Health

അമിതമായി മധുരമടങ്ങിയ പാനീയങ്ങൾ അപകടകരം; അർബുദത്തിന് കാരണമാകുമെന്ന് പഠനം

ശീതളപാനീയങ്ങൾ, പാക്കറ്റ് ജ്യൂസുകൾ, എനർജി ബൂസ്റ്ററുകൾ തുടങ്ങി അമിതമായ മധുരം കലർന്ന പാനീയങ്ങൾ ഇന്ന് പലരുടെയും ദൈനംദിനജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ, ഇത്തരം പാനീയങ്ങളുടെ സ്ഥിരമായ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെക്കുമെന്നതാണ് പുതിയ പഠനങ്ങൽ പറയുന്നത്.

നേച്ചർ മെറ്റബോളിസം ജേണലിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം, ഗ്ലൂക്കോസും ഫ്രക്ടോസും ചേർന്ന മിശ്രിതമാണ് ഏറ്റവും അപകടകാരി. ഈ സംയോജനം വൻകുടലിൽ അർബുദം വളരാൻ കാരണമാകുന്നതായി ഗവേഷകർ കണ്ടെത്തി. പ്രത്യേകിച്ച്, കാൻസർ കോശങ്ങൾ കൂടുതൽ സജീവമാകുകയും വൻകുടലിൽ നിന്നു കരളിലേക്ക് രോഗം അതിവേഗം പടരുകയും ചെയ്യുന്നുവെന്നാണ് നിരീക്ഷണം.

ഗ്ലൂക്കോസോ ഫ്രക്ടോസോ മാത്രം ഉപയോഗിക്കുമ്പോൾ ഇത്ര വലിയ പ്രശ്നം ഉണ്ടായിട്ടില്ല എന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത് . എന്നാൽ ​ഗ്ലൂക്കോസിന്റെയും ഫ്രക്ടോസിന്റെയും മിശ്രിതം ഉപയോഗിക്കുന്നതാണ് പ്രധാന അപകട കാരണമെന്നാണ് കണ്ടെത്തൽ. ആശങ്ക ഉയർത്തുന്ന മറ്റൊരു വസ്തുത, മുതിർന്നവരോടൊപ്പം കുട്ടികളും ഇത്തരം പാനീയങ്ങൾ പതിവായി ഉപയോഗിക്കുന്നതാണ്.

മലാശയ അർബുദം സാധാരണയായി വൻകുടലിന്റെ അവസാന ഭാഗത്തും മലദ്വാരത്തിനടുത്തുമാണ് തുടങ്ങുന്നത്. മുന്തിരിക്കുലയുടെ ആകൃതിയിൽ പ്രത്യക്ഷപ്പെടുന്ന പോളിപ്പുകളായി തുടങ്ങുന്ന ഇവ പിന്നീട് കാൻസറസായി മാറുന്നു. സുരക്ഷിതമായ ഭക്ഷണശീലം പാലിച്ച്, ചിട്ടയായ വ്യായാമം തുടരുകയും, ശരീരഭാരം നിയന്ത്രിക്കുകയും, ലഹരിവസ്തുക്കൾ ഒഴിവാക്കുകയും ചെയ്‌താൽ മലാശയ അർബുദത്തിന്റെ സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു.

Related Posts