ന്യൂഡൽഹി: ജീവിതത്തിൽ സന്തോഷമായിരിക്കുക എന്നതാണ് ഏതൊരാളും ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനായി വിവധ മാർഗ്ഗങ്ങൾ കണ്ടെത്തുന്നുവെന്ന് മാത്രം. പുറമെ നിന്ന് നോക്കിയാൽ എല്ലാവരും ആഘോഷിക്കുന്നുണ്ട്, സന്തോഷത്തിലാണ്. എന്നാൽ ആഗോള തലത്തിൽ നടത്തിയ ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത് പുതുതലമുറ അത്ര സന്തുഷ്ടരല്ല എന്നാണ്. കഴിഞ്ഞ വർഷങ്ങളിലത്രയും മധ്യവയസ്കരാണ് അസന്തുഷ്ടരുടെ പട്ടികയിൽ മുൻനിരയിൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് പുതു തലമുറാണ്.
44 രാജ്യങ്ങളിലായി നടത്തിയ ഒരു ആഗോള പഠനത്തിലാണ് പുതിയ കണ്ടെത്തൽ. 12 മുതൽ 28 വയസ്സ് വരെ പ്രായമുള്ളവരിൽ ദുരിതം വർദ്ധിച്ചതായും ഇതോടെ ഏറെക്കാലം അസുന്തഷ്ടരുടെ പട്ടികയിൽ മുൻനിരയിലായിരുന്ന മധ്യവയസ്കരേക്കാൾ ജെൻസികൾ ദുഖിതരാണ് എന്നുമാണ് പുതിയ പഠന റിപ്പോർട്ട് തെളിയിക്കുന്നത്. ഡേവിഡ് ജി. ബ്ലാഞ്ച്ഫ്ലവർ, അലക്സ് ബ്രൈസൺ, സിയാവോയി സു എന്നിവരാണ് ദീർഘകാല സർവേയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
മുൻപ് മധ്യവയസിലാണ് ആളുകളിൽ അസന്തുഷ്ടി വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമായി യുവാക്കളുടെ ദുരിതം ഇപ്പോൾ നേരത്തെ തന്നെ അതിന്റെ പാരമ്യത്തിലെത്തുകയും പിന്നീട് പ്രായത്തിനനുസരിച്ച് കുറയുകയും ചെയ്യുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലാണ് ഈ മാറ്റം ഏറ്റവും കൂടുതൽ പ്രകടമാകുന്നത്, എന്നാൽ മറ്റ് രാജ്യങ്ങളിലും സമാന സാഹചര്യമാണെന്നും പറയപ്പെടുന്നു.
‘സ്കീ സ്ലോപ്പ്’ എന്നാണ് ഈ രീതിയെ വിശേഷിപ്പിക്കുന്നത്. പുതുതലമുറയിൽ കൗമാരത്തിന്റെ അവസാനത്തിലും ഇരുപതുകളുടെ തുടക്കത്തിലും നിരാശയുടെയും ഉത്കണ്ഠയുടെയും അളവ് വലിയതോതിൽ ഉയരുകയും പീന്നീട് ഇത് ക്രമേണ കുറയുകയും ചെയ്യുന്നു. കഴിഞ്ഞ ദശകത്തിൽ യുവാക്കൾക്കിടയിലെ മാനസികാരോഗ്യം വഷളാകുന്നതിലേക്ക് കൂടിയാണ് പഠനം വിരൽ ചൂണ്ടുന്നത്.
സ്മാർട്ട്ഫോണുകളും സോഷ്യൽ മീഡിയയും ഉപയോഗിച്ചുള്ള വളർച്ച, ജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ അനുഭവിക്കേണ്ടി വന്ന മഹാമാരിയുടെ ബുദ്ധിമുട്ടുകൾ, വർദ്ധിച്ചുവരുന്ന സാമ്പത്തിക, സാമൂഹിക സമ്മർദ്ദങ്ങൾ എന്നിവ മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നാണ് പഠനം നടത്തിയവർ പറയുന്നത്. “സ്ക്രീൻ ഉപയോഗവും മാനസികാരോഗ്യവും തമ്മിൽ പരസ്പര ബന്ധമുണ്ടെന്നതിന് തെളിവുകൾ വർദ്ധിച്ചുവരികയാണ്, മാത്രമല്ല ചില കാരണങ്ങളാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ഉണ്ട്.” അലക്സ് ബ്രൈസൺ പറയുന്നു.
വർധിച്ചു വരുന്ന പുതുതലമുറയുടെ അസന്തുഷ്ടി വ്യക്തിപരമായ പ്രശ്നമായി തള്ളികളയാൻ കഴിയില്ല. കാരണം മുതിർന്നവരേക്കാൾ യുവാക്കൾ കൂടുതൽ ദുരിതത്തിലാകുമ്പോൾ ഇന്നത്തെ സമൂഹം ദീർഘകാല പ്രശ്നങ്ങൾ നേരിടുന്നു എന്നാണ് അർത്ഥമാക്കുന്നത്. നഷ്ടപ്പെട്ട സാധ്യതകൾ, മാനസികാരോഗ്യ സേവനങ്ങളുടെ ആവശ്യകത വർദ്ധിക്കൽ, ദുർബലമായ പൗര-സാമ്പത്തിക പങ്കാളിത്തം എന്നിവ സമൂഹത്തെ തന്നെ ബാധിക്കുന്ന വിഷയങ്ങളാണ്. മെച്ചപ്പെട്ട തെളിവുകൾ, ലക്ഷ്യബോധമുള്ള പിന്തുണ, ഡിജിറ്റൽ ഇടങ്ങളുടെ ചിന്താപൂർവ്വമായ നിയന്ത്രണം എന്നിവ ഈ വെല്ലുവിളികളെ നേരിടാൻ ആവശ്യമാണെന്നും അതുവഴി മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും എന്നും രചയിതാക്കൾ ഊന്നിപ്പറയുന്നു.