Health Wellness

തുടക്കക്കാർ ജിം ഉപേക്ഷിക്കാനുള്ള കാരണം ഇതാണ്; അനന്ത് അംബാനിയുടെ ഫിറ്റ്നസ് പരിശീലകൻ പറയുന്നു

ശരീര ഭാരം കുറയ്ക്കുകയെന്നത് ചിലരുടെയെങ്കിലും ജീവിത ലക്ഷ്യമാണ്. ഇതിനയി, കർശന ഡയറ്റും മണിക്കൂറുകൾ ജിമ്മിൽ ചെലവഴിക്കുന്നവരും കുറച്ചൊന്നുമല്ല. അടുത്തിടെ, ജോൺ എബ്രഹാം, ഹൃത്വിക് റോഷൻ, അനന്ത് അംബാനി എന്നിവരുടെ ഫിറ്റ്നസ് പരിശീലകനായ വിനോദ് ചന്ന ജിമ്മിലെ തുടക്കക്കാർ ചെയ്യുന്ന ചില തെറ്റുകളെക്കുറിച്ച് അൺഫോൾഡ് വിത് സൂരജ്കുമാർ പോഡ്‌കാസ്റ്റിൽ തുറന്നു പറഞ്ഞിരുന്നു. ശരീരം ഭാരം സ്ഥിരമായി നിലനിർത്താൻ പലരും പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

മിക്ക തുടക്കക്കാരും ജിം പെട്ടെന്ന് ഉപേക്ഷിക്കുന്നത് എന്തുകൊണ്ട്?

ഇതിന് നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി, ആളുകൾ സെലിബ്രിറ്റികളെ പിന്തുടരുകയും അവർ ചെയ്യുന്ന കാര്യങ്ങൾ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ, സെലിബ്രിറ്റികൾ വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് അവരുടെ ഫിറ്റാക്കി നിലനിത്തിയതെന്ന് അവർ മനസിലാക്കുന്നില്ല. ഒരു സിനിമയിലെ വേഷത്തിനായി, 3-4 മാസം വരെ കർശനമായ ഭക്ഷണക്രമം, വ്യായാമം, നൃത്തം, ആക്ഷൻ പരിശീലനം എന്നിങ്ങനെയുള്ള തയ്യാറെടുപ്പുകൾ അവർ നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സെലിബ്രിറ്റികളുടെ ശരീര ഘടനയും വ്യത്യസ്ത തരത്തിലാണ്. ഹൃത്വിക് റോഷനെ പോലെയല്ല സൽമാൻ ഖാനും ജോൺ എബ്രഹാമും. ഓരോരുത്തരുടെയും ശരീരഘടനയ്ക്ക് അനുസരിച്ചുള്ള ഫിറ്റ്നസ് ആണ് ലക്ഷ്യമിടുന്നത്. അതിന് അനുസരിച്ചാണ് വർക്ക്ഔട്ടുകൾ ചെയ്യുന്നത്. എന്നാൽ, ആളുകൾ തുടക്കത്തിൽ തന്നെ അവരുമായി സ്വയം താരതമ്യം ചെയ്യുന്നു. ജിമ്മിൽ പോയാൽ വെറും 2-3 മാസത്തിനുള്ളിൽ അവരുടെ ശരീരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഫലം കാണാതെ വരുമ്പോൾ അവർ ജിം ഉപേക്ഷിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടക്കക്കാർ ഒഴിവാക്കേണ്ട തെറ്റുകൾ എന്തൊക്കെയാണ്?

പല തുടക്കക്കാരും ആദ്യ ദിവസം മുതൽ വലിയ രീതിയിൽ വർക്ക്ഔട്ടുകൾ ചെയ്യാൻ തുടങ്ങുന്നു,അതായത്, 6-12 മാസത്തെ തയ്യാറെടുപ്പിനുശേഷം സെലിബ്രിറ്റികൾ ചെയ്യുന്നത് അവർ തുടക്കത്തിൽതന്നെ ചെയ്യുന്നു. പക്ഷേ, അവരുടെ ശരീരം അതിന് തയ്യാറല്ല. അമിതമായ വർക്ക്ഔട്ട് മൂലം അവർക്ക് വേദന, പനി പോലും അനുഭവപ്പെടുന്നു. പിന്നീട് ഇത് എനിക്ക് പറ്റിയതല്ലെന്ന് തോന്നുകയും ഉപേക്ഷിക്കുകയും ചെയ്യുന്നുവെന്ന് വിനോദ് പറഞ്ഞു.

മാർഗനിർദേശത്തിന്റെയും ക്ഷമയുടെയും പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. “അവബോധം, അറിവ്, നിങ്ങളുടെ കഴിവിനനുസരിച്ച് നിങ്ങളെ പടിപടിയായി കൊണ്ടുപോകുന്ന ഒരു നല്ല പരിശീലകൻ എന്നിവയാണ് യഥാർത്ഥത്തിൽ വേണ്ടത്. യൂട്യൂബിൽ പോലും, പരിശീലകൻ തുടക്കക്കാരനാണോ, ഇന്റർമീഡിയറ്റ് ആണോ, അതോ അഡ്വാൻസ്ഡ് ആണോ എന്ന് നിങ്ങൾ അറിയേണ്ടതുണ്ട്. കാരണം, നിങ്ങൾ ഒരു തുടക്കക്കാരനെ പിന്തുടരുകയാണെങ്കിൽ, അയാൾ വരുത്തുന്ന തെറ്റുകൾ നിങ്ങളും ആവർത്തിക്കും.”

Related Posts