Articles Health

ചായക്കൊപ്പം ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ 5 ഭക്ഷണങ്ങൾ

ലരുടെയും ദിനചര്യയിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ഒരു കപ്പ് ചൂടുള്ള ചായ. എന്നാൽ ഈ ഇഷ്ടപാനീയം കുടിക്കുമ്പോൾ അതിനൊപ്പം എന്ത് കഴിക്കുന്നു എന്നത് വളരെ പ്രധാനമാണ്. ചില ഭക്ഷണ കോമ്പിനേഷനുകൾ ചായയുടെ ഗുണങ്ങൾ വർദ്ധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും, മറ്റുചിലതാകട്ടെ വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും പോഷകങ്ങൾ വലിച്ചെടുക്കുന്നത് തടയുകയും ചെയ്യും. ചായ കൂടുതൽ ആരോഗ്യകരവും സംതൃപ്തവുമാക്കാൻ, ഒഴിവാക്കേണ്ടതും കൂട്ടിച്ചേർക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ചറിയാം.

ചായക്കൊപ്പം ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങൾ

പോഷകാഹാര വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ചായയിലെ ‘ടാന്നിൻ’ പോലുള്ള ഘടകങ്ങൾ മറ്റ് ഭക്ഷണങ്ങളുമായി പ്രതിപ്രവർത്തിക്കുന്നത് ദോഷകരമായേക്കാം. അതിനാൽ താഴെ പറയുന്നവ ചായ കുടിക്കുന്ന സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതം.

  1. ഇരുമ്പ് സമ്പുഷ്ടമായ അല്ലെങ്കിൽ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം

പരിപ്പുകൾ, പയർവർഗ്ഗങ്ങൾ, ഇലക്കറികൾ എന്നിവയിൽ ധാരാളമായി കാണപ്പെടുന്ന ഇരുമ്പിന്റെ അംശം ശരീരം വലിച്ചെടുക്കുന്നത് ചായ തടസ്സപ്പെടുത്തും. ചായയിലെ ടാന്നിനുകളും ഓക്സലേറ്റുകളും ഇരുമ്പിന്റെ ആഗിരണത്തെ കുറയ്ക്കുന്നതിനാലാണിത്. വിളർച്ചയുള്ളവർ ഇത് പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം ഭക്ഷണം കഴിച്ചതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞോ അതിന് മുൻപോ മാത്രം ചായ കുടിക്കുക.

  1. കടലമാവ് അല്ലെങ്കിൽ വറുത്ത ലഘുഭക്ഷണങ്ങൾ

സമോസ, പക്കോട, ബജ്ജി തുടങ്ങിയ എണ്ണയിൽ വറുത്തതും കടലമാവ് അടിസ്ഥാനമാക്കിയുള്ളതുമായ സ്നാക്സുകൾ ചായക്കൊപ്പം കഴിക്കുമ്പോൾ ദഹനവ്യവസ്ഥയ്ക്ക് കൂടുതൽ ഭാരമാകും. ചായയിലെ ടാന്നിൻ ചേരുമ്പോൾ ഇത് വയറുവേദന, ഗ്യാസ്, അസ്വസ്ഥത എന്നിവയ്ക്ക് കാരണമായേക്കാം.

  1. സിട്രസ് പഴങ്ങൾ അല്ലെങ്കിൽ പഴങ്ങൾ അടിസ്ഥാനമാക്കിയുള്ള സലാഡുകൾ

നാരങ്ങ, ഓറഞ്ച് പോലുള്ള പഴങ്ങളോ പഴങ്ങൾ ചേർത്ത സാലഡുകളോ ചായക്കൊപ്പം കഴിക്കുന്നത് വയറ്റിൽ അസിഡിറ്റി വർദ്ധിപ്പിക്കാനും ദഹനപ്രശ്നങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. ഇതിന്റെ പുളിപ്പ് ചായയുടെ രുചിയെയും ദഹനത്തെയും ബാധിക്കും.

  1. പാൽ ഉത്പന്നങ്ങൾ

പൂർണ്ണ കൊഴുപ്പുള്ള പാലുൽപ്പന്നങ്ങളോ തൈര് ചേർത്ത വിഭവങ്ങളോ ചായക്കൊപ്പം കഴിക്കുമ്പോൾ, ചായയിലെ ആന്റിഓക്സിഡന്റുകളുടെ ആഗിരണത്തെ അത് കുറയ്ക്കാൻ സാധ്യതയുണ്ട്. സാധാരണ മിൽക്ക് ടീ കുടിക്കുന്നതിൽ പ്രശ്നമില്ല, എന്നാൽ കട്ടിയുള്ള പാലോ തൈരോ മറ്റ് വിഭവങ്ങളോ ചായയുടെ കൂടെ ഒഴിവാക്കുന്നതാണ് നല്ലത്.

