വാഴപ്പഴം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ഫലമാണ്. വാഴപ്പഴത്തിൽ അടങ്ങിയ പൊട്ടാസ്യം ആണ് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നത്. പൊട്ടാസ്യം അടങ്ങിയ മറ്റൊരു പഴമാണ് അവക്കാഡോ. മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ചീര, തക്കാളി, ബീറ്റ്റൂട്ട്, തേങ്ങാവെള്ളം, പയറുവർഗ്ഗങ്ങൾ, മീൻ, ഉണങ്ങിയ ആപ്രിക്കോട്ട്, സോയബീൻ എന്നിവയിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ദിവസവും ആവശ്യത്തിന് പൊട്ടാസ്യം ശരീരത്തിൽ എത്തുന്നത് രക്തസമ്മർദം സ്ഥിരമായി നിലനിർത്താൻ സഹായിക്കും.
ഫൈബറും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ പഴമാണ് ആപ്പിൾ. ദഹനത്തെ സഹായിക്കുന്ന ഇതിലെ ഫൈബറും കോശങ്ങളെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകളും ആരോഗ്യത്തിന് അത്യാവശ്യമാണ്. ഉലുവ, മുന്തിരി, കിവി തുടങ്ങിയവയും ഫൈബറുകളുടെ കലവറയാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, പ്രമേഹം, അർബുദം, ശരീരഭാരം എന്നിവ കുറയ്ക്കാൻ ഫൈബർ ശരാരത്തിലെത്തുന്നത് നല്ലതാണ്. ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയിൽ ആന്റിഓക്സിഡന്റുകളുണ്ട്. മധുരനാരങ്ങ, ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയവയും ആന്റിഓക്സിഡന്റുകളുടെ ഉറവിടമാണ്. വെള്ളക്കടലയിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്.
















