മിനിറ്റ് വരെയാക്കി വർധിപ്പിച്ചാൽ ഗുണഫലം 25 ശതമാനം മുതൽ 43 ശതമാനം വരെ ഉയരും. പഠനമനുസരിച്ച് 45 മുതൽ 65 വയസ്സ് വരെയുള്ളവരിലാണ് ഈ മാറ്റം ഏറ്റവും കൂടുതൽ ഗുണകരമായി കാണപ്പെടുന്നത്. യുവാക്കളിലും മുതിർന്നവരിലും ഈ മാറ്റം താരതമ്യേന കുറവാണ്.

ടിവിക്ക് മുന്നിലിരിക്കുന്ന സമയം ഒഴിവാക്കി കായിക വിനോദങ്ങൾ, നടത്തം, വീട്ടുജോലികൾ അല്ലെങ്കിൽ മതിയായ ഉറക്കം എന്നിവയ്ക്ക് സമയം കണ്ടെത്തുന്നത് മാനസിക ഉന്മേഷം നൽകും. ഇതിൽ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതാണ് ഏറ്റവും മികച്ച ഫലം നൽകുന്നതെന്ന് ഗവേഷകർ പറയുന്നു.

എന്തുകൊണ്ട് ടിവി വിഷാദത്തിന് കാരണമാകുന്നു?

തുടർച്ചയായി ഒരേയിടത്ത് ഇരുന്ന് ടിവി കാണുന്നത് ശാരീരിക ചലനങ്ങൾ കുറയ്ക്കുന്നു.ഇത് ശരീരത്തിലെ വീക്കം വർദ്ധിപ്പിക്കുകയും അരവണ്ണം കൂടാൻ കാരണമാവുകയും ചെയ്യുന്നു. ഇത്തരം ശാരീരിക മാറ്റങ്ങൾ തലച്ചോറിനെയും മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു.

ഗവേഷകരുടെ നിർദേശം

വിഷാദരോഗത്തെ പ്രതിരോധിക്കാൻ മരുന്നുകൾക്കോ ചികിത്സയ്ക്കോ മുൻപേ ജീവിതശൈലിയിൽ മാറ്റം വരുത്താൻ സാധിക്കും. ടിവിക്ക് മുന്നിൽ ചിലവഴിക്കുന്ന സമയം ബോധപൂർവ്വം കുറച്ച് കൂടുതൽ സജീവമായ ഒരു ജീവിതരീതി പിന്തുടരുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഗ്രോനിംഗൻ സർവകലാശാലയിലെ ഗവേഷകർ അഭിപ്രായപ്പെട്ടു.

Related Posts