  1. അമിത എരിവുള്ളതോ, അസിഡിറ്റി കൂടുതലുള്ളതോ ആയ വിഭവങ്ങൾ

അമിതമായ എരിവോ പുളിയോ ഉള്ള ഭക്ഷണങ്ങൾ ചായയുടെ ചൂടുമായി ചേരുമ്പോൾ വയറിനെ പ്രകോപിപ്പിക്കുകയും അസിഡിറ്റി, ദഹനക്കേട് എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും. പ്രത്യേകിച്ച് ദഹനശേഷി കുറഞ്ഞ ആളുകൾ ഇത് ഒഴിവാക്കണം.

ചായക്കൊപ്പം കഴിക്കേണ്ട 5 ഭക്ഷണങ്ങൾ

ചായയുടെ ഗുണങ്ങളെ പിന്തുണയ്ക്കുകയും ദഹനത്തെ സുഗമമാക്കുകയും ചെയ്യുന്ന ചില ലഘുഭക്ഷണങ്ങൾ ഇവയാണ്.

  1. നാരുകൾ അടങ്ങിയ ലഘുഭക്ഷണങ്ങൾ

മുറുക്ക്, റസ്ക്, ഗോതമ്പ് ബിസ്കറ്റുകൾ, വറുത്ത കപ്പലണ്ടി, മഖാന എന്നിവ ചായക്കൊപ്പം മികച്ചതാണ്. നാരുകൾ അടങ്ങിയ ലഘുഭക്ഷണങ്ങൾ കഫീൻ ശരീരത്തിൽ വേഗത്തിൽ ആഗിരണം ചെയ്യുന്നത് തടയുന്നു. ഇത് അസിഡിറ്റിയും നെഞ്ചെരിച്ചിലും കുറയ്ക്കാൻ സഹായിക്കും.

  1. എളുപ്പം ദഹിക്കുന്ന പ്രോട്ടീൻ ലഘുഭക്ഷണങ്ങൾ

അമിതമായി വറുക്കാത്തതും എണ്ണയില്ലാത്തതുമായ പ്രോട്ടീൻ വിഭവങ്ങൾ നല്ലതാണ്. പുഴുങ്ങിയ മുട്ട, വറുത്ത കടല, പനീർ ക്യൂബുകൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. ഇത് ദഹനത്തിന് ഭാരം കൂട്ടാതെ വയറുനിറഞ്ഞ പ്രതീതി നൽകും.

  1. ഇരുമ്പ് കുറഞ്ഞ ഭക്ഷണങ്ങൾ

ചായയിലെ ടാന്നിൻ കാരണം ഇരുമ്പിന്റെ ആഗിരണം കുറയ്ക്കുന്നതിനാൽ, കുറഞ്ഞ ഇരുമ്പിന്റെ അംശമുള്ള ലഘുഭക്ഷണങ്ങളാണ് സുരക്ഷിതം. പ്ലെയിൻ ബിസ്കറ്റുകൾ, ടോസ്റ്റ്, ഇടിയപ്പം, അരി അടിസ്ഥാനമാക്കിയുള്ള ലഘുഭക്ഷണങ്ങൾ തുടങ്ങിയവ പാൽ ചേർത്ത ചായക്കും കട്ടൻ ചായക്കും ഒരുപോലെ അനുയോജ്യമാണ്.

  1. അസിഡിറ്റി കുറയ്ക്കുന്ന കോമ്പിനേഷനുകൾ

കടുപ്പത്തിലുള്ള ചായ കുടിക്കുന്നവരാണെങ്കിൽ വയറിനെ ശാന്തമാക്കാൻ കഴിയുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം. ഏത്തപ്പഴം, ചെറിയ കഷ്ണം ശർക്കര, ഉപ്പുമാവ് എന്നിവ കഴിക്കാം.

  1. ദഹനത്തെ പിന്തുണയ്ക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത പലഹാരങ്ങൾ

ദഹനത്തെ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത സ്നാക്സുകൾ ചായക്കൊപ്പം മികച്ചതാണ്. അവ വയറുവീർക്കൽ അഥവാ ഗ്യാസ് കുറയ്ക്കാൻ സഹായിക്കും. ചൂടുള്ള ചായയും ഈ മസാലകളും ചേരുമ്പോൾ സംതൃപ്തി നൽകുന്ന, ദഹിക്കാൻ എളുപ്പമുള്ള ഒരു കോമ്പിനേഷൻ ലഭിക്കും.

എപ്പോൾ ചായ കുടിക്കണം?

ചായ കുടിക്കുന്ന സമയവും പ്രധാനമാണ്. വെറുംവയറ്റിൽ ചായ കുടിക്കുന്നത് ഒഴിവാക്കുക. പ്രഭാതഭക്ഷണത്തിന് ശേഷമോ ഉച്ചഭക്ഷണത്തിന് ശേഷമോ ചായ കുടിക്കുന്നതാണ് ഉചിതം. രാത്രി 6 മണിക്ക് ശേഷം ചായ കുടിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.

Related Posts