Articles Health

ചെവിയിൽ പെട്ടെന്നുണ്ടാകുന്ന ആ മുഴക്കം ഭയപ്പെടുത്തുന്നുണ്ടോ? എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

മ്മളിൽ പലർക്കും എപ്പോഴെങ്കിലും അനുഭവിച്ചിട്ടുള്ള ഒന്നാണ് ചെവിക്കുള്ളിലെ പെട്ടെന്നുള്ള ആ ചെറിയ മുഴക്കം. നിശബ്ദമായി ഇരിക്കുമ്പോഴോ ജോലിക്കിടയിലോ ആയിരിക്കും ഒരു കാരണവുമില്ലാതെ സെക്കന്റുകൾ മാത്രം നീണ്ടുനിൽക്കുന്ന ഒരു ശബ്ദം ചെവിയിൽ മുഴങ്ങുന്നത്. ഇത് എന്തെങ്കിലും ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമാണോ എന്ന് പലരും ആശങ്കപ്പെടാറുണ്ട്. ഈ വിഷയത്തിൽ വ്യക്തത വരുത്തുകയാണ് അമേരിക്കയിലെ പ്രശസ്ത അനസ്തേഷ്യോളജിസ്റ്റും ഇന്റർവെൻഷണൽ പെയ്ൻ മെഡിസിൻ ഫിസിഷ്യനുമായ ഡോ. കുനാൽ സൂദ്.

ചെവിയിൽ പെട്ടെന്നുണ്ടാകുന്ന ഈ ശബ്ദത്തെ ശാസ്ത്രീയമായി ‘ട്രാൻസിയന്റ് ഇയർ നോയിസ്’ എന്നാണ് വിളിക്കുന്നത്. ലോകജനസംഖ്യയിൽ 75 ശതമാനത്തിലധികം ആളുകളും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് അനുഭവിച്ചിട്ടുള്ളവരാണെന്ന് ഡോ. കുനാൽ സൂദ് പറയുന്നു. ഇത് ഭയപ്പെടേണ്ട ഒന്നല്ലെന്നും ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കാരണങ്ങൾ എന്തൊക്കെ?

ചെവിയിലെ ഈ മുഴക്കം ഉണ്ടാകാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഡോക്ടർ ചൂണ്ടിക്കാണിക്കുന്നത്. ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാതെ വരുമ്പോൾ നാഡീവ്യൂഹത്തിലുണ്ടാകുന്ന സമ്മർദ്ദം ഇതിന് കാരണമാകാം. അമിതമായ ജോലിഭാരവും ടെൻഷനും ഇത്തരം ശബ്ദങ്ങൾ കേൾക്കാൻ ഇടയാക്കും. കാപ്പി, ചായ തുടങ്ങിയ പാനീയങ്ങളുടെ അമിത ഉപയോഗം നാഡികളെ ഉത്തേജിപ്പിക്കുകയും താൽക്കാലികമായി ഇത്തരം മുഴക്കങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്?

മിക്കവാറും സന്ദർഭങ്ങളിൽ ഈ ശബ്ദം ഒരു മിനിറ്റിൽ താഴെ മാത്രമേ നീണ്ടുനിൽക്കാറുള്ളൂ. എന്നാൽ, ചെവിയിലെ മുഴക്കം ഒരു മിനിറ്റിലധികം നീണ്ടുനിൽക്കുകയാണെങ്കിൽ, ഇടയ്ക്കിടെ ആവർത്തിച്ചു വരികയാണെങ്കിൽ, മുഴക്കത്തോടൊപ്പം കേൾവിശക്തി കുറയുകയോ തലകറക്കം അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കിൽ തുടങ്ങിയ സാഹചര്യങ്ങളിൽ വൈദ്യസഹായം തേടാൻ ഡോക്ടർ നിർദ്ദേശിക്കുന്നു.

മതിയായ ഉറക്കവും വിശ്രമവും ഉറപ്പാക്കുന്നതിലൂടെ ഒരു പരിധിവരെ ഇത് ഒഴിവാക്കാം. എന്നാൽ ലക്ഷണം വിട്ടുമാറുന്നില്ലെങ്കിൽ ഒരു ഇഎൻടി വിദഗ്ധന്റെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.

Related Posts