2022-ൽ ആഗോളതലത്തിൽ ഏറ്റവും സാധാരണമായ മൂന്നാമത്തെ തരം കാൻസർ വൻകുടൽ കാൻസറായിരുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 1.9 ദശലക്ഷത്തിലധികം കേസുകളാണ് കണ്ടെത്തിയത്. 2040 ആകുമ്പോഴേക്കും പ്രതിവർഷം 3.2 ദശലക്ഷം പുതിയ കേസുകളിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. ഇത്തരമൊരു സാഹചര്യത്തിൽ ദൈനംദിന ജീവിതശൈലിയിൽ വൻകുടലിനു ആരോഗ്യകരമായ ശീലങ്ങൾ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്.
നാരുകൾ കഴിക്കുന്നത് ഇവയിൽ ഒന്നാണെങ്കിലും, നാരുകൾക്ക് പുറമെ മറ്റൊരു അവശ്യ പോഷകം കൂടിയുണ്ട്. നമ്മുടെ വൻകുടലിനെ സംരക്ഷിക്കാൻ അത് സഹായിക്കുമെന്ന് ഡോ.കരൺ രാജൻ അടുത്തിടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു. ആ പോഷകം കാൽസ്യം ആണെന്നാണ് എൻഎച്ച്എസ് സർജൻ ഡോ.രാജൻ പറയുന്നത്.
നാരുകൾ ഒഴികെ, ഈ ഒരു പോഷകം ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ നിങ്ങൾക്ക് വൻകുടൽ കാൻസറിനുള്ള സാധ്യത 17 ശതമാനം കുറയ്ക്കാൻ കഴിയുമെന്ന് വൻകുടലിനെ സംരക്ഷിക്കുന്നതിന് ഭക്ഷണത്തിൽ കാൽസ്യം ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടി കൊണ്ട് അദ്ദേഹം സംസാരിച്ചു. 16 വർഷങ്ങളിലായി അര ദശലക്ഷത്തിലധികം സ്ത്രീകളിൽ നടത്തിയ ഒരു പഠനത്തിൽ, വെറും 300 മില്ലിഗ്രാം കാൽസ്യം കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാധ്യത 17 ശതമാനം കുറയ്ക്കുമെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.
“പ്രായം, ശരീര ഭാരം, പുകവലി, വ്യായാമം, ജനിതകശാസ്ത്രം എന്നിവ കണക്കിലെടുത്തിട്ടും ഈ സ്ഥിതിവിവരക്കണക്കുകൾ സത്യമായി തുടരുന്നു,” ഡോ.രാജൻ അഭിപ്രായപ്പെട്ടു. പാലുൽപ്പന്നങ്ങളിൽ നിന്നും സസ്യാധിഷ്ഠിത സ്രോതസ്സുകളിൽ നിന്നുമുള്ള കാൽസ്യത്തിന് വൻകുടൽ കാൻസറിനെതിരെ സമാനമായ സംരക്ഷണ ഫലങ്ങളുണ്ടെന്നതാണ് നല്ല വാർത്തയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൻകുടലിനെ സംരക്ഷിക്കാൻ ഭക്ഷണത്തിൽ കാൽസ്യം എങ്ങനെ ചേർക്കാം?
സർജന്റെ അഭിപ്രായത്തിൽ, മുന്നൂറ് മില്ലിഗ്രാം കാൽസ്യം നിങ്ങളുടെ ദൈനംദിന മൂല്യത്തിന്റെ 30 ശതമാനം മാത്രമാണ്. മാത്രമല്ല, നിങ്ങൾക്ക് ഇത് ഇവയിൽ നിന്ന് ലഭിക്കും:
1 കപ്പ് പാൽ
6 ഔൺസ് പ്ലെയിൻ യോഗർട്ട്
1 കപ്പ് വേവിച്ച കൊളാർഡ് ഗ്രീൻസ്
2 ടേബിൾസ്പൂൺ ചിയ സീഡ്സ് പോലും ഏകദേശം 200 മില്ലിഗ്രാം കാൽസ്യം നൽകുന്നു
അസ്ഥി സംരക്ഷണത്തിനപ്പുറം, കാൽസ്യം വൻകുടലിനെ ആരോഗ്യകരമായി നിലനിർത്തുന്നതായി ഡോ. രാജൻ അഭിപ്രായപ്പെട്ടു. ഈ പദാർത്ഥത്തിന് കുടൽ പാളിക്ക് കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നത് തടയാനും വൻകുടൽ പ്രവേശനക്ഷമത കുറയ്ക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണ സ്രോതസ്സുകളിൽ നിന്ന് ദിവസേന കാൽസ്യം കഴിക്കാൻ അദ്ദേഹം നിർദേശിച്ചു. കാരണം സപ്ലിമെന്റുകളിൽ നിന്നുള്ള കാൽസ്യം വൻകുടൽ കാൻസറിനുള്ള സാധ്യത 9 ശതമാനം മാത്രമേ കുറയ്ക്കുന്നുള്ളൂ. നാരുകൾ അടങ്ങിയ ഭക്ഷണങ്ങളുമായി കാൽസ്യം സ്രോതസുകൾ സംയോജിപ്പിക്കുമ്പോൾ, വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതിന്റെ ഇരട്ടി നേട്ടം നിങ്ങൾ കൈവരിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
















