പലപ്പോഴും ഉറക്കമില്ലായ്മ, മോശം മാനസികാവസ്ഥ അല്ലെങ്കിൽ ഉത്കണ്ഠ എന്നിവയൊക്കെ വൈകിയുള്ള ജോലി സമയമോ അല്ലെങ്കിൽ മോശം ജീവിതശൈലി ശീലങ്ങൾ മൂലമോ ആണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ, ഇവ നിങ്ങൾക്ക് പോഷകാഹാരക്കുറവുണ്ടെന്ന് ശരീരം മുന്നറിയിപ്പ് നൽകുന്നതാകാം.
പോഷകക്കുറവ് പല ആളുകളെയും വ്യത്യസ്തമായിട്ടാണ് ബാധിക്കുന്നത്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും. അതിനാൽ, എല്ലാ അവശ്യ പോഷകങ്ങളും ശരീരത്തിന് ലഭിക്കുന്നു എന്നത് ഉറപ്പാക്കാൻ കഴിയുന്ന സമീകൃതാഹാരം കഴിക്കാൻ വിദഗ്ദ്ധർ നിർദേശിക്കുന്നു.
അടുത്തിടെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.സൗരഭ് സേഥി, ശരീരത്തിലെ ചില പോഷകരക്കുറവും അവയിൽ ഓരോന്നിനും നിങ്ങളുടെ ശരീരം നൽകുന്ന മുന്നറിയിപ്പ് സൂചനകളും ഇൻസ്റ്റഗ്രാം വീഡിയോയിൽ ചൂണ്ടിക്കാട്ടി. “നിങ്ങളുടെ ശരീരം കാണിക്കുന്ന ആദ്യകാല സിഗ്നലുകൾ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ?. നിങ്ങൾക്ക് ക്ഷീണം, മോശം മാനസികാവസ്ഥ, അല്ലെങ്കിൽ ഉത്കഠ്ണ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് വെറും സമ്മർദമല്ല,” ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് അഭിപ്രായപ്പെട്ടു.
- വൈറ്റമിൻ ഡി കുറവ്
ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിന്റെ അഭിപ്രായത്തിൽ, വൈറ്റമിൻ ഡി കുറവിന്റെ ആദ്യ ലക്ഷണം അസ്ഥികളുടെ ബലഹീനതയല്ല. വ്യക്തമായ കാരണമില്ലാതെ വിഷാദം അനുഭവപ്പെടുന്നതാണ്.
- മഗ്നീഷ്യം കുറവ്
മഗ്നീഷ്യം കുറവിന്റെ ആദ്യ ലക്ഷണം പേശിവലിവ് അല്ലെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഉറക്കക്കുറവും വിശദീകരിക്കാനാകാത്ത ഉത്കണ്ഠയുമാണ്.
- ബി12 കുറവ്
ബി12 ന്റെ കുറവിനെ സംബന്ധിച്ചിടത്തോളം, ആദ്യത്തെ ലക്ഷണം വിളർച്ചയല്ലെന്ന് ഡോ.സേഥി വിശദീകരിച്ചു. ബി12 ന്റെ കുറവുണ്ടെങ്കിൽ, നിങ്ങളുടെ കൈകളിൽ മരവിപ്പ്, ക്ഷീണം, മറവി എന്നിവ അനുഭവപ്പെടും.
- പൊട്ടാസ്യം കുറവ്
അടുത്തതായി, പൊട്ടാസ്യം കുറവിന്റെ ആദ്യ ലക്ഷണം അദ്ദേഹം വെളിപ്പെടുത്തി. ഡോക്ടറുടെ അഭിപ്രായത്തിൽ, ഇത് പേശികളുടെ ബലഹീനതയല്ല, മറിച്ച് ഹൃദയമിടിപ്പ് അല്ലെങ്കിൽ ധാരാളം വിയർക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നതാണ്.
- ഒമേഗ-3 കുറവ്
അവസാനമായി, ഒമേഗ-3 കുറവിന്റെ ആദ്യ ലക്ഷണം വരണ്ട ചർമ്മമല്ല. മോശം ശ്രദ്ധയും മുൻകോപവുമാണ്.
















