Articles Health

പ്രായം 50 കഴിഞ്ഞോ? മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കരുത്; മുന്നറിയിപ്പുമായി ന്യൂറോ സയന്റിസ്റ്റ്

പ്രായം 50 കടക്കുന്നതോടെ സ്ത്രീകളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ധർ നിരന്തരം ഓർമ്മിപ്പിക്കാറുണ്ട്. എന്നാൽ പുതിയൊരു പഠനമനുസരിച്ച്, ഈ പ്രായത്തിൽ സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ‘മഗ്നീഷ്യത്തിന്റെ’ കുറവാണ്. ആവശ്യത്തിന് മഗ്നീഷ്യം ലഭിച്ചില്ലെങ്കിൽ ശരീരം അത് എല്ലുകളിൽ നിന്ന് വലിച്ചെടുക്കുമെന്നും ഇത് എല്ലുകളുടെ ബലക്ഷയത്തിന് കാരണമാകുമെന്നും ന്യൂറോ സയന്റിസ്റ്റായ റോബർട്ട് ലവ് മുന്നറിയിപ്പ് നൽകുന്നു.

നമ്മുടെ ശരീരത്തിലെ മുന്നൂറിലധികം എൻസൈമാറ്റിക് പ്രവർത്തനങ്ങൾക്ക് മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്. മസ്തിഷ്ക ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും ഇത് സഹായിക്കുന്നു. 50 വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് ഓസ്റ്റിയോപൊറോസിസ് പോലുള്ള ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കാം. ഭക്ഷണത്തിലൂടെ ആവശ്യത്തിന് മഗ്നീഷ്യം ലഭിക്കാതെ വരുമ്പോൾ, രക്തത്തിലെ ഇതിന്റെ അളവ് നിലനിർത്താനായി ശരീരം എല്ലുകളിൽ സംഭരിച്ചിരിക്കുന്ന മഗ്നീഷ്യം ഉപയോഗിക്കാൻ തുടങ്ങും. ഇത് എല്ലുകൾ പൊടിഞ്ഞുപോകുന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

ഏത് തരം മഗ്നീഷ്യമാണ് ഗുണകരം?

വിപണിയിൽ പലതരം മഗ്നീഷ്യം സപ്ലിമെന്റുകൾ ലഭ്യമാണെങ്കിലും അവയുടെ ഗുണനിലവാരത്തിൽ വ്യത്യാസമുണ്ടെന്ന് റോബർട്ട് ലവ് ചൂണ്ടിക്കാണിക്കുന്നു. മഗ്നീഷ്യം ഗ്ലൈസിനേറ്റ് ശരീരത്തിന് വേഗത്തിൽ ആഗിരണം ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. സ്ട്രെസ് കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും ഇത് ഏറെ സഹായിക്കും. വയറിന് അസ്വസ്ഥതകൾ ഉണ്ടാക്കില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.

മസ്തിഷ്ക ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് മഗ്നീഷ്യം ത്രയോണേറ്റ്. ഇത് രക്തത്തിലൂടെ തലച്ചോറിലെത്തുകയും ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ് മഗ്നീഷ്യം ടോറേറ്റ്. മഗ്നീഷ്യം സിട്രേറ്റിന് വില കുറവാണെങ്കിലും ഇത് ശരീരത്തിന് അത്ര വേഗത്തിൽ ആഗിരണം ചെയ്യാൻ കഴിയില്ല. ഇത് പലപ്പോഴും വയറിളക്കം പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാകാറുണ്ട്.

മഗ്നീഷ്യം സമ്പന്നമായ ഭക്ഷണങ്ങൾ (ഉദാഹരണത്തിന് ഇലക്കറികൾ, നട്സ്, വിത്തുകൾ, ഡാർക്ക് ചോക്ലേറ്റ്) ശീലമാക്കുന്നതാണ് ഏറ്റവും ഉചിതം. എങ്കിലും, സപ്ലിമെന്റുകൾ കഴിക്കാൻ ആഗ്രഹിക്കുന്നവർ ഒരു ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷം മാത്രം കൃത്യമായ അളവിൽ ഇവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

Related Posts