പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുകയോ ബോധക്ഷയം സംഭവിക്കുകയോ ചെയ്താൽ, ഇരുമ്പിന്റെ അളവ് കുറയുന്നതാവാം കാരണം. ഈ പ്രശ്നം പരിഹരിക്കാൻ ഡോക്ടർമാർ സാധാരണയായി അയൺ ഗുളികകൾ നിർദേശിക്കാറുണ്ടെങ്കിലും, ശരിയായ ഭക്ഷണങ്ങളിലൂടെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാൻ കഴിയുമെന്ന് പലരും മനസിലാക്കുന്നില്ല.
ഫ്ലോറിഡയിൽ നിന്നുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ജോസഫ് സൽഹാബ്, വിളർച്ചയെ ചെറുക്കാനും ഇരുമ്പിന്റെ അളവ് സ്വാഭാവികമായി മെച്ചപ്പെടുത്താനും സഹായിക്കുന്ന ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണ സ്രോതസുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. സപ്ലിമെന്റുകൾ ഒരു പ്രശ്നമല്ലെങ്കിലും, ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ വിളർച്ച പരിഹരിക്കുന്നതിനുള്ള സ്വാഭാവികവും ഫലപ്രദവുമായ മാർഗമാണെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഇൻസ്റ്റഗ്രാം വീഡിയോയിൽ അഭിപ്രായപ്പെട്ടു.
അയൺ ഗുളികകൾ കഴിക്കുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും, ശരീരം ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യുമെന്ന് ഡോ.സൽഹാബ് ഊന്നിപ്പറഞ്ഞു. ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ, പ്രത്യേകിച്ച് മാംസം അടിസ്ഥാനമാക്കിയുള്ള ഓപ്ഷനുകൾമികച്ചതാണ്. ഇത് സ്വാഭാവികമായി ആരോഗ്യകരമായ ഇരുമ്പിന്റെ അളവ് നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്.
ഏറ്റവും കൂടുതൽ ഇരുമ്പ് ആഗിരണം ചെയ്യപ്പെടുന്ന ഭക്ഷണങ്ങളിൽ ബീഫ്, ചിക്കൻ, ടർക്കി, കക്ക, മത്തി എന്നിവ ഉൾപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. വിളർച്ച ബാധിച്ച ആളുകൾക്ക് ഇവ മികച്ച ഭക്ഷണങ്ങളാണ്. ഡോ.സൽഹാബിന്റെ അഭിപ്രായത്തിൽ, സസ്യഭക്ഷണങ്ങളും ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്തുന്നതിന് ഫലപ്രദമാണ്, പ്രത്യേകിച്ച് ആഗിരണം വർദ്ധിപ്പിക്കുന്നതിന് വൈറ്റമിൻ സിയോടൊപ്പം കഴിക്കുമ്പോൾ. സസ്യാഹാരം പിന്തുടരുന്നവർക്ക് പയർ, കടല, വൻപയർ, ടോഫു, ചീര, മത്തങ്ങ വിത്തുകൾ, ക്വിനോവ, ആരോഗ്യകരമായ ഫോർട്ടിഫൈഡ് ധാന്യങ്ങൾ എന്നീ സ്രോതസ്സുകൾ അനുയോജ്യമാണെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് നിർദേശിച്ചു.
വിറ്റാമിൻ സിയുടെ പങ്ക്
ഇരുമ്പ് ആഗിരണം ചെയ്യുന്നതിൽ വൈറ്റമിൻ സി നിർണായക പങ്ക് വഹിക്കുന്നു, അതുകൊണ്ടാണ് ഇവ രണ്ടും ജോടിയാക്കാൻ പലപ്പോഴും ശുപാർശ ചെയ്യുന്നത്, പ്രത്യേകിച്ച് അയൺ ഗുളികകളെ ആശ്രയിക്കുന്നവർക്ക്. പ്രത്യേക വൈറ്റമിൻ സി മരുന്നുകൾ കഴിക്കുന്നതിനുപകരം, ചില ഭക്ഷണങ്ങൾ സ്വാഭാവികമായും രണ്ട് പോഷകങ്ങളും വാഗ്‌ദാനം ചെയ്യുന്നുവെന്നും, ഇവ ഭക്ഷണത്തിലൂടെ മാത്രം ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുമെന്നും ഡോ. സൽഹാബ് ചൂണ്ടിക്കാട്ടി. റെഡ് ഫ്രൂട്ട്, ബെറികൾ, കിവി, പൈനാപ്പിൾ, ഓറഞ്ച് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
















