Health

ചെറിയ കാര്യങ്ങൾ പോലും മറക്കുന്നുണ്ടോ? അൽഷിമേഴ്‌സ് രോഗത്തിന്റെ തിരിച്ചറിയാതെ പോകുന്ന ലക്ഷണങ്ങൾ അറിയാം

ചെറിയ ഓർമ്മക്കുറവും ദൈനംദിന ശീലങ്ങളിലെ മറവികളുമായാണ് അൽഷിമേഴ്‌സ് രോഗം തുടങ്ങുന്നത്. ചിലപ്പോൾ ചെറിയ കാര്യങ്ങൾ പോലും മറന്നുപോകുന്നു. ഉദാഹരണത്തിന് നമ്മൾ എന്തിനാണ് ഒരു മുറിയിൽ കയറിയത് അല്ലെങ്കിൽ ആരുടെയെങ്കിലും പേര് ഓർക്കാൻ കഴിയാതെ വരിക. ഇതൊക്കെ പലപ്പോഴും സംഭവിക്കുകയും നിങ്ങൾക്ക് ഓർമ്മിക്കാൻ സഹായം ആവശ്യമായും വരുന്നുവെങ്കിൽ അൽഷിമേഴ്‌സിന്റെ ആദ്യകാല ലക്ഷണമായിരിക്കാം. അൽഷിമേഴ്‌സ് ആദ്യകാല രോഗലക്ഷണങ്ങളുള്ള ആളുകൾ ഒരേ ചോദ്യങ്ങൾ പലതവണ ചോദിച്ചേക്കാം, പ്രധാനപ്പെട്ട തീയതികൾ മറന്നുപോയേക്കാം, അല്ലെങ്കിൽ കുറിപ്പുകളോ കുടുംബത്തിൽ നിന്നുള്ള ആരുടെയെങ്കിലും സഹായമോ ആവശ്യമായി വന്നേക്കാം.

സമീപകാല സംഭവങ്ങൾ മറക്കുക, ചെയ്യുന്ന ജോലികൾ മറക്കുക, സമയത്തെക്കുറിച്ചോ സ്ഥലങ്ങളെക്കുറിച്ചോ ആശയക്കുഴപ്പം ഉണ്ടാവുക, മാനസികാവസ്ഥയിലും സ്വന്തം വ്യക്തിത്വത്തിലും കാണിക്കുന്ന മാറ്റങ്ങൾ ഇവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ നേരത്തേ കണ്ടെത്തുന്നത് മികച്ച വൈദ്യോപദേശം തേടാനും ലക്ഷണങ്ങൾ കൈകാര്യം ചെയ്യാനും സഹായിക്കുന്നു. സമ്മർദം, മോശം ഉറക്കം അല്ലെങ്കിൽ ക്ഷീണം എന്നിവയൊക്കെ സാധാരണ മറവിക്ക് കാരണമാകാം. എന്നാൽ, അൽഷിമേഴ്‌സ് മൂലമുണ്ടാകുന്ന മറവി വ്യത്യസ്തമാണ്. ഇത് കാലക്രമേണ മെച്ചപ്പെടുന്നതിനുപകരം കൂടുതൽ വഷളാകുന്നു.

അൽഷിമേഴ്‌സിന്റെ ആദ്യകാല ലക്ഷണങ്ങൾ

ബില്ലുകൾ അടയ്ക്കുക, പാചകം, പണം സൂക്ഷിക്കുക തുടങ്ങിയ ലളിതമായ കാര്യങ്ങൾ ആദ്യകാല അൽഷിമേഴ്‌സ് ഉള്ള ഒരാൾക്ക് ബുദ്ധിമുട്ടായി മാറിയേക്കാം. ഒരു കടയിലേക്ക് വാഹനമോടിച്ച് പോവുക, വീട്ടുപകരണങ്ങൾ ഉപയോഗിക്കുക, അല്ലെങ്കിൽ ഗെയിം കളിക്കുക തുടങ്ങിയ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പെട്ടെന്ന് ബുദ്ധിമുട്ടുള്ളതോ ആശയക്കുഴപ്പമുണ്ടാക്കുന്നതോ ആയി തോന്നിയേക്കാം. അൽഷിമേഴ്‌സ് ഒരാളെ തീയതി, സമയം അല്ലെങ്കിൽ സീസൺ എന്നിവ മറക്കാൻ ഇടയാക്കും. അവർക്ക് നന്നായി അറിയാവുന്ന സ്ഥലങ്ങൾ മറന്നു പോയതായി തോന്നുകയോ അല്ലെങ്കിൽ അവർ ഒരു സ്ഥലത്ത് എങ്ങനെ എത്തിയെന്ന് മറക്കുകയോ ചെയ്തേക്കാം.

ഓർമ്മയിലും പെരുമാറ്റത്തിലുമുള്ള മാറ്റങ്ങൾ

അൽഷിമേഴ്‌സ് ബാധിച്ച ഒരാൾക്ക് ദൂരം മനസ്സിലാക്കുന്നതിനോ, സ്ഥലങ്ങളുടെ പേരുകൾ വായിക്കുന്നതിനോ, പടികൾ കയറുന്നതിനോ, റോഡരികുകളിൽ നടക്കുന്നതിനോ പ്രശ്‌നമുണ്ടാക്കാം. സംസാരത്തെ പോലും ബാധിച്ചേക്കാം. വാക്കുകൾ മറന്നുപോയേക്കാം, അല്ലെങ്കിൽ പലപ്പോഴും ഒരേ കാര്യം ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കാം.

സാധനങ്ങൾ അസാധാരണമായ സ്ഥലത്ത് വയ്ക്കുന്നതാണ് മറ്റൊരു ലക്ഷണം. ഉദാഹരണത്തിന്, റിമോട്ട് ഫ്രീസറിൽ വയ്ക്കുക. അൽഷിമേഴ്‌സ് ബാധിച്ച ആളുകൾ സാധനങ്ങൾ എവിടെ വെച്ചെന്ന് മറന്നുപോയേക്കാം. ചിലപ്പോൾ, ഓർക്കാൻ കഴിയാത്തതിനാൽ ആരോ തങ്ങളുടെ സാധനങ്ങൾ എടുത്തതാണെന്ന് കരുതിയേക്കാം. അപരിചിതർക്ക് പണം നൽകുക, കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത വസ്ത്രങ്ങൾ ധരിക്കുക, അല്ലെങ്കിൽ വ്യക്തിഗത ശുചിത്വം അവഗണിക്കുക എന്നിവ മറ്റു ലക്ഷണങ്ങളാണ്.

ഈ ലക്ഷണങ്ങളിൽ പലതും ശ്രദ്ധയിൽപ്പെട്ടാൽ, നിങ്ങൾ ഒരു ഡോക്ടറെ കാണണം. അൽഷിമേഴ്‌സ് രോഗമോ മറ്റെന്തെങ്കിലുമോ ആണോയെന്ന് ഒരു ഡോക്ടർക്ക് സ്ഥിരീകരിക്കാൻ കഴിയും. രോഗം നേരത്തെ കണ്ടെത്തുന്നത് ചികിത്സയും പിന്തുണയും നേടാൻ സഹായിക്കുന്നു, കൂടാതെ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു.

Related Posts