കൊച്ചി: രോഗിയുടെ ബ്രെയിൻ ഡാറ്റ ഉപയോഗിച്ച് അപസ്മാരത്തിന് കാരണമായ തലച്ചോറിലെ ഭാഗം കൃത്യമായി കണ്ടെത്തുന്ന പുതിയ രീതി വികസിപ്പിച്ച് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാർ. മരുന്നുകൊണ്ടുള്ള ചികിത്സ ഫലപ്രദമല്ലാത്ത അപസ്മാരമുള്ളവർക്ക് ശസ്ത്രക്രിയ നടത്താറുണ്ട്. പുതിയ കണ്ടെത്തൽ ശസ്ത്രക്രിയ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കും.
‘മരുന്നുകളോട് പ്രതികരിക്കാത്ത അപസ്മാരം’ (Drug-resistant epilepsy) എന്നറിയപ്പെടുന്ന അവസ്ഥയുള്ളവർക്കാണ് ശസ്ത്രക്രിയയിലൂടെ അപസ്മാരം മാറ്റുന്നത്. അപസ്മാര ശസ്ത്രക്രിയയ്ക്ക് കൃത്യത പ്രധാനമാണ്. കൃത്യതക്കുറവ് ഉണ്ടായാൽ ശസ്ത്രക്രിയയുടെ പരാജയപ്പെടലിനോ രോഗികൾക്ക് അനാവശ്യമായ ആരോഗ്യപ്രശ്നങ്ങൾക്കോ കാരണമായേക്കാം.സാധാരണയായി അപസ്മാര സ്രോതസ്സ് തലച്ചോറിന്റെ MRI സ്കാനിലൂടെയാണ് പരിശോധിക്കുന്നത്. MRI സ്കാൻ നോർമൽ ആകുന്ന സാഹചര്യത്തിൽ FDG-PET എന്ന സ്കാനിങ് രീതിയാണ് ഉപയോഗിക്കാറുള്ളത്.
എന്നാൽ പലപ്പോഴും FDG-PET സ്കാൻ നോക്കി അപസ്മാര ശ്രോതസ്സ് വിലയിരുത്തുമ്പോൾ (visual interpretation) അത് കൃത്യമാവണമെന്നില്ല. ഇതിനുപകരമായാണ് ഇപ്പോൾ അമൃത ആശുപത്രിയിലെ ഡോക്ടർമാർ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സ്കാനുകൾ വിശകലനം ചെയ്യുന്നതിനായി പാസ്കോം( (PASCOM – PET Asymmetry after Anatomical Symmetrization Coregistered to MRI) എന്ന ഒരു പുതിയ രീതി വികസിപ്പിച്ചെടുത്തത്. ഈ രീതിയിൽ രോഗിയുടെ തന്നെ തലച്ചോറിന്റെ ഇടതും , വലതും വശങ്ങൾ കംപ്യുട്ടേഷണൽ ടൂളുകൾ ഉപയോഗിച്ച് താരതമ്യപ്പെടുത്തും. വളരെ ചെറിയ ഒരു വ്യതിയാനം പോലും രേഖപ്പെടുത്തുകയും അപസ്മാര സ്രോതസ്സ് കൃത്യതയോടെ കണ്ടെത്തുകയും ചെയ്യും.
















