ശരീര ഭാരം കുറയ്ക്കാനായി ക്ഷമയും സ്ഥിരതയും ആവശ്യമാണ്. ദിവസവും ജിമ്മിൽ പോയതുകൊണ്ടോ കാലറി ഉപഭോഗം നിയന്ത്രിച്ചതുകൊണ്ടോ മാത്രം ശരീര ഭാരം കുറയില്ല. ദൈനംദിന ശീലങ്ങളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കും. ഈ ശീലങ്ങൾ പലരുടെയും സംഭാഷണത്തിന്റെ ഭാഗമാണെങ്കിലും, അവ എല്ലായ്പ്പോഴും പ്രായോഗികമാക്കാറില്ല.
ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചും പതിവായി ടിപ്സുകൾ പങ്കിടുന്ന ഫിറ്റ്നസ് പരിശീലകയാണ് ഗിന അമിൻ. അടുത്തിടെ തനിക്ക് വണ്ണം കുറയ്ക്കാൻ സഹായിച്ച ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി.
- ധാരാളം നടക്കുക
ശരീര ഭാരം കുറയ്ക്കാൻ മണിക്കൂറുകൾ ജിമ്മിൽ ചെലവഴിക്കുന്നതോ ദീർഘമായ ജിം സെഷനുകളോ മാത്രമല്ല ആവശ്യമായിട്ടുള്ളത്. ചെറിയൊരു നടത്തം പോലും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. “ഞാൻ ജിമ്മിന് പുറത്തുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി, ഒരു ദിവസം 10,000 ചുവടുകൾ നടക്കുകയായിരുന്നു എന്റെ ലക്ഷ്യം. ഇതിനായി കൂടുതൽ നടക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഭക്ഷണത്തിന് ശേഷം നടക്കുക, ഫോൺ കോളുകളിൽ ആയിരിക്കുമ്പോൾ നടക്കുക, നടന്നുകൊണ്ട് സ്ക്രോൾ ചെയ്യുക.”
- എല്ലാ ഭക്ഷണത്തിലും പ്രോട്ടീൻ
ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിനെക്കുറിച്ചും ലഘുഭക്ഷണം ഒഴിവാക്കുന്നതിനെക്കുറിച്ചും സംസാരിക്കാം എന്നല്ലാതെ, വിശപ്പ് തോന്നുന്ന സമയത്ത് ഇവയൊക്കെ മറക്കാറുണ്ട്. അപ്പോൾ, ലഘുഭക്ഷണ ആസക്തിക്ക് എന്താണ് പരിഹാരം? പ്രോട്ടീൻ. ”ലഘുഭക്ഷണം ഉപേക്ഷിച്ച് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് കൂടുതൽ നേരം വയറു നിറഞ്ഞിരിക്കാൻ സഹായിച്ചു. രാവിലെ മുട്ടയോ ഗ്രീക്ക് യോഗർട്ടോ, ഉച്ചഭക്ഷണത്തിന് ചിക്കൻ അല്ലെങ്കിൽ ബീഫ്, അത്താഴത്തിന് ചിക്കൻ അല്ലെങ്കിൽ ചെമ്മീൻ, പെട്ടെന്ന് വിശക്കുമ്പോൾ ഒരു പ്രോട്ടീൻ ഷേക്ക് എന്നിവ കഴിച്ചു.”
- ഭാരോദ്വഹനം
പേശികളുടെ വളർച്ചയ്ക്ക് വെയ്റ്റ് ലിഫ്റ്റിങ് സഹായിക്കുന്നു. ആഴ്ചയിൽ 3–4 തവണയുള്ള ശക്തി പരിശീലനം പേശികളെ വളർത്തുകയും അസ്ഥികളുടെ ആരോഗ്യം വർധിപ്പിക്കുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
- നല്ല ഉറക്കം
ഉറക്കത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്, അതിൽ ശരീരഭാരം കുറയ്ക്കുന്നതും ഉൾപ്പെടുന്നു. ഉറക്കക്കുറവ് അനുഭവപ്പെടുമ്പോൾ, താൻ കൂടുതൽ ജങ്ക് ഫുഡ് കഴിക്കുകയും വ്യായാമങ്ങൾ ഒഴിവാക്കുകയും ചെയ്യുമായിരുന്നുവെന്ന് അവർ പറഞ്ഞു. ഉറക്കത്തിന് മുൻഗണന നൽകിയതോടെ എല്ലാം മാറി. രാത്രിയിൽ കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഞാൻ ലക്ഷ്യം വച്ചു, ഉറങ്ങുന്നതിനുമുമ്പ് സ്‌ക്രീൻ നോക്കുന്നത് നിർത്തി.
- മാനസികാവസ്ഥയിലെ മാറ്റം
ആഴ്ചയിൽ ഒരു ദിവസം ഇഷ്ടമുള്ള ഭക്ഷണം കഴിച്ചാൽ ശരീര ഭാരം കുറയ്ക്കുന്നതിനെ ബാധിക്കുമോ എന്നുള്ള ചിന്തകൾ തന്നെ അലട്ടിയിരുന്നതായി അവർ പറഞ്ഞു. തുടക്കത്തിൽ പെട്ടെന്ന് എന്തെങ്കിലും കഴിക്കുകയും, പിന്നീട് അതിനെക്കുറിച്ചോർത്ത് കുറ്റബോധം തോന്നുകയും ചെയ്യുമായിരുന്നു. എന്നാൽ, ഈ ചിന്ത മാറ്റിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും, അതിനെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് നിർത്തി. കുറ്റബോധമില്ലാതെ പതിവ് ദിനചര്യയുമായി മുന്നോട്ടു പോയി.