സാലഡുകൾ ആരോഗ്യകരമാണ്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ മിശ്രിതമാണ് സാലഡ്. ഒലിവ് ഓയിൽ, യോഗർട്ട്,എന്നിവയും പലപ്പോഴും ചേർക്കാറുണ്ട്. പലപ്പോഴും സാലഡുകളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ചേരുവയാണ് നാരങ്ങ. ഇവ സാലഡ് രുചികരമാക്കുന്നതിനൊപ്പം ശരീരത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്നും അറിയാം.
- പ്രതിരോധശേഷി വർധിപ്പിക്കുന്നു
നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ ചെറുക്കുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും അത്യാവശ്യമായ ഒരു പോഷകമാണ്. പതിവായി കഴിക്കുന്നത് ജലദോഷം അകറ്റാനും ഊർജം നിലനിർത്താനും സഹായിക്കും.
- ദഹനത്തെ സഹായിക്കുന്നു
നാരങ്ങാനീര് ദഹനരസങ്ങളുടെ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ആമാശയത്തിന് ഭക്ഷണം ദഹിപ്പിക്കാൻ എളുപ്പമാക്കുന്നു. പതിവായി കഴിക്കുന്നത് വയറു വീർക്കുന്നത് കുറയ്ക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
- ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
കുറഞ്ഞ കാലറിയും ഉയർന്ന രുചിയുമുള്ള നാരങ്ങ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഒരു മികച്ച ഓപ്ഷനാണ്. ഇതിലെ സ്വാഭാവിക സംയുക്തങ്ങൾ വയറു നിറയാൻ സഹായിക്കുകയും അനാവശ്യമായ ലഘുഭക്ഷണം കുറയ്ക്കുകയും ചെയ്യും.
- ജലാംശം നിലനിർത്തുന്നു
നാരങ്ങ വെള്ളം കുടിക്കുന്നതോ ഭക്ഷണത്തിൽ നാരങ്ങ നീര് ചേർക്കുന്നതോ മികച്ച ജലാംശം പ്രോത്സാഹിപ്പിക്കും. ഉപാപചയ പ്രവർത്തനങ്ങൾക്കും, ചർമ്മ ആരോഗ്യത്തിനും, മൊത്തത്തിലുള്ള ഊർജത്തിനും ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതുണ്ട്.
- ശരീരത്തെ വിഷവിമുക്തമാക്കുന്നു
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ നാരങ്ങ ശരീരത്തിന്റെ സ്വാഭാവിക വിഷവിമുക്ത പ്രക്രിയയെ സഹായിക്കുന്നു. ശരീരത്തിൽനിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു, ചർമ്മത്തിന് തിളക്കം നൽകുന്നു.
എന്തുകൊണ്ട് സാലഡിൽ നാരങ്ങ നീര് ചേർക്കണം?
സാലഡുകളിൽ നാരങ്ങ ചേർക്കുന്നതിന്റെ ഏറ്റവും പ്രധാന കാരണം പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുന്നതിനാലാണ്. നാരങ്ങയിലെ വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യുന്നത് വർധിപ്പിക്കുന്നു. അതുകൊണ്ടാണ് ആരോഗ്യ വിദഗ്ധർ പലപ്പോഴും ഇലക്കറികൾ ചേർത്ത് സാലഡിനൊപ്പം നാരങ്ങ നീര് ചേർക്കാൻ ആവശ്യപ്പെടുന്നത്.