ഇന്ത്യയിലെ ജനസംഖ്യയിൽ ഏകദേശം 70-80 ശതമാനം ആളുകളും പ്രോട്ടീൻ കുറവ് നേരിടുന്നുണ്ടെന്നാണ് ഇന്ത്യൻ മെഡിക്കൽ റിസർച്ച് സെന്ററിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. സസ്യാഹാരികളെ സംബന്ധിച്ചിടത്തോളം പ്രോട്ടീൻ ലഭിക്കാൻ ആശ്രയിക്കുന്ന പ്രധാന രണ്ട് ഭക്ഷണങ്ങളാണ് പനീറും ടോഫുവും. എന്നാൽ ഇവയിൽ ഏതാണ് കൂടുതൽ ഗുണകരം?
പ്രോട്ടീൻ അളവ്: ഒരു താരതമ്യം
പനീറിലും ടോഫുവിലും അടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ അളവ് അവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പാലിന്റെയോ സോയാബീനിന്റെയോ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ കണക്കുകൾ പ്രകാരം 100 ഗ്രാം പനീറിൽ ഏകദേശം 18 മുതൽ 25 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. സോയാപാലിൽ നിന്ന് നിർമ്മിക്കുന്ന ടോഫുവിൽ പ്രോട്ടീൻ ഉണ്ടെങ്കിലും പനീറിനെ അപേക്ഷിച്ച് ഇതിന്റെ അളവ് അല്പം കുറവായിരിക്കാം. പ്രോട്ടീന്റെ അളവിൽ പനീറാണ് മുന്നിലെങ്കിലും, ശരീരത്തിന്റെ ആരോഗ്യസ്ഥിതി അനുസരിച്ചാണ് ഇവ തിരഞ്ഞെടുക്കേണ്ടത്.
പനീറിന്റെ ഗുണങ്ങൾ
പ്രോട്ടീനും കാൽസ്യവും ധാരാളമായി അടങ്ങിയ ഒന്നാണ് പനീർ. ജിമ്മിൽ പോകുന്നവർക്കും വ്യായാമം ചെയ്യുന്നവർക്കും പേശികളുടെ വളർച്ചയ്ക്കും തേയ്മാനം പരിഹരിക്കാനും പനീർ മികച്ചതാണ്. ഇതിലെ ഉയർന്ന കാൽസ്യം അസ്ഥികളുടെ ബലം വർധിപ്പിക്കുന്നു. പനീറിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സുകൾ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. പനീറിൽ കൊഴുപ്പും കൊളസ്ട്രോളും കൂടുതലായതിനാൽ ഹൃദ്രോഗം, പ്രമേഹം എന്നിവ ഉള്ളവർ മിതമായ അളവിൽ മാത്രമേ ഇത് ഉപയോഗിക്കാവൂ.
ടോഫുവിന്റെ ഗുണങ്ങൾ
സോയാപാലിൽ നിന്ന് നിർമ്മിക്കുന്ന ടോഫു പനീറിന് ഒരു മികച്ച പകരക്കാരനാണ്. ടോഫുവിൽ സാച്ചുറേറ്റഡ് ഫാറ്റ് കുറവാണ്, കൂടാതെ കൊളസ്ട്രോൾ ഒട്ടും തന്നെയില്ല. ഇത് ഹൃദയത്തിന് ഗുണകരമാണ്. കാലറി കുറഞ്ഞ ഭക്ഷണമായതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ടോഫു അനുയോജ്യമാണ്. ഇതിലെ ‘ഐസോഫ്ലാവോണുകൾ’ ചിലതരം കാൻസറുകളെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഏതാണ് തിരഞ്ഞെടുക്കേണ്ടത്?
പ്രോട്ടീന്റെ അളവ് നോക്കിയാൽ പനീറാണ് മുന്നിൽ. എന്നാൽ കാലറി കുറഞ്ഞതും കൊളസ്ട്രോൾ ഇല്ലാത്തതുമായ ഒരു ഭക്ഷണമാണ് നിങ്ങൾ തിരയുന്നതെങ്കിൽ ടോഫു ആണ് മികച്ചത്. അമിതമായി പനീർ കഴിക്കുന്നത് ശരീരഭാരം കൂടാനും കൊളസ്ട്രോൾ വർധിക്കാനും കാരണമായേക്കാം. നിങ്ങളുടെ ആരോഗ്യസ്ഥിതിക്കും ശാരീരിക ആവശ്യങ്ങൾക്കും അനുസരിച്ച് പനീറോ ടോഫുവോ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പ്രോട്ടീൻ കുറവ് പരിഹരിക്കാൻ ഇവ രണ്ടും മികച്ച ഓപ്ഷനുകളാണ്.
















