Articles Health

ജ്യൂസ് മുതൽ ചിപ്സ് വരെ, ആരോഗ്യം നശിപ്പിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ; ഡോക്ടറുടെ മുന്നറിയിപ്പ്

രോഗ്യകരമെന്ന് കരുതി കഴിക്കുന്ന പല ഭക്ഷണങ്ങളും യഥാർത്ഥത്തിൽ ശരീരത്തിന് ദോഷകരമാകുമോ? ചെന്നൈയിൽ നിന്നുള്ള ഡോക്ടർ ഡോ. പ്രീതി മൃണാളിനി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിവരങ്ങൾ ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. ‘ഹെൽത്തി’ എന്ന് ലേബൽ ചെയ്ത് വിപണിയിലെത്തുന്ന അഞ്ച് ഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയെയും ശുദ്ധീകരിച്ച എണ്ണകളെയും കുറിച്ചാണ് അവർ മുന്നറിയിപ്പ് നൽകുന്നത്.

  1. ഗ്രനോള

ആരോഗ്യകരമായ പ്രഭാതഭക്ഷണമായി പലരും ഗ്രനോള തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന പാക്കറ്റ് ഗ്രനോളകളിൽ വലിയ അളവിൽ പഞ്ചസാരയും കാലറിയും അടങ്ങിയിട്ടുണ്ട്. ഇവയിൽ രുചി വർദ്ധിപ്പിക്കാൻ ചേർക്കുന്ന ശുദ്ധീകരിച്ച എണ്ണകളും ആരോഗ്യത്തിന് നല്ലതല്ല. പകരമായി, വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഗ്രനോളയോ അല്ലെങ്കിൽ അണ്ടിപ്പരിപ്പുകളും വിത്തുകളും ചേർത്ത പ്ലെയിൻ ഓട്സോ ഉപയോഗിക്കാം.

  1. പ്രോട്ടീൻ ബാറുകൾ

ഫിറ്റ്‌നസ് പ്രേമികളുടെ ഇഷ്ട ഭക്ഷണമാണിത്. എന്നാൽ പല പ്രോട്ടീൻ ബാറുകളും പഞ്ചസാരയും പാം ഓയിലും നിറഞ്ഞ മിഠായികൾക്ക് തുല്യമാണ്. ഒരു ബാറിൽ ഏകദേശം 15-25 ഗ്രാം പഞ്ചസാരയും 400 വരെ കാലറിയും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനു പകരമായി പുഴുങ്ങിയ മുട്ടയോടൊപ്പം ഏതെങ്കിലും പഴങ്ങളോ പ്ലെയിൻ ഗ്രീക്ക് തൈരോ കഴിക്കുന്നത് പ്രോട്ടീൻ ലഭിക്കാൻ കൂടുതൽ ഗുണകരമാണ്.

  1. ഫ്ലേവർഡ് യോഗർട്ട്

‘ലോ ഫാറ്റ്’ എന്ന് ലേബൽ ചെയ്തിട്ടുണ്ടെങ്കിലും, ഫ്ലേവർഡ് തൈരുകളിൽ അമിതമായ അളവിൽ കൃത്രിമ മധുരവും സുഗന്ധങ്ങളും ചേർക്കുന്നുണ്ട്. ഇത് ശരീരഭാരം കൂടാൻ കാരണമാകും. സാധാരണ കട്ടത്തൈരോ അല്ലെങ്കിൽ ഗ്രീക്ക് തൈരോ വാങ്ങി അതിൽ ഫ്രഷ് പഴങ്ങൾ ചേർത്ത് കഴിക്കുക.

  1. പഴച്ചാറുകൾ

പഴങ്ങൾ നേരിട്ട് കഴിക്കുന്നതിന് പകരം ജ്യൂസ് ആക്കി കുടിക്കുന്നത് അത്ര നല്ലതല്ല. ജ്യൂസ് ആക്കുമ്പോൾ പഴങ്ങളിലെ നാരുകൾ നഷ്ടപ്പെടുകയും പഞ്ചസാരയുടെ അളവ് പെട്ടെന്ന് രക്തത്തിൽ കലരുകയും ചെയ്യുന്നു. ഇത് വിശപ്പ് കൂടാനും ഇൻസുലിൻ വ്യതിയാനത്തിനും കാരണമാകും. എപ്പോഴും പഴങ്ങൾ ജ്യൂസ് അടിക്കാതെ നേരിട്ട് കഴിക്കുക.

  1. വെജിറ്റബിൾ ചിപ്‌സ്

ഉരുളക്കിഴങ്ങ് ചിപ്‌സിന് പകരമായി പലരും വെജിറ്റബിൾ ചിപ്‌സ് തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ ഇവയും വറുത്തെടുക്കുന്നവയാണ്. സാധാരണ ചിപ്‌സിലുള്ള അത്ര തന്നെ ഉപ്പും കൊഴുപ്പും ഇവയിലും അടങ്ങിയിട്ടുണ്ട്.

പലപ്പോഴും പാക്കിങ്ങിലെ ആകർഷകമായ വാക്കുകൾ കണ്ട് നമ്മൾ വഞ്ചിതരാകാറുണ്ട്. ഒരു ഭക്ഷണം വാങ്ങുന്നതിന് മുൻപ് അതിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ കൃത്യമായി പരിശോധിക്കണമെന്നും ഡോ.പ്രീതി ഓർമ്മിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണശീലം എന്നത് പുറമെ കാണുന്ന തിളക്കത്തിലല്ല, മറിച്ച് നാം തിരഞ്ഞെടുക്കുന്ന ഗുണമേന്മയുള്ള ചേരുവകളിലാണെന്ന് അവർ വ്യക്തമാക്കുന്നു.

Related Posts