യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏകദേശം 100 ദശലക്ഷം മുതിർന്നവർ പ്രീ ഡയബറ്റിസുമായി ജീവിക്കുന്നവരാണ്. പ്രമേഹ ബാധിതനാകുവാനും, ആകാതിരിക്കാനും സാധ്യതയുള്ള അവസ്ഥ എന്നാണ് പ്രീ ഡയബറ്റിസ് കൊണ്ട് അർത്ഥമാക്കുന്നത്. നിയന്ത്രിക്കാതെ വിട്ടാൽ ടൈപ്പ് 2 പ്രമേഹമായി മാറിയേക്കാം. എന്നാൽ ഒരു പഴത്തിന് പ്രമേഹ സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം.
ജോർജ് മേസൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ നടത്തിയ പുതിയ പഠനത്തിൽ, മാമ്പഴത്തിന് പ്രമേഹത്തെ അകറ്റി നിർത്താൻ സാധിക്കുമെന്ന് കണ്ടെത്തി. അതേസമയം, പഠനത്തിലെ കണ്ടെത്തലുകൾ ജനപ്രിയ വിശ്വാസങ്ങൾക്ക് തികച്ചും വിരുദ്ധമാണ്. പ്രകൃതിദത്ത പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളുടെ ഗുണങ്ങളെക്കുറിച്ചും പഞ്ചസാര ചേർത്ത ഭക്ഷണങ്ങളെക്കുറിച്ചുമാണ് ഗവേഷകർ പരിശോധിച്ചത്.
ഉഷ്ണമേഖലാ പഴങ്ങളിൽ പത്ത് മുതൽ 50 ഗ്രാം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഏറ്റവും ഉയർന്ന പഞ്ചസാരയുണ്ടെന്ന് കരുതപ്പെടുന്ന ഒരു പഴമാണ് മാമ്പഴം. ഉയർന്ന പഞ്ചസാരയുടെ അളവ് കാരണം പ്രമേഹമുള്ളവർ ഈ പഴം ഒഴിവാക്കാറാണ് പതിവ്. എന്നാൽ, പഞ്ചസാര കുറഞ്ഞ പല ലഘുഭക്ഷണങ്ങളേക്കാളും കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും, മാമ്പഴം പ്രീ ഡയബറ്റിസ് ഉള്ള മുതിർന്നവർക്ക് സംരക്ഷണ ഘടകങ്ങൾ നൽകുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു.
മാമ്പഴത്തിൽ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ ഫലങ്ങൾ മനസിലാക്കാൻ, ഗവേഷകർ പങ്കെടുക്കുന്നവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു; ഒരു ഗ്രൂപ്പിന് ദിവസവും ഒരു മാമ്പഴം നൽകി, മറ്റൊരു ഗ്രൂപ്പിന് എല്ലാ ദിവസവും കുറഞ്ഞ പഞ്ചസാര അടങ്ങിയ ഗ്രനോള ബാർ നൽകി. ആറ് മാസത്തിലേറെ പഠനത്തിൽ പങ്കെടുത്തവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, ഇൻസുലിനോടുള്ള ശാരീരിക പ്രതികരണങ്ങൾ, ശരീരത്തിലെ കൊഴുപ്പ് എന്നിവ ഗവേഷകർ അളന്നു.
പഞ്ചസാര കൂടുതലുള്ള മാമ്പഴം (32 ഗ്രാം പഞ്ചസാര) കുറഞ്ഞ പഞ്ചസാരയുള്ള ഗ്രനോള ബാറിനേക്കാൾ (11 ഗ്രാം പഞ്ചസാര) കൂടുതൽ ഗുണം ചെയ്യുമെന്ന് ഗവേഷകർ കണ്ടെത്തി. ദിവസവും മാമ്പഴം കഴിച്ചവർക്ക് മെച്ചപ്പെട്ട രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം, മെച്ചപ്പെട്ട ഇൻസുലിൻ സെൻസിറ്റിവിറ്റി, ശരീരത്തിലെ കൊഴുപ്പ് കുറവ് എന്നിവ കാണിച്ചു.
“പഞ്ചസാരയുടെ അളവ് മാത്രമല്ല പ്രധാനം, മറിച്ച് മൊത്തത്തിലുള്ള ഭക്ഷണ സാഹചര്യമാണ് പ്രധാനം,” ജോർജ് മേസണിന്റെ പോഷകാഹാര, ഭക്ഷ്യ പഠന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ബാസിരി പ്രസ്താവനയിൽ പറഞ്ഞു. പ്രമേഹവും മാമ്പഴത്തിന്റെ ഉപഭോഗവും തമ്മിൽ തെളിയിക്കുന്ന ആദ്യത്തെ ദീർഘകാല ക്ലിനിക്കൽ പരീക്ഷണമാണിത്.
മാമ്പഴത്തിൽ സ്വഭാവികമായി പഞ്ചസാര അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകൾ, മറ്റ് വിറ്റാമിനുകൾ, പോഷകങ്ങൾ എന്നിവയുമുണ്ട്. ഇവ അധിക ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ആരോഗ്യകരമായ ഭക്ഷണശീലത്തിനും പ്രമേഹ പ്രതിരോധത്തിനുള്ള മാർഗങ്ങൾക്കുമൊപ്പം മാമ്പഴം പോലുള്ള പഴങ്ങൾ ഉൾപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഠനം നടത്തിയത്.
















