Health Homepage Featured

വൈറ്റമിൻ ഡി കുറവിന്റെ ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ വർധിപ്പിക്കാം

അസ്ഥികളുടെ ആരോഗ്യം, പേശികളുടെ ശക്തി, രോഗപ്രതിരോധശേഷി എന്നിവയിൽ വൈറ്റമിൻ ഡി നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇന്ന്, വൈറ്റമിൻ ഡി കുറവുള്ളവരുടെ എണ്ണം കൂടി വരുന്നുണ്ട്. മരുന്നുകൾ കഴിച്ചും സൂര്യപ്രകാശമേറ്റും അല്ലെങ്കിൽ വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചും ഈ കുറവ് പരിഹരിക്കാവുന്നതാണ്. വൈറ്റമിൻ ഡിയുടെ കുറവ് ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കും.

ഉറക്കം കിട്ടുന്നില്ല: വൈറ്റമിൻ ഡി കുറവാണെന്നതിന്റെ ആദ്യ ലക്ഷണം ഉറക്കം ലഭിക്കാത്തതാണ്. തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ രാത്രിയിൽ അസ്വസ്ഥത നേരിടുന്നുണ്ടാകും.

ക്ഷീണം തോന്നുക: ദിവസം മുഴുവൻ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ വൈറ്റമിൻ ഡി കുറവുണ്ടെന്ന് മനസിലാക്കുക.

മോശം മാനസികാരോഗ്യം: വൈറ്റമിൻ ഡി കുറവുണ്ടെങ്കിൽ വിഷാദവും ഉത്കണ്ഠയും ഉണ്ടാകാം. മോശം മാനസികാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

വിശപ്പില്ലായ്മ: വൈറ്റമിൻ ഡി കുറവുള്ളവർക്ക് വിശപ്പില്ലായ്മ ഉണ്ടാകാം. പലപ്പോഴും നിങ്ങൾക്ക് വിശപ്പ് തോന്നില്ല.

മുടി കൊഴിച്ചിൽ: മുടി കൊഴിച്ചിൽ അനുഭവപ്പെടുകയാണെങ്കിൽ വൈറ്റമിൻ ഡിയുടെ കുറവുണ്ടാകാം. തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കുക.

നടുവേദന: വൈറ്റമിൻ ഡി കുറവുള്ളവർക്ക് സന്ധി വേദന, കാൽമുട്ട് വേദന, നടുവേദന എന്നിവ ഉണ്ടാകാം.

പേശി ബലക്കുറവ്: വൈറ്റമിൻ ഡി കുറവുണ്ടാകുമ്പോൾ, പേശികൾക്ക് ബലക്കുറവ് ഉണ്ടാകും

വിളറിയതും വരണ്ടതുമായ ചർമ്മം: വിളറിയതും വരണ്ടതുമായ ചർമ്മം വൈറ്റമിൻ ഡിയുടെ കുറവിന്റെ ലക്ഷണമാകാം.

വൈറ്റമിൻ ഡി എങ്ങനെ കൂട്ടാം

വൈറ്റമിൻ ഡിയുടെ പ്രധാന ഉറവിടമാണ് അൾട്രാവയലറ്റ് ബി വികരണങ്ങൾ. രാവിലെ 7നും 11നും ഇടയിലുള്ള വെയിലാണ് ഗുണകരം. 30 മുതൽ 40 മിനിറ്റു വരെ വെയിൽ ഏൽക്കുന്നത് വിറ്റാമിൻ ഡിയുടെ സുഗമമായ ആഗിരണത്തിന് സഹായിക്കും. കൂൺ, ബ്രോക്കോളി തുടങ്ങിയവ വിറ്റാമിൻ ഡിയുടെ സമ്പന്നമായ ഉറവിടങ്ങളാണ്. മത്സ്യം, മുട്ട തുടങ്ങിയവയിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇവയൊന്നും സാധ്യമാകാതെ വരുമ്പോൾ ആരോഗ്യവിദഗ്ധൻ്റെ നിർദ്ദേശം തേടാവുന്നതാണ്. വിറ്റാമിൻ ഡി നൽകുന്ന സപ്ലിമെൻ്റുകളും മറ്റും വിദഗ്ധ നിർദ്ദേശത്തോടെ കഴിക്കാം.

Related Posts