Articles Health

ജലദോഷവും കഫക്കെട്ടും പമ്പകടക്കും; അടുക്കളയിലെ ഈ ചേരുവകൾ ഉപയോഗിക്കൂ

ശൈത്യകാലം പടിവാതിൽക്കൽ എത്തിനിൽക്കെ, പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ് വിട്ടുമാറാത്ത ജലദോഷവും കഫക്കെട്ടും. അന്തരീക്ഷ താപനില കുറയുന്നത് ലക്ഷണങ്ങൾ കൂടുതൽ വഷളാക്കാൻ കാരണമാകാറുണ്ട്. ഈ സാഹചര്യത്തിൽ, മരുന്നുകളെ മാത്രം ആശ്രയിക്കാതെ അടുക്കളയിലെ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് പ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുകയാണ് മുംബൈയിലെ ന്യൂട്രീഷ്യനിസ്റ്റ് ശ്വേത ഷാ.

നമ്മുടെ വീടുകളിൽ എപ്പോഴും ലഭ്യമായ ആറ് ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഈ പാനീയം ജലദോഷവും കഫക്കെട്ടും നീക്കം ചെയ്യാൻ സഹായിക്കും.

ആവശ്യമായ ചേരുവകൾ

കുരുമുളക് – 2 എണ്ണം

ഗ്രാമ്പൂ – 2 എണ്ണം

അയമോദകം – ഒരു നുള്ള്

ഉണങ്ങിയ ഇഞ്ചിപ്പൊടി (അല്ലെങ്കിൽ ചുക്ക്) – ഒരു നുള്ള്

ബ്ലാക്ക് സാൾട്ട് – ഒരു നുള്ള്

ശർക്കര പൊടി – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം എടുക്കുക. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും വെള്ളത്തിലേക്ക് ചേർക്കുക. ഈ മിശ്രിതം നന്നായി തിളപ്പിക്കുക. വെള്ളം പകുതിയായി കുറയുന്നത് വരെ തിളപ്പിക്കുന്നത് തുടരുക. ചെറുചൂടോടെ ഈ പാനീയം കുടിക്കുക.

ഗുണങ്ങൾ എന്തെല്ലാം?

ഈ പാനീയം കുടിക്കുന്നതിലൂടെ നാല് പ്രധാന ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നതെന്ന് ശ്വേത ഷാ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ശ്വാസനാളത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കഫത്തെ അലിയിച്ചു കളയാൻ സഹായിക്കുന്നു. നെഞ്ചിലെ അസ്വസ്ഥതകൾ കുറച്ച് സുഗമമായി ശ്വസിക്കാൻ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി-ഓക്സിഡന്റുകൾ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. അയമോദകവും ചുക്കും ദഹനപ്രക്രിയയെ സഹായിക്കുന്ന ഘടകങ്ങളാണ്.

ഇത് ലളിതമായ ഒരു വീട്ടുവൈദ്യമാണ്. കഠിനമായ ശ്വാസതടസമോ വിട്ടുമാറാത്ത പനിയോ ഉണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.

Related Posts