Health Wellness

വിറ്റാമിൻ ഡി കുറവാണെന്നതിന്റെ 10 ലക്ഷണങ്ങൾ; ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

വിറ്റാമിൻ ഡി കുറവ് പലരും നേരിടുന്നൊരു പ്രശ്നമാണ്. ലോകമെമ്പാടുമുള്ള 1 ബില്യൺ ആളുകളിൽ വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടെന്നാണ് കണക്കുകൾ, അതായത് ആഗോള ജനസംഖ്യയുടെ 50 ശതമാനം പേർക്കും വിറ്റാമിൻ ഡിയുടെ കുറവുണ്ട്.

വിറ്റാമിൻ ഡി, ഹൃദയ പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി ശരീര പ്രവർത്തനങ്ങൾക്ക് പ്രധാനമാണ്. മനുഷ്യ ശരീരത്തിന് 20 മുതൽ 40 ng/mL വരെ വിറ്റാമിൻ ഡി ആവശ്യമാണ്. വിറ്റാമിൻ ഡിയുടെ അളവ് ഇതിനേക്കാൾ കുറവാണെങ്കിൽ ശരീരത്തിലെ പ്രധാന അവയവ പ്രവർത്തനങ്ങളെ ബാധിക്കും. മരുന്നുകൾ കഴിച്ചും സൂര്യപ്രകാശമേറ്റും അല്ലെങ്കിൽ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചും ഈ കുറവ് പരിഹരിക്കാം. വിറ്റാമിൻ ഡി കുറവിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. എപ്പോഴും അസുഖം വരിക

വൈറ്റമിൻ ഡിയുടെ അളവ് കുറയുന്നത് ജലദോഷം, ഫ്ലൂ, അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവ വരാനുള്ള സാധ്യതയുണ്ട്. അസുഖം വരുമ്പോൾ രോഗം ഭേദമാകാനും കൂടുതൽ സമയമെടുത്തേക്കാം.

  1. പേശികളിൽ വേദന

വിറ്റാമിൻ ഡിയുടെ കുറവിന്റെ ഒരു ലക്ഷണം വിട്ടുമാറാത്ത പേശി വേദനയാണ്. പലരും ഇതിനെ വാർധക്യസഹജമായ ആരോഗ്യപ്രശ്നമായി കണക്കാക്കുന്നു. പേശികളുടെ പ്രവർത്തനത്തിൽ വിറ്റാമിൻ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു, അവയുടെ കുറവ് പേശികളുടെ ബലഹീനത, ദീർഘകാല വേദന എന്നിവയ്ക്ക് കാരണമാകും. പേശി വേദന സ്ഥിരമായയി അനുഭവപ്പെടുന്നുണ്ടെങ്കിൽ വിറ്റാമിൻ ഡിയുടെ കുറവ് മൂലമാകാം.

  1. നടുവേദന

കാൽസ്യം ആഗിരണം ചെയ്യാൻ വൈറ്റമിൻ ഡി അത്യാവശ്യമാണ്. അതിനാൽ, വൈറ്റമിൻ ഡിയുടെ അളവ് കുറയുന്നത് സന്ധികളെ ബാധിക്കുന്നു. നടുവിനോ വാരിയെല്ലുകൾക്ക് ചുറ്റുമോ വേദന അനുഭവപ്പെടുന്നെങ്കിൽ ശ്രദ്ധിക്കണം. വിട്ടുമാറാത്ത നടുവേദന വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നതിന്റെ ലക്ഷണമാണ്. വിറ്റാമിൻ ഡിയുടെ കുറവ് അസ്ഥികളെയും പേശികളെയും ദുർബലപ്പെടുത്തുകയും നട്ടെല്ലിന് അധിക ആയാസം നൽകുകയും ചെയ്യും. എല്ലുകൾ പൊട്ടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്തേക്കാം.

