Articles Health Homepage Featured

പൈനാപ്പിളിന് പകരം പപ്പായ, കിവിക്ക് പകരം പേരയ്ക്ക; വില കൂടിയ പഴങ്ങൾ മറന്നേക്കൂ, പകരം ഇവ ആസ്വദിക്കൂ

വിദേശ പഴങ്ങളും സൂപ്പർ ഫുഡുകളും ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അവയുടെ വില പലപ്പോഴും സാധാരണക്കാർക്ക് താങ്ങാനാവില്ല. അവക്കാഡോയും കിവിയും ഡ്രാഗൺ ഫ്രൂട്ടുമൊക്കെ നൽകുന്ന അതേ പോഷകഗുണങ്ങൾ നമ്മുടെ നാട്ടിൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മറ്റ് പഴങ്ങളിലൂടെയും ലഭിക്കുമെന്ന് ചൂണ്ടിക്കാണിക്കുകയാണ് പോഷകാഹാര വിദഗ്ധ ഖുശി ഛബ്ര. വിലകൂടിയ അഞ്ച് പഴങ്ങൾക്ക് പകരമായി നമുക്ക് സുലഭമായി വാങ്ങാവുന്ന അഞ്ച് പോഷകസമൃദ്ധമായ ബദലുകളെക്കുറിച്ച് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

  1. അവക്കാഡോയ്ക്ക് പകരം മത്തങ്ങ വിത്തുകൾ

ഹൃദയാരോഗ്യത്തിനും ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും ദഹനത്തിനും സഹായിക്കുന്ന നല്ല കൊഴുപ്പും, നാരുകളും, മഗ്നീഷ്യവും അവക്കാഡോയിൽ ധാരാളമുണ്ട്. എന്നാൽ ഇതിന് പകരമായി മത്തങ്ങ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സാലഡുകളിലോ സ്മൂത്തികളിലോ ചേർത്തോ വറുത്തോ കഴിക്കാവുന്ന ഇവ പോഷകങ്ങളുടെ കാര്യത്തിൽ അവക്കാഡോയ്ക്ക് തുല്യമാണ്.

  1. പൈനാപ്പിളിന് പകരം പപ്പായ

ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും വൈറ്റമിൻ സിയുമാണ് പൈനാപ്പിളിനെ ഗുണമേന്മയുള്ളതാക്കുന്നത്. ഇതേ ഗുണങ്ങൾ നമ്മുടെ നാട്ടിലെ പപ്പായയിൽ നിന്നും ലഭിക്കും. ദഹനപ്രക്രിയ സുഗമമാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും പപ്പായ മികച്ചതാണ്.

  1. ചെറിക്ക് പകരം ഉണങ്ങിയ പ്ലം

ഹൃദയാരോഗ്യത്തിനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ചെറി. എന്നാൽ വിപണിയിൽ ഇതിന് വലിയ വിലയാണ്. ചെറിക്ക് പകരമായി ഉണങ്ങിയ പ്ലം ഉപയോഗിക്കുന്നത് പോക്കറ്റ് ചോരാതെ തന്നെ സമാനമായ ഗുണങ്ങൾ ലഭിക്കാൻ സഹായിക്കും.

  1. കിവിക്ക് പകരം പേരയ്ക്ക

വൈറ്റമിൻ സി യുടെ കലവറയായാണ് കിവി അറിയപ്പെടുന്നത്. എന്നാൽ കിവിയിലുള്ളതിനേക്കാൾ കൂടുതൽ വൈറ്റമിൻ സി നമ്മുടെ പേരയ്ക്കയിൽ ഉണ്ടെന്നതാണ് വാസ്തവം. ചർമ്മത്തിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും പേരയ്ക്കയോളം മികച്ച മറ്റൊരു ഫലമില്ല. കിവിക്ക് നൽകുന്ന ഉയർന്ന വിലയുമായി താരതമ്യം ചെയ്യുമ്പോൾ പേരയ്ക്ക വളരെ ലാഭകരമാണ്.

  1. ഡ്രാഗൺ ഫ്രൂട്ടിന് പകരം മാതളനാരങ്ങ

ഇരുമ്പ് സത്തും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയതാണ് ഡ്രാഗൺ ഫ്രൂട്ട്. എന്നാൽ വിപണിയിൽ എപ്പോഴും ലഭ്യമായ മാതളനാരങ്ങ ഇതേ ഗുണങ്ങൾ നൽകുന്നതോടൊപ്പം ഡ്രാഗൺ ഫ്രൂട്ടിനേക്കാൾ വില കുറഞ്ഞതുമാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ മാതളനാരങ്ങ ഏറെ ഉത്തമമാണ്.

ആരോഗ്യകരമായ ജീവിതത്തിന് എപ്പോഴും വിലകൂടിയ വിദേശ പഴങ്ങൾ തന്നെ വേണമെന്നില്ല. നമ്മുടെ പരിസരങ്ങളിൽ ലഭ്യമാകുന്ന ഇത്തരം നാടൻ ഭക്ഷണങ്ങളിലൂടെയും മികച്ച ആരോഗ്യം നിലനിർത്താം.

Related Posts