നമ്മുടെ നാട്ടിൽ എവിടെയും എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നാണ് ഏത്തപ്പഴം. ഗുണങ്ങളുടെ കാര്യത്തിൽ ഇത്രയധികം മുന്നിൽ നിൽക്കുന്ന മറ്റൊരു പഴം ഉണ്ടോ എന്ന് സംശയമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന ഏത്തപ്പഴം ആരോഗ്യ ഗുണങ്ങളും നിറഞ്ഞതാണ്.
“ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്തും” എന്ന ചൊല്ല് നമ്മൾ ഏറെ കേട്ടിട്ടുണ്ട്. എന്നാൽ ആപ്പിളിന് പകരം ദിവസവും ഒരു ഏത്തപ്പഴം കഴിച്ചാലും ഇതേ ഗുണം ലഭിക്കുമെന്ന് പറയുകയാണ് പ്രമുഖ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ.ശുഭം വത്സ്യ. ഡൽഹി വസന്ത് കുഞ്ചിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ വിദഗ്ധനായ അദ്ദേഹം, ഏത്തപ്പഴം എങ്ങനെയാണ് നമ്മുടെ കുടലിന്റെയും ഹൃദയത്തിന്റെയും സംരക്ഷകനാകുന്നതെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിശദീകരിച്ചിട്ടുണ്ട്.
ലളിതമായി കഴിക്കാവുന്നതും പോഷകസമൃദ്ധവുമാണ് ഏത്തപ്പഴം. ഒരു ഇടത്തരം വലിപ്പമുള്ള പഴത്തിൽ ഏകദേശം 105 കാലറി അടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ പൊട്ടാസ്യം, വൈറ്റമിൻ ബി6, വൈറ്റമിൻ സി, ഫൈബർ എന്നിവയുടെ കലവറയാണിത്. ഏത്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ‘റെസിസ്റ്റന്റ് സ്റ്റാർച്ച്’, പ്രീബയോട്ടിക് നാരുകൾ എന്നിവ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ഈ ബാക്ടീരിയകൾ നാരുകളെ പുളിപ്പിച്ച് ‘ബ്യൂട്ടറേറ്റ്’ പോലുള്ള ഫാറ്റി ആസിഡുകൾ ഉത്പാദിപ്പിക്കുന്നു. ഇത് കുടലിലെ വീക്കം കുറയ്ക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു. കൂടാതെ, അൾസറിനെ പ്രതിരോധിക്കാനുള്ള ശേഷിയും ഏത്തപ്പഴത്തിനുണ്ട്.
ഇവയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു ധാതുവാണിത്. ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും പഴത്തിൽ ധാരാളമുണ്ട്. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾക്ക് പകരം വിശക്കുമ്പോൾ ഒരു പഴം കഴിക്കുന്നത് ശീലമാക്കുക. ഇത് വിശപ്പ് ശമിപ്പിക്കുക മാത്രമല്ല, ശരീരത്തിന് പെട്ടെന്ന് ഊർജം നൽകുകയും ചെയ്യുന്നു.
മനസ്സിന് സന്തോഷം നൽകുന്ന ‘സെറോടോണിൻ’ ആയി മാറുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു. ഇരുമ്പ് സത്ത് അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കുന്നു.
വയറിന്റെ അസ്വസ്ഥതകൾ ഒഴിവാക്കാനും ആരോഗ്യം നിലനിർത്താനും പ്രകൃതിദത്തമായ ഈ ‘സൂപ്പർ ഫുഡ്’ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്. നന്നായി പഴുത്ത ഏത്തപ്പത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ പ്രമേഹമുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക.
















