Articles Health

ചെവിയിൽ കോട്ടൺ ബഡ്‌സ് ഇടുന്നത് ഉടൻ നിർത്തുക; ഈ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും

ചെവിയിൽനിന്നും അഴുക്ക് പുറത്തു കളയാനോ മറ്റെന്തെങ്കിലും അസ്വസ്ഥത തോന്നിയാലോ ഉടനെ ബഡ്സ് ഇടുന്നവരാണ് കൂടുതൽ പേരും. പലരും സാധാരണയായി ചെവിക്കായം അല്ലെങ്കിൽ ഇയർവാക്സ് നീക്കം ചെയ്യാൻ ബഡ്സ് ഉപയോഗിക്കുന്നു. എന്നാൽ, ഈ രീതി നിങ്ങൾക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്.

ഇയർ ബഡ്സ് കൊണ്ടു വാക്സ് എടുക്കുമ്പോൾ പകുതി വാക്സ് മാത്രം ബഡിൽ പറ്റിപ്പിടിക്കുകയും ബാക്കി വാക്സും അഴുക്കും ഉള്ളിലേക്കു തള്ളപ്പെടുകയുമാണ്. ബഡ്സ് ഉപയോഗിക്കുമ്പോൾ ചെവിയിൽ വാക്സ് കൂടിക്കൂടി അടിയാൻ ഇടയാകുന്നു. ശരിയായ രീതിയിൽ ബട്‌സ് ഉപയോഗിച്ചില്ലെങ്കിൽ ചെവിയുടെ കർണ്ണപടത്തിന് പോറൽ സംഭവിക്കാനും സാധ്യത കൂടുതലാണ്. ഇത്തരത്തിൽ സംഭവിക്കുന്ന മുറിവുകൾ അണുബാധയിലേയ്ക്ക് നയിക്കാം.

നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളെയും പോലെ ചെവികളും സ്വയം വൃത്തിയാക്കുന്നു. എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവകലാശാല എന്നിവിടങ്ങളിൽ പരിശീലനം നേടിയ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റുമായ ഡോ.സൗരഭ് സേഥി ഇവ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

“ഇയർ കനാലിലേക്ക് ബഡ്സ് തിരുകരുത്. ഉത്പന്നത്തിന്റെ മുന്നറിയിപ്പ് ലേബൽ അങ്ങനെ ചെയ്യരുതെന്ന് ഉണ്ടായിരുന്നിട്ടും, പലരും ഇപ്പോഴും അവ തിരുകി കയറ്റുന്നു. ഇത് ദോഷം വരുത്തുമെന്ന് ഡോക്ടർ പറഞ്ഞു. ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിന്റെ അഭിപ്രായത്തിൽ, നിങ്ങളുടെ ചെവികൾ സ്വയം വൃത്തിയാക്കുന്നു, അധികമാകുമ്പോൾ ചെവിക്കായം സ്വാഭാവികമായി പുറത്തേക്ക് വരികയും ചെയ്യുന്നു. ബഡ്സ് ഉപയോഗിക്കുമ്പോൾ നമ്മൾ ചെവിക്കായം കൂടുതൽ ഉള്ളിലേക്ക് തള്ളുകയാണ്. ഇത് ഇയർ കനാലിൽ തടസ്സുമുണ്ടാക്കുകയും ചെവിവേദന, അണുബാധ എന്നീ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.

70 ശതമാനം ചെവിയുടെ പരുക്കുകളും ബഡ്സുകൾ മൂലമാണ്

ചെവിയുടെ പരുക്കുകളിൽ 70 ശതമാനത്തിലധികവും ബഡ്സ് ഉപയോഗിക്കുന്നത് മൂലമാണെന്ന് 2017-ൽ ജേണൽ ഓഫ് പീഡിയാട്രിക്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനവും ഡോക്ടർ ചൂണ്ടിക്കാട്ടി. ബഡ്സിന്റെ ഉപയോഗം നിങ്ങൾക്ക് സംതൃപ്തി നൽകുമെന്ന് അറിയാം. പക്ഷ, ഈ താത്ക്കാലിക ആശ്വാസം കേൾവിശക്തി നഷ്ടപ്പെടാൻ കാരണമായേക്കാമെന്നും സൗരഭ് സേഥി പറയുന്നു.

പലരുടെയും ചെവിയിൽ വൃത്തിയാക്കാൻ തക്ക വിധത്തിലുള്ള അഴുക്കു രൂപപ്പെടാറില്ല. ചെവി വൃത്തിയാക്കേണ്ട ഒരു അടിയന്തര സാഹചര്യം വന്നാൽ ഉടൻ തന്നെ ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടുക. ഡോക്ടർ ചെവി വൃത്തിയാക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗമെന്ന് തിരിച്ചറിയുക.

Related Posts