കാൻസർ സാധാരണയായി മുതിർന്നവരിലാണ് കാണപ്പെടുന്നത്. എന്നാൽ, കുട്ടികളിലും ചിലതരം കാൻസറിനുള്ള സാധ്യതയുണ്ട്. ഇത് ആഗോളതലത്തിൽ തന്നെ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അപൂർവമാണെങ്കിലും, ലോകമെമ്പാടും കുട്ടികളിലെ കാൻസർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലുക്കീമിയ, ലിംഫോമ, ബ്രെയിൻ ട്യൂമറുകൾ, ന്യൂറോബ്ലാസ്റ്റോമ തുടങ്ങിയ കാൻസറുകൾ പെൺകുട്ടികളേക്കാൾ ആൺകുട്ടികളിൽ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. അതേസമയം, വിൽംസ് ട്യൂമർ പെൺകുട്ടികളിലാണ് കൂടുതലായി കാണപ്പെടുന്നത്.
മുതിർന്നവരിൽ സാധാരണയായി കാണപ്പെടുന്ന ജീവിതശൈലി അപകടസാധ്യതകൾ കുട്ടികളിൽ സാധാരണയായി കാൻസർ രോഗത്തിന് കാരണമാകുന്നില്ലെങ്കിലും, പ്രസവത്തിനു മുമ്പുള്ള ആരോഗ്യം, പാരിസ്ഥിതിക ഘടകങ്ങൾ, ചില അണുബാധകൾ എന്നിവ അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. എല്ലാ കാൻസർ കേസുകളും തടയാൻ കഴിയില്ലെങ്കിലും, ഗർഭാവസ്ഥയിലും, കുട്ടിക്കാലത്തും, കൗമാരത്തിലും ഉള്ള ചില നടപടികൾ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ശാസ്ത്രീയ ഗവേഷണങ്ങൾ ഊന്നിപ്പറയുന്നു.
കുട്ടികളിലെ കാൻസറിന്റെ കാരണങ്ങൾ
പല കാന്‍സറുകള്‍ക്കും പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാറുമില്ല. 5% താഴെ ജനിതകപരമായ കാരണങ്ങളാല്‍ ഈ രോഗം പിടിപെടാം. ഡൗണ്‍സിന്‍ഡ്രോം, ഫാന്കനി അനീമിയ, ബ്ലൂം സിന്‍ഡ്രോം, ന്യൂറോഫൈബ്രോമറ്റോസിസ് മുതലായവയുള്ള കുഞ്ഞുങ്ങള്‍ക്ക് രക്തത്തിലെ കാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുണ്ട്.
ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
കുട്ടികളിലെ ചില രോഗലക്ഷണങ്ങൾ കാൻസറിന്റെ ലക്ഷണങ്ങളായേക്കാം. തുടർച്ചയായ പനി, ശരീരത്തിലുണ്ടാകുന്ന ചതവുകൾ, രക്തസ്രാവം, ശരീരത്തിലെ വീക്കവും മുഴകളും, അസ്ഥി വേദന, തലവേദന, ആവർത്തിച്ചുള്ള ഛർദി, കാഴ്ചയിലുണ്ടാകുന്ന മാറ്റങ്ങൾ, പെട്ടെന്ന് ശരീരത്തിന്റെ ഭാരം കുറയുന്നത് ഇവയൊക്കെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യ സഹായം തേടുക.
ചികിത്സകൾ
ശസ്ത്രക്രിയ വഴി അര്‍ബുദത്തെ നീക്കം ചെയ്യാം. ട്യൂമറിന്റെ വ്യാപ്തിക്കും വലുപ്പത്തിനും അനുസരിച്ചാകും മറ്റു ചികിത്സാരീതികളായ റേഡിയേഷന് കീമോതെറാപ്പി തുടങ്ങിയവ തീരുമാനിക്കുന്നത്. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ചികിത്സ അതേ രീതിയില്‍ തുടര്‍ന്ന് പോയാല്‍ ഏറെക്കുറെ എല്ലാ കാന്‍സറുകളെയും പ്രതിരോധിക്കുവാനും അതിജീവിക്കുവാനും സാധിക്കും. കുട്ടികളുടെ ആരോഗ്യത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ പോലും കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ ഉപദേശം തേടുക. പ്രാഥമിക ഘട്ടത്തില്‍ കാന്‍സര്‍ കണ്ടെത്തിയാല്‍ 70-75% കുഞ്ഞുങ്ങളെയും പുതുജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും.
