  1. എല്ലുകളുടെ പൊട്ടലും ഓസ്റ്റിയോപൊറോസിസും

കാൽസ്യം ആഗിരണം ചെയ്യുന്നതിനും അസ്ഥികളുടെ സാന്ദ്രത നിലനിർത്തുന്നതിനും വിറ്റാമിൻ ഡി അത്യാവശ്യമാണ്. ഇതിന്റെ കുറവ് അസ്ഥികൾ മൃദുവാകുന്നതിനും (ഓസ്റ്റിയോമെലാസിയ) കാരണമാകുകയും ഓസ്റ്റിയോപൊറോസിസിന് കാരണമാവുകയും ചെയ്യും. ഇത് ഒടിവുകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. വിറ്റാമിൻ ഡി കുറവുള്ള മുതിർന്നവരിൽ ചെറിയ വീഴ്ചകളിൽ പോലും ഒടിവുകൾ ഉണ്ടായേക്കാം.

  1. മുടി കൊഴിച്ചിൽ

വൈറ്റമിൻ ഡിയുടെ കുറവുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നമാണ് മുടികൊഴിച്ചിൽ. ഇതിന്റെ അളവ് കുറയുന്നത് മുടിയുടെ കനം കുറയുന്നതിനോ മുടികൊഴിച്ചിലിനോ കാരണമായേക്കാം.

  1. മാനസികാവസ്ഥയിലെ മാറ്റങ്ങൾ

തലച്ചോറിന്റെ പ്രവർത്തനത്തിനും മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ഹോർമോണായ സെറോടോണിന്റെ ഉത്പാദനത്തിനും വിറ്റാമിൻ ഡി അത്യാവശ്യമാണ്. അവയുടെ കുറവ് മാനസികാവസ്ഥയെ ബാധിക്കുകയും ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാവുകയും ചെയ്യും.

  1. ശരീരഭാരം കൂടുക

വിറ്റാമിൻ ഡിയുടെ കുറവ് കൊഴുപ്പ് സംഭരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡി കൊഴുപ്പ് കോശങ്ങളിൽ സംഭരിക്കപ്പെടുന്നു, ഇത് രക്തത്തിൽ ഫലപ്രദമായി രക്തചംക്രമണം നടത്തുന്നത് തടയും. പൊണ്ണത്തടിയുള്ളവരിൽ വിറ്റാമിൻ ഡിയുടെ അളവ് കുറയാനുള്ള സാധ്യത കൂടുതലാണ്. ഈ കുറവ് ഉപാപചയ പ്രവർത്തനത്തെ ബാധിക്കും, ഇത് ശരീരഭാരം നിയന്ത്രിക്കുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുകയും കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാവുകയും ചെയ്യും.

  1. എക്സിമയും ചർമ്മ പ്രശ്നങ്ങളും

വിറ്റാമിൻ ഡിയുടെ കുറവ് ചർമ്മത്തെയും രോഗപ്രതിരോധ പ്രതികരണത്തെയും ബാധിക്കുന്നു. എക്സിമ പോലുള്ള വിട്ടുമാറാത്ത ചർമ്മ അവസ്ഥകളെ ഇവയുടെ കുറവ് വഷളാക്കും.

  1. മുറിവുണങ്ങാൻ താമസം

മുറിവുകളോ വ്രണങ്ങളോ ശസ്ത്രക്രിയ കഴിഞ്ഞുള്ള മുറിവുകളോ ഉണങ്ങാൻ സമയമെടുക്കുന്നെങ്കിൽ ശ്രദ്ധവേണം. ഇത് വൈറ്റമിൻ ഡിയുടെ കുറവ് മൂലമാകാം.

  1. വയർ സംബന്ധമായ പ്രശ്നങ്ങൾ

വിറ്റാമിൻ ഡിയുടെ കുറവ് ഐബിഎസ് (ഇറിറ്റബിൾ ബവൽ സിൻഡ്രോം), വയറിളക്കം, മലബന്ധം തുടങ്ങിയ കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമാകും.

Related Posts