തൈറോയ്ഡ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. മരുന്നുകൾക്കൊപ്പം തന്നെ ഭക്ഷണക്രമത്തിൽ വരുത്തുന്ന ചില മാറ്റങ്ങൾ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. തൈറോയ്ഡ് ആരോഗ്യത്തിന് ആയുർവേദ ആരോഗ്യ വിദഗ്ധയായ ഡിംപിൾ ജംങ്ദ നിർദേശിക്കുന്ന അഞ്ച് പ്രധാന ‘സൂപ്പർ ഫുഡുകൾ’ ഇവയാണ്.
- സെലേനിയം അടങ്ങിയ ഭക്ഷണങ്ങൾ (ഉദാഹരണത്തിന് ബ്രസീൽ നട്‌സ്)
തൈറോയ്ഡ് ഹോർമോണുകളായ T3, T4 എന്നിവയുടെ ഉത്പാദനത്തിന് സെലേനിയം എന്ന ധാതു അത്യന്താപേക്ഷിതമാണ്. ദിവസവും രണ്ട് ബ്രസീൽ നട്‌സ് (കുതിർത്തത്) കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ സെലേനിയം നൽകുകയും തൈറോയ്ഡ് പ്രവർത്തനം സന്തുലിതമാക്കാൻ സഹായിക്കുകയും ചെയ്യും.
- അയഡിൻ
തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് അയഡിൻ. അയഡിന്റെ കുറവ് ലോകമെമ്പാടും തൈറോയ്ഡ് രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. അയഡിൻ കലർന്ന ഉപ്പ്, കടൽ പായലുകൾ, സ്ട്രോബെറി എന്നിവ അയഡിന്റെ നല്ല ഉറവിടങ്ങളാണ്. ഹോർമോൺ ഉത്പാദനം കൃത്യമായി നടക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

- ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞ ഭക്ഷണങ്ങൾ
തൈറോയ്ഡ് ഗ്രന്ഥിയിലെ കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്നും നാശത്തിൽ നിന്നും സംരക്ഷിക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. ബെറികൾ (ബ്ലൂബെറി, റാസ്‌ബെറി), നെല്ലിക്ക, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗ്രന്ഥിയുടെ വീക്കം കുറയ്ക്കാൻ സഹായിക്കും.
- സിങ്ക്
തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാനും അവ ശരീരത്തിൽ കൃത്യമായി പ്രവർത്തിക്കാനും സിങ്ക് അത്യാവശ്യമാണ്. മുളപ്പിച്ച ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, സീഡ്സുകൾ എന്നിവയിൽ ധാരാളമായി സിങ്ക് അടങ്ങിയിട്ടുണ്ട്. ഇവ ഹോർമോൺ നില കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു.
- ഒമേഗ-3 ഫാറ്റി ആസിഡുകൾ
ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ ഒമേഗ-3 പ്രധാനമാണ്. ഫിഷ് ഓയിൽ, ഫ്ളാക്സ് സീഡുകൾ, ചിയ സീഡുകൾ, വാൾനട്ട് എന്നിവ ഒമേഗ-3യുടെ മികച്ച ഉറവിടങ്ങളാണ്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നു.
തൈറോയ്ഡ് പ്രശ്നമുള്ളവർ മരുന്നുകൾ കൃത്യമായി കഴിക്കുന്നതിനൊപ്പം ഡോക്ടറുടെയോ പോഷകാഹാര വിദഗ്ധന്റെയോ നിർദ്ദേശപ്രകാരം ഈ ഭക്ഷണങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കുന്നത് ഉചിതമായിരിക്കും.
















