Health

മദ്യം ചെറിയ അളവിൽ കഴിച്ചാലും മറവിരോഗത്തിനുള്ള സാധ്യത കൂട്ടുമെന്ന് പുതിയ പഠനം

മദ്യം ആരോഗ്യത്തിന് നല്ലതല്ലെന്ന് അറിയാമെങ്കിലും മദ്യപാന ശീലം ഉപേക്ഷിക്കാൻ പലരും തയ്യാറല്ല. മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട് നിരവധി രോഗങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ, മദ്യവും ഡിമെൻഷ്യയും (മറവി രോഗം) തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു പുതിയ പഠനം ആശങ്കാജനകമാണ്. മദ്യം കഴിക്കുന്നത് ഡിമെൻഷ്യയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. ചെറിയ അളവിൽ മദ്യം കഴിക്കുന്നത് തലച്ചോറിന് സംരക്ഷണം നൽകുമെന്ന മുൻ കാല പഠനങ്ങളെ ചോദ്യം ചെയ്യുന്നതാണ് പുതിയ പഠനം.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് പഠനം നടത്തിയത്. യുകെയിലെ ബയോബാങ്ക് പഠനത്തിന്റെയും യുഎസ് മില്യൺ വെറ്ററൻ പ്രോഗ്രാമിന്റെയും ഭാഗമായ ഏകദേശം 5,60,000 ആളുകളിൽ നിന്ന് സ്വീകരിച്ച വിവരങ്ങൾ വച്ചാണ് മദ്യപാനവും ഡിമെൻഷ്യ സാധ്യതയും പരിശോധിച്ചത്. ആളുകൾ എത്രമാത്രം മദ്യം കഴിക്കുന്നുവെന്ന് അവരിൽ നിന്ന് സ്വയം രേഖപ്പെടുത്തി വാങ്ങുകയും പിന്നീട് മദ്യപാനത്തിന്റെ അളവും കാലക്രമേണ മറവിരോഗം വരാനുള്ള സാധ്യതയും താരതമ്യം ചെയ്തുമാണ് പഠനം നടത്തിയത്. പഠനത്തിലെ കണ്ടെത്തലുകൾ ബിഎംജെ എവിഡൻസ്- ബേസ്ഡ് മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചെറിയ അളവിലുള്ള മദ്യപാനം തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുമെന്ന് മുൻകാല പഠനങ്ങൾ പറയുമ്പോൾ, പുതിയ പഠനത്തിൽ അത്തരത്തിൽ സംരക്ഷണം നൽകുന്ന മദ്യപാനത്തിന്റെ അളവ് കണ്ടെത്തിയില്ല. കൂടുതൽ മദ്യം കഴിക്കുന്നതിനനുസരിച്ച് ഡിമെൻഷ്യ സാധ്യത വർധിച്ചുവെന്ന് പുതിയ പഠനം പറയുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മദ്യം കഴിക്കുന്നവർക്കു പോലും, കുറച്ച് മദ്യം കഴിക്കുന്നവരെ അപേക്ഷിച്ച് ഡിമെൻഷ്യ വരാനുള്ള സാധ്യത 15% കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി.

മദ്യവുമായി ബന്ധപ്പെട്ട ചില ജീനുകൾ എന്തൊക്കെ പ്രത്യാഘതങ്ങളാണ് ഉണ്ടാക്കുന്നതെന്നും, എങ്ങനെയാണ് മദ്യപാനം തലച്ചോറിനെ ബാധിക്കുന്നതെന്നും ശാസ്ത്രജ്ഞർ വിശകലനം ചെയ്തു. ചെറിയ അളവിൽ മദ്യം കഴിക്കുന്നത് പോലും ഡിമെൻഷ്യ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ യുകെയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സൈക്യാട്രി വിഭാഗത്തിലെ മുതിർന്ന ക്ലിനിക്കൽ ഗവേഷകയായ അന്യ ടോപ്പിവാല പറഞ്ഞു.

ഈ വിഷയത്തിൽ നടന്ന ഏറ്റവും വലിയ പഠനമാണെന്നും നിരീക്ഷണങ്ങളുടെയും ജനിതകപരവുമായ വിശകലനങ്ങളുടെയും സംയോജനമാണ് പഠനത്തിൽ നിർണായകമായതെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയുടെ മധ്യവയസിലോ വാർധക്യത്തിലോ ഉള്ള മദ്യപാനശീലങ്ങൾ മാത്രമാണ് നിരീക്ഷണ പഠനങ്ങൾക്കായി ശേഖരിച്ചത്. ഇത് ആളുകളുടെ ഓർമകളെ അടിസ്ഥാനമാക്കിയുള്ളതായതിനാൽ എല്ലായ്പ്പോഴും കൃത്യമാകണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts