Health Homepage Featured Wellness

മദ്യം ഉപേക്ഷിക്കാനാവുന്നില്ലേ? മദ്യത്തിനായി തലച്ചോർ കൊതിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാം

യുഎസിൽ ഏകദേശം 14.5 ദശലക്ഷം ആളുകൾ മദ്യപാനികളാണെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. ചെറിയ അളവിലുള്ള മദ്യത്തിന്റെ ഉപഭോഗം പോലും ആരോഗ്യത്തിന് സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ധരും സംഘടനകളും പലതവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നിട്ടും, എന്തിനാണ് ആളുകൾ മദ്യപിക്കുന്നത്?. ആരോഗ്യത്തിനും കുടുംബ ബന്ധങ്ങൾക്കും ഹാനികരമാകുമ്പോഴും മദ്യം കഴിക്കുന്നത് തുടരാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത് എന്താണ്?.

സ്ക്രിപ്സ് റിസർച്ച് ശാസ്ത്രജ്ഞർ നടത്തിയ ഒരു പുതിയ പഠനത്തിൽ ഇതിനുള്ള ഉത്തരം കണ്ടെത്തി. ബയോളജിക്കൽ സൈക്യാട്രി: ഗ്ലോബൽ ഓപ്പൺ സയൻസിൽ പ്രസിദ്ധീകരിച്ച പഠനം നിർബന്ധിത മദ്യപാനത്തിന് കാരണമായ തലച്ചോറിന്റെ ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്നതാണ്. ആനന്ദത്തിനു പുറമേ ആശ്വാസത്തിനും മദ്യം വേണമെന്നതിനുള്ള സിഗ്നലുകൾ മസ്തിഷ്കം നൽകുന്നത് എങ്ങനെയെന്ന് മൃഗങ്ങളിൽ നടത്തിയ പഠനത്തിൽ ശാസ്ത്രജ്ഞർ പരിശോധിച്ചു. തലച്ചോറിന്റെ മധ്യഭാഗത്തായുള്ള ഒരു ചെറിയ ഭാഗമാണ് സമ്മർദം മാറ്റാൻ മദ്യം വേണമെന്ന തരത്തിൽ സിഗ്നലുകൾ നൽകുന്നതെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.

മദ്യത്തോടുള്ള ആഗ്രഹം ജനിപ്പിക്കുന്നതില്‍ പങ്കുവഹിക്കുന്ന മസ്തിഷ്‌ക്കത്തിലെ ഒരു പ്രധാന ഭാഗം മസ്തിഷ്കത്തിലെ പാരവെൻട്രിക്കുലാർ ന്യൂക്ലിയസ് ഓഫ് തലാമസ് (PVT) ആണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മദ്യം നിര്‍ത്തുമ്പോള്‍ വീണ്ടും ആ ശീലത്തിലേക്ക് മടങ്ങുന്നതിനായി തലച്ചോറിലെ ഈ ഭാഗം സജീവമാകുന്നതായി ശാസ്ത്രജ്ഞർ മനസിലാക്കി. ആനന്ദത്തിനുവേണ്ടിയല്ല, വേദനയിൽ നിന്നും സമ്മർദത്തിൽനിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് പലരും മദ്യം കഴിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ ഫലപ്രദമായി ചികിത്സിക്കുന്നതിന് പുതിയ പഠനം സഹായിച്ചേക്കാം.

മദ്യപിക്കുമ്പോള്‍ ഡൊപമൈന്‍, എന്‍ഡോര്‍ഫിന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. മസ്തിഷ്‌കത്തിന്റെ റിവാര്‍ഡ് സിസ്റ്റത്തെ ഇത് സജീവമാക്കുന്നു. പതിയെ മദ്യത്തിന്റെ ഉപയോഗം ന്യൂറോഅഡാപ്ഷന് കാരണമാകും. അതായത് മസ്തിഷ്‌കത്തിലെ സെല്ലുകളുടെ പ്രവർത്തനത്തിൽ ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്തും. ഇത് തലച്ചോറിലെ കെമിക്കലുകളായ ഡോപാമൈന്‍, ഗ്ലൂട്ടമേറ്റ് എന്നിവയുടെ അളവിലും മാറ്റങ്ങള്‍ കൊണ്ടുവരും. ഇതിലൂടെ റിവാര്‍ഡ് മെമ്മറി പ്രവര്‍ത്തിക്കുകയും വീണ്ടും മദ്യം കഴിക്കാനുള്ള ആസക്തിയുടെ സിഗ്നലുകൾ തലച്ചോർ പുറപ്പെടുവിക്കുകയും ചെയ്യും. ഇതാണ് സംഭവിക്കുന്നത്.

ജനിതകപരമായ കാരണങ്ങള്‍, സമ്മര്‍ദം, ട്രോമ, സൈക്കോളജിക്കല്‍ കാരണങ്ങള്‍, ശീലങ്ങള്‍ എന്നിവയെല്ലാം മദ്യപാനത്തോടുള്ള ആസക്തി വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ കാരണങ്ങളായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. മദ്യപാനം തലച്ചോറിനും കരളിനും കേടുവരുത്തുകയും ദീര്‍ഘകാല നാശത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്. മദ്യം മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽതന്നെ, ചെറിയ അളവിലുള്ള മദ്യ ഉപഭോഗം മാത്രം ആരോഗ്യ വിദഗ്ധർ പ്രാത്സാഹിപ്പിക്കുന്നില്ല.

Related Posts