Articles Health Homepage Featured

ഐസിഎംആർ പഠനം; കേരളീയരുടേയും ​ഗോവക്കാരുടേയും ആഹാരത്തിൽ പ്രോട്ടീൻ കുറവോ?, എങ്ങനെ പരിഹരിക്കാം?

ഡൽഹി: അടുത്തിടെ പുറത്തുവന്ന ഐസിഎംആറിന്റെ പഠനത്തിൽ കേരളീയരുടേയും ​ഗോവക്കാരുടേയും ആഹാരത്തിൽ പ്രോട്ടീൻ ആവശ്യത്തിനില്ലെന്ന് റിപ്പോർട്ട്. പ്രായപൂർത്തിയായ 18,090 പേരിൽ നടത്തിയ പഠന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. പ്രമേഹവും അമിതവണ്ണവും ഒക്കെ കേരളീയരുടെ ഭക്ഷണശൈലിയിൽ നിന്ന് ഉണ്ടാകുന്നതാണെന്നും പഠനം പറയുന്നു.

കാർബോ ഹൈഡ്രേറ്റുകളുടെ അമിത ഉപഭോ​ഗം ടൈപ്പ് 2 പ്രമേഹം (T2D), അമിതവണ്ണം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് പഠനം പറയുന്നു. ദക്ഷിണേന്ത്യൻ മേഖലയിലെ 87 ശതമാനം പേരും ശുദ്ധീകരിച്ച ധാന്യങ്ങളാണ് ആഹാരത്തിൽ ഉൾപ്പെടുത്തുന്നത്. അന്നജ(കാർബോഹൈഡ്രേറ്റ്)ത്തിന്റെ പ്രധാനസ്രോതസ്സാണ് ധാന്യങ്ങൾ.

കേരളത്തിൽ പ്രോട്ടീൻ ഉൾപ്പെടുന്ന ഭക്ഷണം ഏറ്റവും കുറഞ്ഞ തോതിലാണ് ഉപയോ​ഗിക്കുന്നത്. ആകെ കേരളീയരുടെ ശരീരത്തിലെത്തുന്ന ഊർജത്തിന്റെ 5.7 ശതമാനം മാത്രമാണ് പ്രോട്ടീനിലൂടെ എത്തുന്നത്. ​ഗോവക്കാരിലാവട്ടെ 5.9 ശതമാനവും. ദേശീയ തലത്തിൽ പ്രോട്ടീൻ ഉപഭോ​ഗം 12 ശതമാനമാണ്. എന്നാൽ ഇതും ദേശീയ ഭക്ഷണ മാർ​ഗനിർദേശങ്ങൾ(നാഷണൽ ഡയറ്ററി ​ഗൈഡ്ലൈൻ) ശുപാർശ ചെയ്യുന്ന 15 ശതമാനത്തെക്കാൾ കുറവാണ്.

വെളുത്ത അരി, പൊടിച്ച ധാന്യങ്ങൾ, പഞ്ചസാര തുടങ്ങിയ ​ഗുണമേന്മയില്ലാത്ത ഭക്ഷണമാണ് കേരളീയരുടെ ശരീരത്തിലേക്ക് കൂടുതലായി എത്തുന്നത്. ഇതോടൊപ്പം ഉയർന്ന പൂരിത കൊഴുപ്പ്, കുറഞ്ഞ പ്രോട്ടീൻ എന്നിവയും ഭക്ഷണത്തിൽ പ്രധാനമായും ഉൾപ്പെടുന്നു. രാജ്യത്താകെ പരിശോധിച്ചാലും ജനങ്ങളുടെ അന്നജ ഉപഭോഗവും ശരിയായ രീതിയിലല്ലെന്ന് പഠനം പറയുന്നു. രാജ്യത്ത് ഊർജ ഉപഭോഗത്തിന്റെ 62.3% കാർബോഹൈഡ്രേറ്റിൽ നിന്നാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

രാജ്യത്തെ സംസ്ഥാനങ്ങളെ ആറു മേഖലകളായി തിരിച്ചാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് – ഇന്ത്യ ഡയബെറ്റിസ് സർവേ (ഐസിഎംആർ-ഇന്ത്യബി) എന്ന പഠനം നടത്തിയത്. ഇതിൽ നാലാം ഘട്ടത്തിൻ്റെ ഭാഗമായി 2018- 19 കാലയളവിൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പഠനം നടന്നു. കേരളം ഉൾപ്പെടുന്ന ദക്ഷിണമേഖലയിലെ ഭക്ഷണരീതികളെക്കുറിച്ചുള്ള പഠനത്തിലാണ് പ്രോട്ടീൻ കുറവിനെക്കുറിച്ച് വ്യക്തമാക്കുന്നത്.

ഈ പ്രതിസന്ധി നേരിടുന്നതിനായി ICMR–INDIAB പഠനം ശുപാർശ ചെയ്യുന്ന ഭക്ഷണരീതിയിലെ മാറ്റങ്ങൾ ഇവയാണ്

സസ്യാഹാരം, പാലുത്പനങ്ങൾ, മുട്ട, മത്സ്യം, മാംസം എന്നിവ പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങളാണ്. ഇവ പുതുതായി രോ​ഗനിർണയം ചെയ്യുന്ന ടൈപ്പ് 2 ഡയബെറ്റിസ്, പ്രമേഹപൂർവാവസ്ഥ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.

അന്നജം അടങ്ങിയ ഭക്ഷണങ്ങൾ 5 ശതമാനം കുറച്ച് പകരം ഇവ ഉപയോ​ഗിക്കാനാണ് ഐസിഎംആറിന്റെ നിർദേശം.

പയറുവർഗ്ഗങ്ങളിൽ നിന്നും പയർ പരിപ്പുകളിൽ നിന്നുമുള്ള പ്രോട്ടീനും (Pulses and legumes protein) ഉൾപ്പെടുത്തണമെന്ന് പഠനം നിർദേശിക്കുന്നു.

പൂരിത കൊഴുപ്പ് കുറവായ ഭക്ഷ്യ എണ്ണകളുടെ (edible oils) ഉപയോഗം പ്രോത്സാഹിപ്പിക്കാനും പഠനം ശുപാർശ ചെയ്യുന്നു.

Related Posts