നീളമുള്ള നല്ല കറുത്ത നിറമുള്ള മുടി ആരാണ് ആഗ്രഹിക്കാത്തത്? മുടി സംരക്ഷണത്തിന് പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിക്കുന്നതാണ് നല്ലത്. നമ്മുടെ അടുക്കളയിൽ സുലഭമായ നെല്ലിക്കയും കറിവേപ്പിലയും മുടി വളർച്ചയ്ക്ക് സഹായിക്കുന്നവയാണ്. തലയോട്ടിയുടെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ നെല്ലിക്കയും കറിവേപ്പിലയും നിറഞ്ഞിരിക്കുന്നു. ഈ പോഷകങ്ങൾ രക്തയോട്ടം വർദ്ധിപ്പിക്കാനും മുടിയുടെ വേരുകളിൽ നിന്ന് അറ്റം വരെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. നെല്ലിക്കയും കറിവേപ്പിലയും നിങ്ങളുടെ മുടിക്ക് എങ്ങനെ ഗുണം ചെയ്യുമെന്ന് നോക്കാം.
നെല്ലിക്കയുടെ ഗുണങ്ങൾ
- വൈറ്റമിൻ സമ്പുഷ്ടം: മിക്ക സിട്രസ് പഴങ്ങളേക്കാളും കൂടുതൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ നിർമ്മിക്കുന്നതിന് മികച്ചതാക്കുന്നു. കൊളാജൻ നിങ്ങളുടെ മുടിയുടെ ശക്തിയും ഇലാസ്തികതയും നിലനിർത്തുന്ന ഒരു പ്രോട്ടീനാണ്.
- രക്തയോട്ടം വർധിപ്പിക്കുന്നു: ഇരുമ്പ് സമ്പുഷ്ടമായതിനാൽ, നെല്ലിക്ക രോമകൂപങ്ങൾക്ക് ചുറ്റുമുള്ള രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുന്നു. കൂടുതൽ ഓക്സിജനും പോഷകങ്ങളും തലയോട്ടിയിൽ എത്തുന്നത് ആരോഗ്യകരമായ വേരുകളും വേഗത്തിലുള്ള മുടി വളർച്ചയും എന്നാണ് അർത്ഥമാക്കുന്നത്.
- അകാല നര കുറയ്ക്കുന്നു: മെലാനിൻ ഉൽപാദനത്തിന് നെല്ലിക്ക സഹായിക്കും. പതിവായി കഴിക്കുന്നത് മുടി നരയ്ക്കുന്നത് വൈകിപ്പിക്കാനും സ്വാഭാവികമായി ഇരുണ്ടതും തിളക്കമുള്ളതുമായി നിലനിർത്താനും സഹായിക്കും.
- മുടിയെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്തുന്നു: ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ മുടി കോശങ്ങളെ ദൈനംദിന നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. നെല്ലിക്ക പതിവായി കഴിക്കുന്നതിലൂടെ, ശക്തവും തിളക്കമുള്ളതുമായ മുടി ലഭിക്കും.
കറിവേപ്പിലയുടെ ഗുണങ്ങൾ
- മുടി കൊഴിച്ചിൽ കുറയ്ക്കുന്നു: കറിവേപ്പിലയിൽ ബീറ്റാ കരോട്ടിൻ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മുടി കൊഴിച്ചിൽ തടയുന്നതിനും മുടിയുടെ മൊത്തത്തിലുള്ള സാന്ദ്രത മെച്ചപ്പെടുത്തുന്നതിനും പ്രധാനമാണ്.
- പ്രോട്ടീൻ കൊണ്ട് നിറഞ്ഞിരിക്കുന്നു: മുടി കെരാറ്റിൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് ഒരു തരം പ്രോട്ടീൻ ആണ്. കറിവേപ്പില ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും എൻസൈമുകളും നൽകുന്നതിലൂടെ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്ന കെരാറ്റിൻ ഉൽപാദനത്തിന് സഹായിക്കുന്നു.
- അകാല നര തടയുന്നു: കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അകാല നരയെ മന്ദഗതിയിലാക്കാനും കട്ടിയുള്ളതും തിളക്കമുള്ളതുമായ മുടി ലഭിക്കാനും സഹായിക്കും.
- തിളക്കം വർദ്ധിപ്പിക്കുന്നു: കറിവേപ്പിലയിലെ വിറ്റാമിൻ എ, ബി, സി, ഇ എന്നിവ മുടിയുടെ ഘടന മെച്ചപ്പെടുത്തും. പതിവായി കഴിക്കുന്നതിലൂടെ, വളരെ പെട്ടെന്ന് തന്നെ മിനുസമാർന്നതും പട്ടുപോലുള്ളതുമായ മുടി നിങ്ങൾക്ക് ലഭിക്കും.
















