ആരോഗ്യകരമായ ശരീരത്തിന് വൈറ്റമിനുകളും ധാതുക്കളും അടക്കമുള്ള പോഷകങ്ങൾ ആവശ്യമാണ്. അവയിൽ, കാൽസ്യവും വൈറ്റമിൻ ഡിയും വളരെ പ്രധാനമാണ്. എന്നാൽ, പലരും ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റൊന്നിനെ അവഗണിക്കുകയും ചെയ്യുന്നു എന്നതാണ് സത്യം. രണ്ടും അസ്ഥികളുടെ ആരോഗ്യത്തിന് മാത്രമല്ല, പേശികളുടെ ശക്തി, നാഡികളുടെ പ്രവർത്തനം, പ്രതിരോധശേഷി എന്നിവയ്ക്ക് ആവശ്യമാണ്. ഏതാണ് കൂടുതൽ പ്രധാനം, നമുക്ക് യഥാർത്ഥത്തിൽ എത്രത്തോളം ആവശ്യമാണ്, അവ എങ്ങനെ ലഭിക്കും എന്നിവ മനസിലാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിൽ വളരെയധികം വ്യത്യാസം വരുത്തും.
കാൽസ്യവും വൈറ്റമിൻ ഡിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെയാണ്. കാൽസ്യം എല്ലുകളുടെയും പല്ലുകളുടെയും രൂപീകരണത്തിനും പരിപാലനത്തിനും സഹായിക്കുന്നു, അതേസമയം വൈറ്റമിൻ ഡി ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു. വൈറ്റമിൻ ഡി ഇല്ലാതെ, കാൽസ്യം അടങ്ങിയ ഭക്ഷണം പോലും പാഴായിപ്പോകും. അതുകൊണ്ടാണ് ഡോക്ടർമാർ പലപ്പോഴും രണ്ട് പോഷകങ്ങളും ഒരുമിച്ച് ശുപാർശ ചെയ്യുന്നത്, പ്രത്യേകിച്ച് വളരുന്ന കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക്.
ശരീരത്തിൽ ഓരോന്നും വഹിക്കുന്ന പങ്ക്
കാൽസ്യം അസ്ഥികളെ ശക്തിപ്പെടുത്തുന്നതിനെക്കാൾ കൂടുതൽ ചെയ്യുന്നു. ഇത് പേശികളെ ചുരുങ്ങാനും, ഞരമ്പുകൾക്ക് സിഗ്നലുകൾ കൈമാറാനും, ഹൃദയമിടിപ്പ് സ്ഥിരമായി മിടിക്കാനും സഹായിക്കുന്നു. വൈറ്റമിൻ ഡി ഒരു ഹോർമോണിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഇത് കുടലുകളെ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു, രോഗപ്രതിരോധ ശേഷി ശക്തമായി നിലനിർത്തുന്നു, വീക്കം കുറയ്ക്കുന്നു.
ഏതാണ് കൂടുതൽ പ്രധാനം?
രണ്ടും ഒരുപോലെ പ്രധാനമാണ്, പക്ഷേ വ്യത്യസ്ത രീതികളിലാണ്. കാൽസ്യം ഘടന നൽകുന്നു; വിറ്റാമിൻ ഡി ഘടന ഉറച്ചുനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഒരു വീട് പണിയുന്നത് പോലെ ചിന്തിക്കുക: കാൽസ്യം ഇഷ്ടികയാണ്, വൈറ്റമിൻ ഡി അവയെ ഒരുമിച്ച് നിർത്തുന്ന സിമന്റാണ്.
എന്നിരുന്നാലും, ഒരാൾക്ക് ഇവയിലൊന്ന് തിരഞ്ഞെടുക്കേണ്ടിവന്നാൽ, വൈറ്റമിൻ ഡി മുന്നിട്ടുനിൽക്കുന്നു, കാരണം അതില്ലാതെ കാൽസ്യത്തിന് അതിന്റെ ജോലി കാര്യക്ഷമമായി ചെയ്യാൻ കഴിയില്ല. അതിനാൽ, നല്ല വൈറ്റമിൻ ഡി അളവ് നിലനിർത്തുന്നത് കാൽസ്യത്തിന്റെ ഗുണങ്ങൾ പരമാവധിയാക്കാൻ സഹായിക്കുന്നു.
പ്രതിദിനം എത്ര ആവശ്യമാണ്?
കാൽസ്യം
മുതിർന്നവർ (19–50 വയസ്): പ്രതിദിനം 1000 മില്ലിഗ്രാം
50 വയസിനു മുകളിലുള്ള സ്ത്രീകൾക്കും 70 വയസിനു മുകളിലുള്ള പുരുഷന്മാർക്കും: പ്രതിദിനം 1200 മില്ലിഗ്രാം
കൗമാരക്കാർ (9–18 വയസ്): പ്രതിദിനം 1300 മില്ലിഗ്രാം
വൈറ്റമിൻ ഡി
മുതിർന്നവർ: പ്രതിദിനം 600 IU (15 mcg)
മുതിർന്നവർ (70 വയസിനു മുകളിൽ): പ്രതിദിനം 800 IU (20 mcg)
സൂര്യപ്രകാശം, ഭക്ഷണക്രമം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ആശ്രയിച്ച് ഈ സംഖ്യകൾ വ്യത്യാസപ്പെടാം.
അവ ലഭിക്കാനുള്ള മാർഗം
കാൽസ്യം സ്രോതസുകൾ: പാൽ, തൈര്, പനീർ, റാഗി, എള്ള്, ചീര, കാലെ പോലുള്ള ഇലക്കറികൾ.
വൈറ്റമിൻ ഡി സ്രോതസുകൾ: സൂര്യപ്രകാശം ഏറ്റവും മികച്ചതും പ്രകൃതിദത്തവുമായ ഉറവിടമാണ്. രാവിലെ 15-20 മിനിറ്റ് സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കും. കൊഴുപ്പുള്ള മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, പാൽ അല്ലെങ്കിൽ ഓറഞ്ച് ജ്യൂസ് പോലുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ എന്നിവ സൂര്യപ്രകാശം പരിമിതമാകുമ്പോൾ സഹായിക്കും.
















