ഒസെംപിക് മരുന്നിന്റെ ഉപയോഗം ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചു. ടൈപ്പ് 2 പ്രമേഹമുളളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ശരീര ഭാരം കുറയ്ക്കുന്നതിനുമാണ് പ്രധാനമായും ഒസെംപിക് മരുന്ന് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ പ്രമേഹ നിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഒസെംപിക് ഉപയോഗത്തിനുള്ള അനുമതി വലിയൊരു മാറ്റത്തിന് ഇടവരുത്തിയേക്കും.
എന്താണ് ഒസെംപിക്?
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവാ നോർഡിസ്‌കിന്റെ സെമാഗ്ലൂറ്റൈഡ് ഇൻജെക്ഷനാണ് ഒസെംപിക്. ടൈപ്പ് 2 പ്രമേഹമുളള രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രധാനമായും സഹായിക്കുന്ന ഒന്നാണ് സെമാഗ്ലൂറ്റൈഡ് മരുന്നിന്റെ ബ്രാൻഡ് നാമമാണ് ഒസെംപിക്. ആഴ്ചയിൽ ഒരു തവണമാത്രം കുത്തിവയ്പ്പായി എടുക്കുന്ന മരുന്നാണിത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ മരുന്ന് സഹായിക്കുന്നു. ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ സാധിക്കാത്ത രോഗികൾക്ക് ഒസെംപിക് ഇൻജെക്ഷൻ കൊടുക്കാൻ സെൻട്രൽ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷനാണ് അനുമതി നൽകിയത്. ശരീരഭാരം കുറയ്ക്കാനും ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്.
ഇത് വെറുമൊരു മരുന്നല്ല. ഭക്ഷണത്തോടുള്ള ആസക്തിയെ നിയന്ത്രിക്കുന്നതിലൂടെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിലനിർത്താൻ സഹായിക്കുന്നതിലൂടെയും ജീവിതശൈലി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഒസെംപിക്കിന്റെ ഗുണങ്ങൾ
ഗ്ലൈസെമിക് നിയന്ത്രണം: രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു, അതുവഴി പ്രമേഹസാധ്യത കുറയ്ക്കുന്നു.
ഹൃദയ സംബന്ധമായ സംരക്ഷണം: ഇന്ത്യയിലെ പ്രമേഹ രോഗികൾക്കുള്ള പ്രധാന ആശങ്കയായ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത ഈ മരുന്ന് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
കരളിന്റെ ആരോഗ്യത്തിന് ഗുണകരം: ഫാറ്റി ലിവർ തടയുന്നതിനുള്ള ഗുണങ്ങൾ ഉണ്ടെന്ന് ആദ്യകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.
അപകടസാധ്യതകളും പാർശ്വഫലങ്ങളും
ഓക്കാനം, ഛർദ്ദി, അല്ലെങ്കിൽ വയറുവേദന പാൻക്രിയാറ്റിസ്, പിത്താശയ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത. ചില ഉപയോക്താക്കളിൽ വൃക്ക സംബന്ധമായ സങ്കീർണതകൾക്കുള്ള സാധ്യതയുണ്ട്. ചിലരിൽ മാനസികാവസ്ഥയിലെ മാറ്റങ്ങൾ അല്ലെങ്കിൽ ഉത്കണ്ഠയ്ക്കുള്ള സാധ്യത.
















